Skip to main content

ലബനാന്‍

44

വിസ്തീര്‍ണം : 10452 ച.കി.മി
ജനസംഖ്യ : 6,693,000 (2017)
അതിരുകള്‍ : പടിഞ്ഞാറ് മധ്യ ധരണ്യാഴി. വടക്ക് കിഴക്ക് സിറിയ, തെക്ക് ഇസ്‌റാഈല്‍
തലസ്ഥാനം : ബെയ്‌റൂത്ത്
മതം : ഇല്ല (54 % മുസ്‌ലിംകള്‍)
ഭാഷ : അറബി, ഫ്രഞ്ച്
നാണയം : ലബനാനി പൗണ്ട്
വരുമാന മാര്‍ഗം : ഇരുമ്പ്, മുന്തിരി, ഓറഞ്ച്, ആപ്പ്ള്‍
പ്രതിശീര്‍ഷവരുമാനം : 11,615 ഡോളര്‍

ചരിത്രം:
സെമിറ്റിക് വര്‍ഗങ്ങളില്‍പെട്ട ഫിനിഷ്യരുടെആവാസ കേന്ദ്രമായ ഫിനീഷ്യയാണ് പില്‍ക്കാലത്ത് ലബനാന്‍ ആയത്. ദേശാന്തര വ്യാപാരികളായിരുന്നു ഫിനിഷ്യക്കാര്‍. റോമന്‍ അധികാരത്തിനു കീഴിലെത്തിയ ലബനാന്‍, ഖലീഫ ഉമറി(റ)ന്റെ കാലത്താണ് ഇസ്‌ലാമിക ഭരണത്തിലെത്തുന്നത്. അന്ന് ശാം പ്രദേശത്തിന്റെ ഭാഗമാണ് ലബനാന്‍. അമവി, അബ്ബാസി ഖിലാഫത്തിനു ശേഷം പല കൈകള്‍ മറിഞ്ഞ് ഉഥ്മാനിയ സാമ്രാജ്യത്തിലുമെത്തി.

മുസ്‌ലിം, ക്രൈസ്തവ കലഹങ്ങള്‍ നിരന്തരം ഉണ്ടായപ്പോള്‍ ലബനാന്‍ കുന്നുകള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ ഭരണകുടം സ്ഥാപിക്കാന്‍ ഫ്രാന്‍സ് ശ്രമിച്ചു. എന്നാല്‍ സിറിയ വിസമ്മതിക്കുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധംകഴിഞ്ഞപ്പോള്‍ തുര്‍ക്കി ഖിലാഫത്ത് (ഉഥ്മാനിയ) തകരുകയും സിറിയന്‍ മേഖല ഫ്രാന്‍സിനു ലഭിക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ പഴയ നീക്കം സജീവമാക്കുകയും സിറിയയില്‍ നിന്ന് ലബനാന്‍ സംസ്ഥാനത്തെ വേര്‍പ്പെടുത്തി 1944ല്‍ സ്വതന്ത്ര രാഷ്ട്രമാക്കുകയും ചെയ്തു.

പ്രസിഡന്റ് പദവി ക്രൈസ്തവര്‍ക്കും പ്രധാനമന്ത്രി പദവി സുന്നി മുസ്‌ലിംകള്‍ക്കും സ്പീക്കര്‍ പദവി ശിആക്കള്‍ക്കും നിശ്ചയിച്ച് ഭരണഘടനയുമുണ്ടാക്കി.

ലബനാന്‍, സംസ്‌കാരങ്ങളുടെ കേന്ദ്രമാണ്. തലസ്ഥാനമായ ബെയ്‌റൂത്ത്വ്യാപാര-വിദ്യാഭ്യാസ കേന്ദ്രവും. കിഴക്കിന്റെ സ്വിറ്റ്‌സര്‍ലാന്റ് എന്ന് ലബനാനും, മിഡ്‌ലീസ്റ്റിലെ പാരിസ് എന്ന് ബെയ്‌റൂത്തും അറിയപ്പെട്ടിരുന്നു. വിനോദസഞ്ചാര, കാര്‍ഷിക, വാണിജ്യ, സാമ്പത്തിക രംഗത്തെ മികവായിരുന്നു കാരണം. എന്നാല്‍ 1975നു ശേഷമുണ്ടായ ആഭ്യന്തര യുദ്ധംചിത്രം മാറ്റി മറിച്ചു, പ്രതാപം ചരിത്രം മാത്രമായി ലബനാന്.

16 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അറബ് ലീഗിന്റെ ഇടപെടലിനെ തുടര്‍ന്ന് 1990ല്‍ അവസാനിച്ചു. ഒന്നര ലക്ഷം പേര്‍ മരിക്കുകയും രണ്ടുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്തു ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ഹിസ്ബുല്ലായുടെ നേതൃത്വത്തിലുള്ള സായുധ കലാപം (2008) രാജ്യത്തെ വീണ്ടും അസ്വസ്ഥമാക്കി. ഇപ്പോള്‍ സിറിയന്‍ ആഭ്യന്തര യുദ്ധമാണ് ലബനാനെ വലയ്ക്കുന്നത്. അഭയാര്‍ഥികളായി ആയിരങ്ങളാണ് സിറിയയില്‍ നിന്ന് ലബനാനിലെത്തുന്നത്.

54 ശതമാനമാണ് ലബനാനിലെമുസ്‌ലിം ജനസംഖ്യ. സുന്നി, ശീഅ മുസ്‌ലിംകള്‍ ഏതാണ്ട് തുല്യമാണ്. 40 ശതമാനത്തോളം ക്രൈസ്തവരുമുണ്ട്. ഭ്രൂസികള്‍, ബഹായികള്‍, യഹൂദികള്‍ എന്നിവരുമുണ്ട്. വിശ്രുത സാഹിത്യകാരന്‍ ഖലീല്‍ ജിബ്‌റാന്‍ ലബനാന്‍ ക്രൈസ്തവനാണ്. 

നിലവില്‍ (2018) മിഷേല്‍ നഈം ഔന്‍ പ്രസിഡന്റും സഅദുദ്ദീന്‍ റഫീഖ് അല്‍ ഹരീരി പ്രധാനമന്ത്രിയും നബീഹ് ബെറി സ്പീക്കറുമാണ്.
 

Feedback
  • Tuesday Apr 16, 2024
  • Shawwal 7 1445