Skip to main content

ജോര്‍ദാന്‍

22

വിസ്തീര്‍ണം : 88,794 ച.കി.മി
ജനസംഖ്യ : 9,912,000 (2017)
അതിരുകള്‍ : വടക്ക്, സിറിയ, തെക്ക് സുഊദി അറേബ്യ, കിഴക്ക് ഇറാഖ്, പടിഞ്ഞാറ് ഫലസ്തീന്‍/ ഇസ്രായേല്‍
തലസ്ഥാനം : അമ്മാന്‍
മതം : ഇസ്‌ലാം
ഭാഷ : അറബിക്ക്
കറന്‍സി : ജോര്‍ദാനിയന്‍ ദീനാര്‍
വരുമാന മാര്‍ഗം : പ്രകൃതി നിക്ഷേപം, ഒലീവ്, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 12,487 ഡോളര്‍ (2017)

ചരിത്രം:
പ്രവാചകന്‍ ഇബ്‌റാഹീം നബി(അ)യുടെ അയല്‍ നാടും, ലൂത്ത് നബി(അ)യുടെ സമൂഹമായ സദൂമിന്റെ ആവാസകേന്ദ്രവുമാണ് ജോര്‍ദാന്‍. തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. തന്റെ കത്തുകള്‍ തള്ളിക്കളയുകയും ദൂതന്മാരെ വധിക്കുകയും ചെയ്ത സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍കാരുടെ നടപടി മുഹമ്മദ് നബി(സ)യെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്ക് സീസറിന്റെ സഹായവും ലഭിച്ചിരുന്നു. തിരുനബി അവരുടെ അഹങ്കാരത്തിന് മറുപടി നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മുഅ്ത യുദ്ധം നടന്നത്. ജോര്‍ദാന്റെ അതിര്‍ത്തിയിലാണ് മുഅ്ത. അന്ന് മുസ്‌ലിം സേനക്ക് പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷംമുസ്‌ലിംകള്‍ ജോര്‍ദാന്‍ പിടിച്ചു; യര്‍മൂക്ക് യുദ്ധത്തിലൂടെ. റോമാക്കാര്‍ അന്ന് നാമാവശേഷരായി.

ജോര്‍ദാന്‍ നദിയുടെ കിഴക്കെ കരയില്‍, അഫ്രിക്ക, എഷ്യ, യൂറോപ്പ് വന്‍കരകള്‍ക്ക് അതിരിടുന്ന മധ്യേഷ്യയിലെ അറബ് രാജ്യമാണ് ജോര്‍ദാന്‍ (അല്‍ ഉര്‍ദൂന്‍). നബാനിയന്‍ ഭരണത്തില്‍ നിന്ന് ക്രി.വ 106ല്‍ റോമക്കാര്‍ പിടിച്ചു. അവരില്‍ നിന്ന് 634ല്‍ മുസ്‌ലിംകളും പിടിച്ചു. അമവി, അബ്ബാസി, മംലൂക്കി, തുര്‍ക്കി ഭരണങ്ങളിലൂടെ നൂറ്റാണ്ടുകള്‍ ഇസ്‌ലാമിനു കീഴിലായിരുന്നു ജോര്‍ദാന്‍. ഒന്നാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തുര്‍ക്കി ഭരണകൂടത്തിനു കീഴിലെസ്ഥലങ്ങള്‍ ബ്രിട്ടനും ഫ്രാന്‍സും ഓഹരിവെച്ചു. അങ്ങനെ 1920ല്‍ ജോര്‍ദാന്‍ബ്രിട്ടന്റെ മാന്‍ഡേറ്ററിയായി. അന്നത്തെ മക്ക ഗവര്‍ണറായിരുന്ന ശരീഫ് ഹുസൈന്റെ മകന്‍ അബ്ദുല്ലയെ അമീറാക്കുകയും ചെയ്തു. കുരിശുയുദ്ധ ജേതാവ്സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ചരിത്രസ്മാരകങ്ങളും ഇവിടെയുണ്ട്.
1946ലെ ലണ്ടന്‍ ഉടമ്പടിയനുസരിച്ച് മാന്‍ഡേറ്ററി ഭരണം അവസാനിച്ചപ്പോള്‍ ജോര്‍ദാന്‍ രാജ ഭരണത്തിനു കീഴിലായി. ഹാശിമേറ്റ്കിങ്ഡം ഓഫ് ഉര്‍ദൂനിയ്യ (ജോര്‍ദാന്‍) ആയി. 1949ല്‍ അതുവരെ അറിയപ്പെട്ടിരുന്ന ട്രാന്‍സ് ജോര്‍ദാന്‍ എന്ന പേരുമാറ്റി ജോര്‍ദാന്‍ എന്നാക്കുകയും ചെയ്തു.

1948, 56, 67, 73 വര്‍ഷങ്ങളില്‍ നടന്ന അറബ്- ഇസ്‌റായേല്‍ യുദ്ധങ്ങളില്‍ അറബ് പക്ഷത്തുനിന്ന് പോരാടാന്‍ ജോര്‍ദാനുമുണ്ടായിരുന്നു. 2011ലെ'അറബ് വസന്ത'ത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ സുതാര്യനടപടികളും ജനാധിപത്യ ശാക്തീകരണവും ജനക്ഷേമ പരിപാടികളും നടപ്പാക്കി ജോര്‍ദാന്‍ ശ്രദ്ധേയമായി. അബ്ദുല്ല രണ്ടാമനാണ് ഇപ്പോഴത്തെ (2018) രാജാവ്.

ജനസംഖ്യയില്‍ 95 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 93 ശതമാനവും സുന്നിവിഭാഗവും. നാലു ശതമാനം ക്രിസ്ത്യാനികളും. ചാവുകടല്‍, സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യുബിയുടെ അജ്‌ലോന്‍ കോട്ട തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.
 

Feedback