Skip to main content

സൈഫുദ്ദീന്‍ കിച്‌ലി

ആള്‍ ഇന്ത്യാ മുസ്‌ലിംലീഗിന് വേണ്ടി പ്രവര്‍ത്തിക്കുകയും മുസ്‌ലിംലീഗ് പാക്കിസ്താന് വേണ്ടി സംസാരിച്ചപ്പോള്‍ ലീഗിനെ ഒഴിവാക്കുകയും ചെയ്ത വ്യക്തിത്വം. ഇന്ത്യാ വിഭജനത്തെ ശകതിയായി എതിര്‍ക്കുകയും അത് ദേശീയതയ്ക്കു പകരം വര്‍ഗീയതയാണ് കൊണ്ടുവരിക എന്ന്  പ്രവചിക്കുകയും ചെയ്ത ദീര്‍ഘദര്‍ശി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യാ വിഭജനത്തെ അനുകൂലിക്കുകയും ഇന്ത്യ വിഭജിക്കപ്പെടുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് വിട്ട ദേശസ്‌നേഹി. വിഭജനാനന്തരം വീടും സ്വത്തും വര്‍ഗീയവാദികള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ മൗനമവലംബിച്ച മഹാത്യാഗി. അതാണ് സൈഫുദ്ദീന്‍ കിച്‌ലി.

1888 ജനുവരി 15ന് കാബീരീ കുടുംബമായ അസീസുദ്ദീന്‍ കിച്‌ലിയുടെയും ഡാന്‍ ബീവിയുടെയും മകനായി പഞ്ചാബിലെ അമൃത്‌സറിലാണ് സൈഫുദ്ദീന്‍ കിച്‌ലി ജനിക്കുന്നത്. 1871ല്‍ കശ്മീരില്‍ ഉണ്ടായ കടുത്ത ക്ഷാമത്തെ തുടര്‍ന്നാണ് ഈ കുടുംബം കശ്മീര്‍ വിട്ട് പഞ്ചാബിലെത്തുന്നത്. അമൃത്‌സറിലെ ഇസ്‌ലാമിക് ഹൈസ്‌ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം ഡിഗ്രി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും P.H.D ജര്‍മന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കി. ശേഷം ഇന്ത്യയില്‍ തന്നെ നിയമത്തില്‍

 

തന്റെ ജന്മസ്ഥലമായ അമൃത്‌സര്‍ തന്നെയാണ് കിച്‌ലി നിയമ പരിശീലനത്തിനായും തെരഞ്ഞെടുത്തത്. 1919ല്‍ അമൃത്‌സറിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ ഗാന്ധിജിയുടെ അടുത്ത ആളായിത്തീര്‍ന്ന കിച്‌ലി നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി തന്റെ ഉദ്യോഗം ഉപേക്ഷിച്ചു. അതോടൊപ്പം തന്നെ ഖിലാഫത്ത് പ്രസ്ഥാനത്തിലും ഫ്രീഡം മൂവ്‌മെന്റിലും സജീവ പങ്കാളിയായി.

ഇന്ത്യന്‍ ദേശീയതയെ രാജ്യത്തുടനീളം ഉയര്‍ത്തിക്കാട്ടിയ മഹദ് വ്യക്തിത്വമായിരുന്നു സൈഫുദ്ദീന്‍ കിച്‌ലി. റൗലത്ത് ആക്ടിനെ എതിര്‍ക്കുകയും ഭരണകൂടത്തിന്നെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ ഗാന്ധിജി, ഡോ: സത്യപാല്‍ എന്നിവരുടെ കൂടെ സൈഫുദ്ദീന്‍ കിച്‌ലിയെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചു കൊണ്ട് ജനങ്ങള്‍ ജാലിയന്‍ വാലാബാഗിലെ മൈതാനത്ത് ഒരുമിച്ച് കൂടി. അവിടെ കൂടിയ ജനങ്ങളെ നിഷ്ഠൂരം തോക്കിനിരയാക്കിയ ജനറല്‍ ഡയറിന്റെ നടപടി ഇന്ത്യന്‍ ജനതയെ പ്രകമ്പനം കൊള്ളിച്ചു. ജാലിയന്‍ വാലാബാഗ് സംഭവത്തിന് ശേഷമാണ് ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ മോഹം പൂര്‍വാധികം അണപൊട്ടിയൊഴുകിയത്. 1919ലായിരുന്നു ഈ സംഭവം.

ഇന്ത്യന്‍ സ്വാതന്ത്രത്തിനു വേണ്ടി നിരന്തരം പോരാടിയ കിച്‌ലിയുടെ ജീവിതത്തില്‍ ജയില്‍വാസം ഒരു തുടര്‍ക്കഥയായിരുന്നു. 1919 നും 1947നു മിടക്ക് 14 വര്‍ഷമാണ് കിച്‌ലി ജയില്‍വാസമനുഭവിച്ചത്. എ. ഐ. സി. സിയുടെ ജനറല്‍ സെക്രട്ടറിയാവുകയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവാവുകയും ചെയ്ത അദ്ദേഹം ലക്ഷക്കണക്കിന് യുവജനങ്ങളെ സ്വാതന്ത്ര്യ സമരത്തില്‍ അണിനിരത്തുന്നതില്‍ വിജയിച്ചു. കേന്ദ്ര സര്‍വകലാശാലയായ ജാമിഅമില്ലിയ്യ ഇസ്‌ലാമിയ്യയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു കിച്‌ലി.

മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാനത്തിനു വേണ്ടി കിച്‌ലി 'തന്‍സീം' എന്ന ഒരു ഉര്‍ദു പത്രം ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിലേക്ക് യുവാക്കളെ എത്തിക്കുന്നതിനും ഹിന്ദു മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി ഒരു ആശ്രമവും തുടങ്ങി. സ്വാതന്ത്ര്യാനന്തരം കലാപകാരികള്‍ വീടും സ്വത്തും അഗ്നിക്കിരയാക്കിയതോടെ അദ്ദേഹം പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റി. വിഭജനാനന്തരം കോണ്‍ഗ്രസുമായി അകന്ന ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. സോവിയറ്റ് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ സൈഫുദ്ദീന്‍ കിച്‌ലി 1952ല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 'സ്റ്റാലിന്‍ സമാധാന പുരസ്‌കാര'ത്തിന് അര്‍ഹനായി.

അഞ്ചു പെണ്‍മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നാലു പേരെയും വിവാഹം ചെയ്തത് പാക്കിസ്താനിലേക്കായിരുന്നു. ഒരു മകളെ വിവാഹം കഴിച്ചത് ഹിന്ദുമത വിശ്വാസിയും, സംഗീത സംവിധായകനുമായ എം. ബി ശ്രീനിവാസന്‍ ആയിരുന്നു (സാഹിദകിച്‌ലി). അവസാന കാലത്ത് തന്റെ മകന്റെ കൂടെ ജീവിച്ച അദ്ദേഹം 1963 ഒക്ടോബര്‍ 9ന് ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോള്‍ 75 വയസ്സായിരുന്നു പ്രായം.

Feedback