Skip to main content

മലേഷ്യ

37

വിസ്തീര്‍ണം : 330,290 ച.കി.മി
ജനസംഖ്യ : 32,165,000 (2017)
അതിരുകള്‍ : മൂന്നു ഭാഗവും ചൈനാകടല്‍, അവശേഷിക്കുന്ന ഭാഗം തായ്‌ലാന്‍ഡ്
തലസ്ഥാനം : ക്വാലാലമ്പൂര്‍
മതം : ഇസ്‌ലാം
ഭാഷ : മലായ്
നാണയം : റിംഗിറ്റ്
വരുമാനം : പെട്രോളിയം, പ്രകൃതി വാതകം, റബര്‍, പാമോയില്‍
പ്രതിശീര്‍ഷ വരുമാനം : 28,871 (2016)

ചരിത്രം:

ഇരുപത് മില്യനിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന ദ്വീപുകള്‍ കൂടിച്ചേര്‍ന്ന രാജ്യമാണ് മലേഷ്യ. അഥവാ മൊത്തം ജനസംഖ്യയുടെ 62 ശതമാനം. ഭരണഘടനയില്‍ ഔദ്യോഗിക മതമായി ഇസ്‌ലാമിനെ എഴുതിച്ചേര്‍ത്തിട്ടില്ല. എന്നാല്‍ 13 സംസ്ഥാനങ്ങളില്‍ മിക്കതിലും മുസ്‌ലിംകളാണ് ഭൂരിപക്ഷം. ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ചുകൊണ്ട് തന്നെ രാജ്യം ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കുമെന്നാണ് മുന്‍ പ്രധാനമന്ത്രി തുംകു അബ്ദുറഹ്മാനും മറ്റൊരു പ്രധാന മന്ത്രിയായിരുന്ന ഇസൈന്‍ ഓനും പ്രഖ്യാപിച്ചത്. ലോകത്തെ മികച്ച ഇസ്‌ലാമിക കലാശാലയായ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാല സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാലാലമ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. ഹജ്ജ് തീര്‍ഥാടനം സംഘടിപ്പിക്കാനും തീര്‍ഥാടകര്‍ക്ക് സഹായം നല്‍കാനുമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഹജ്ജ് ഫണ്ട് ബോര്‍ഡും (TABUNG HAJI) പ്രവര്‍ത്തിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളില്‍ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടന്നു. എന്നാല്‍ മതേതര സര്‍ക്കാര്‍ എന്ന നിലക്ക് അത് മലേഷ്യന്‍ ഗവണ്‍മെന്റ് തടയുകയായിരുന്നു. നിലവിലെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും മലേഷ്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

പ്രാചീനകാലത്ത് മലേഷ്യയില്‍ ഹിന്ദുമതമാണ് പ്രചരിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ചൈനിയില്‍ നിന്നുമുള്ള വ്യാപാരികള്‍ എ ഡി ഒന്നാം നൂറ്റാണ്ടില്‍ രാജ്യത്ത് എത്തിയിരുന്നു. എന്നാല്‍ 12ാം നൂറ്റാണ്ടില്‍ (ഏഴാം നൂറ്റാണ്ടിലാണെന്നും പറയപ്പെടുന്നു) അറബ് വ്യാപാരികള്‍ ഇവിടെയെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം കച്ചവടക്കാരും വന്നു. ഇതിനിടെയാണ് മലായിലെ ഹിന്ദു രാജാവായിരുന്ന ഫ്രഓങ് മഹാവങ്‌സ ഇസ്‌ലാം സ്വീകരിച്ച് മുളഫ്ഫര്‍ ഷാ ആയത്. 1303ല്‍ പരമേശ്വര രാജാവ് ഇസ്‌ക്കന്ദര്‍ ഷായായിമലാക്കയിലെആദ്യ സുല്‍ത്താനായി. ഇതേ തുടര്‍ന്ന് അന്നാട്ടിലെ പ്രജകളും തങ്ങളുടെ സുല്‍ത്താനെ പിന്തുടര്‍ന്നു. അങ്ങനെയാണ് ദക്ഷിണ പൂര്‍വേഷ്യയിലേക്ക് ഇസ്‌ലാമെത്തുന്നത്.

1511ല്‍ പോര്‍ച്ചുഗീസുകാരും 1641ല്‍ ഡച്ചുകാരും 1786ല്‍ ബ്രിട്ടീഷുകാരും മലായ്‌യെ കീഴടക്കി. അവരാണ് റബര്‍ തോട്ടങ്ങളുണ്ടാക്കി അതിലേക്ക്ഇന്ത്യന്‍, ചൈനിസ് തൊഴിലാളികളെ കൊണ്ടുവന്നത്. 1946ല്‍പതിനൊന്ന് സ്റ്റേറ്റുകളെ ഏകീകരിച്ച് യൂണിയന്‍ ഓഫ് മലായ് രൂപവത്കരിക്കപ്പെട്ടു. 1948ല്‍ ഫെഡറേഷനുമായി. 1957 ആഗസ്ത് 3ന് സ്വാതന്ത്ര്യം ലഭിച്ച ഫെഡറേഷനില്‍ നിന്ന് സിങ്കപ്പൂര്‍ പിരിഞ്ഞുപോയി. അവശേഷിച്ച സ്റ്റേറ്റുകള്‍ ചേര്‍ന്നാണ് മലേഷ്യയുണ്ടായത്.

ഏഷ്യയിലെമികച്ച രാജ്യമായി മലേഷ്യയെ മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രിമാരായ തുംകു അബ്ദുറഹ്മാന്‍, മഹാതീര്‍ മുഹമ്മദ്, തുന്‍ അബ്ദുറസാഖ് എന്നിവര്‍ക്ക് സാധിച്ചു. ലോകത്തെ 29ാമത്തെ സാമ്പത്തിക ശക്തിയാണ് മലേഷ്യ. കൂടുതല്‍ കാലം മലേഷ്യന്‍ പ്രധാനമന്ത്രി പദത്തിലിരുന്ന മഹാതീര്‍ മുഹമ്മദിനു ശേഷം മുഹ്യുദ്ദീന്‍ യാസിന്‍ ആണ് ഇപ്പോഴത്തെ(2020) ഭരണാധികാരി.

Feedback