Skip to main content

ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരി

പാകിസ്താന്‍ വാദികള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റിനും അശാന്തിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രേമികള്‍ക്ക് ആവേശവും, അതേസമയം രോഗികള്‍ക്ക് ആശ്വാസവുമായി മാറിയ മഹദ് വ്യക്തിത്വത്തിന്റെ പേരാണ് ഡോ. മുഖ്താര്‍ അഹമ്മദ് അന്‍സാരി.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിം ലീഗിന്റെയും അധ്യക്ഷ പദവി അലങ്കരിച്ച അദ്ദേഹം ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ നേതാവായിരുന്നു.

1880 ഡിസംബര്‍ 25ന് ഉത്തര്‍ പ്രദേശിലെ യൂസുഫ് പൂര്‍ ഗ്രാമത്തിലാണ് മുഖ്താര്‍ അഹ്്മദ് ജനിക്കുന്നത്.  സ്‌കൂള്‍ പഠനത്തിന് ശേഷം അന്‍സാരി മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേരുകയും അവിടെ നിന്ന് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിന് ചേരുകയും ചെയ്തു.  ഇംഗ്ലണ്ടില്‍ നിന്ന് M.D.bpw M.G Dw കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ ലണ്ടന്‍ ലേക്ക് ഹോസ്പിറ്റലിലും ചാരിറ്റ് ക്രോസ് ഹോസ്പിറ്റലിലും നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച അദ്ദേഹം സര്‍ജറിയില്‍ പുതിയ ഇന്ത്യന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി.  അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഇന്ന് 'അന്‍സാരി വാര്‍ഡ്'  എന്ന ഒരു വാര്‍ഡ് ചാരിറ്റ് ക്രോസ് ഹോസ്പിറ്റലിലുണ്ട്.

ലണ്ടനില്‍ ജോലി ചെയ്യുന്ന സമയത്തു തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന അന്‍സാരി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം വളരെ സജീവമായി സമര പ്രസ്ഥാനങ്ങളില്‍ പങ്കെടുത്തു.  1916ലെ ലഖ്‌നോ പാക്റ്റില്‍ ഏറ്റവും പ്രധാന റോള്‍ കൈകാര്യം ചെയ്ത അന്‍സാരി 1918-1920 കാലഘട്ടത്തില്‍ മുസ്്‌ലിം ലീഗിന്റെ പ്രസിഡണ്ടായിരുന്നു. പിന്നീട് ജിന്നയുടെ മുസ്്‌ലിം വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗ് വിടുകയും മഹാത്മാഗാന്ധിയുടെ അടുത്ത ആളായി മാറുകയും ചെയ്തു.  ഖിലാഫത്ത് പ്രസ്ഥാനത്തെ അതിശക്തമായി പിന്തുണച്ച അന്‍സാരി ബാള്‍ക്കന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ചികിത്സിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ മിഷനെ നയിച്ചിരുന്നു.

ദാറുസ്സലാം (സമാധാനഗേഹം) എന്നായിരുന്നു അദ്ദേഹത്തിന്റെ വീടിന്റെ പേര്. നിരവധി രോഗികള്‍ക്കുള്ള സമാധാന ഗേഹമായിരുന്നു അത്.  സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുക്കുമ്പോഴും ഒരു ഭിഷഗ്വരനെന്ന നിലയില്‍ രോഗികളോടുള്ള തന്റെ കടമ നിര്‍വഹിച്ചു പോന്നു.

മഹാത്മാഗാന്ധി ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ അന്‍സാരിയായിരുന്നു ആതിഥ്യമരുളിയിരുന്നത്. അത് കൊണ്ടു തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ വീട് ഒരു കോണ്‍ഗ്രസ് ഭവനമായും പ്രവര്‍ത്തിച്ചു.  മഹാത്മാ ഗാന്ധിയുമായുള്ള സൗഹൃദം ഏറെ ആസ്വദിച്ചിരുന്ന അന്‍സാരി, ഗാന്ധി തത്ത്വങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.  ഗാന്ധിജിയോടെന്ന പോലെ മൗലാനാ ആസാദുമായും ജിന്നയുമായുമൊക്കെ അന്‍സാരി അടുത്ത സൗഹൃദം പുലര്‍ത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തും സേവനരംഗത്തും സജീവമായി പ്രവര്‍ത്തിച്ച അന്‍സാരി 1936 മെയ് 10ല്‍ മസൂറിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ഹൃദയാഘാതം നിമിത്തം അന്തരിച്ചു. ജാമിഅ മില്ലിയ്യയുടെ അങ്കണത്തിലാണ് അദ്ദേഹത്തെ ഖബറടക്കിയത്.

അന്‍സാരിയുടെ മരണശേഷം ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ ഒരു പാതയ്ക്ക് 'അന്‍സാരി റോഡ്' എന്ന പേരു നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
 
 

Feedback