Skip to main content

കസാഖ്‌സ്താന്‍

12

വിസ്തീര്‍ണം : 2,724,900 ച. കി.മി
ജനസംഖ്യ : 18,049,000 (2017)
അതിരുകള്‍ : വടക്കു പടിഞ്ഞാറ് റഷ്യ, കിഴക്ക് ചൈന, തെക്ക് കിര്‍ഗിസ്താന്‍, തുര്‍ക്കുമനിസ്താന്‍, തെക്കുകിഴക്ക് കാസ്പിയന്‍ കടല്‍
തലസ്ഥാനം : അസ്താന
മതം : ഇല്ല (70% മുസ്‌ലിംകള്‍)
കറന്‍സി: ടെങ്കെ
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, നെല്ല്, ഗോതമ്പ്, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 11,000ഡോളര്‍ (2016)

ചരിത്രം:

കസാഖ്‌സ്താനില്‍ ഇസ്‌ലാം എത്തുന്നത് ക്രിസ്താബ്ദം എട്ടാം ശതകത്തില്‍ അമവി ഭരണകാലത്താണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ രംഗപ്രവേശത്തോടെയാണിത്. തുടര്‍ന്നു വന്ന സാമാനിയ ഭരണകാലത്ത് ഇസ്‌ലാം കൂടുതല്‍ വ്യാപിച്ചു. കസാഖ്‌സ്താനിലെ ബഹുഭൂരിപക്ഷം പേരും ഇസ്‌ലാം തെരഞ്ഞെടുത്തു. എന്നാല്‍ റഷ്യന്‍ ഭരണകൂടം നിലവില്‍ വന്നതോടെ ചിത്രം മാറി. കമ്യുണിസ്റ്റ് ഭരണത്തില്‍ മതങ്ങളും മത മുല്യങ്ങളും മതപ്രബോധനവും നിലച്ചുപോയി. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നിടങ്ങളില്‍മാത്രം മത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുപോന്നു ഇക്കാലത്ത്.

സാര്‍ ഭരണകാലത്തും തുടര്‍ന്ന് റഷ്യന്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ് ഭരണ കാലത്തും ഇവിടെ മതസ്വാതന്ത്ര്യം നാമമാത്രമായിരുന്നു. റഷ്യക്കാര്‍ വന്‍തോതില്‍ ഇങ്ങോട്ടു കുടിയേറിയതോടെ കസാഖുകാര്‍ പുറംനാടുകളില്‍ അലയേണ്ടിവന്നു. ഇതിനുപറമെ സോവിയറ്റ് റഷ്യ നടപ്പാക്കിയ കൂട്ടുകൃഷി സമ്പ്രദായം കസാഖുകളെ പട്ടിണിയിലാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മരിക്കുകയുണ്ടായി.

റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് 1991ലാണ് കസാഖ്‌സ്താന്‍ സ്വതന്ത്രമായത്. പിന്നിട്ഇവിടെ ജനാധിപത്യ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടു. ഭരണഘടനയില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു. ജനസംഖ്യയില്‍ 70 ശതമാനവും (2009ലെ കണക്ക്) മുസ്‌ലിംകളാണ്. രാജ്യം സ്വതന്ത്രമായതു മുതല്‍ 2019 വരെ നൂര്‍ സുല്‍താന്‍ നസര്‍ബയേവ് ആയിരുന്നു കസാഖ് പ്രസിഡന്‍റ്. 2019 മാര്‍ച്ച് മുതല്‍ കസ്യം ജോമര്‍ത് റ്റോക്യേവ് ആണ് തത്സാനത്തിരിക്കുന്നത്.  2017ലെ ഭരണഘടനാ പരിഷ്‌കാരത്തെ തുടര്‍ന്ന് രാജ്യത്ത് പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കപ്പെട്ടു. 

തുര്‍ക്കി, ഈജിപ്ത്, സുഊദി അറേബ്യ എന്നിവയുടെ സഹായത്തോടെ നൂറുകണക്കിന് മസ്ജിദുകള്‍ ഇവിടെ ഇതിനകം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എണ്ണ, പ്രകൃതിവാതകം, ടെക്‌സ്റ്റൈല്‍സ് എന്നിവയാല്‍ സമ്പുഷ്ടമായ കസാഖ്‌സ്താന്‍ ലോകത്തെ ഏറ്റവും വലിയ യുറേനിയം കയറ്റുമതി രാജ്യങ്ങളിലൊന്നാണ്.
 

Feedback
  • Wednesday Oct 23, 2024
  • Rabia ath-Thani 19 1446