Skip to main content

അല്‍ ആദില്‍

അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലെ നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. ദൈവിക കാരുണ്യത്തിന്റെ ഭാഗമായിട്ട് തന്നെ അല്ലാഹു നീതിമാനാണെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

നന്മയെയും തിന്മയെയും ധര്‍മത്തെയും അധര്‍മത്തെയും തുല്യമായിട്ടാണ് ഗണിക്കുന്നതെങ്കില്‍, പിന്നെ നന്മക്കും ധര്‍മത്തിനും യാതൊരു വിലയുമില്ല എന്ന് സാമാന്യബുദ്ധി സമ്മതിക്കുന്നു. നന്മക്കും തിന്മക്കും അവക്കനുസൃതമായ പ്രതിഫലം നല്‍കപ്പെടണമെന്നതാണ് ന്യായമായിട്ടുള്ളത്. ഇതാണ് ദൈവിക നീതിയുടെ അടിസ്ഥാനം. ഇഹലോകത്തെ മനുഷ്യന്റെ ചെയ്തികള്‍ക്കുള്ള പ്രതിഫല വേദിയാണ് പരലോകം. താന്തോന്നിയും ധിക്കാരിയുമായി ജീവിച്ചവര്‍ക്ക് അവരുടെ ദുഷ്‌കൃത്യങ്ങള്‍ക്ക് അവിടെവെച്ച് നല്‍കപ്പെടുന്ന കഠിന ശിക്ഷപോലും മാനവരാശിയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്. 

കരുണാവാരിധിയായ അല്ലാഹു സകല സൃഷ്ടികളുടെയും രക്ഷകനാണ്. അതുകൊണ്ടുതന്നെ തന്റെ സൃഷ്ടികളെ ശിക്ഷിക്കാനും അവന് അധികാരമുണ്ട്. തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയെന്നത് ദൈവിക നീതിയുടെ ഭാഗമാകുന്നതോടൊപ്പം അവരെ പശ്ചാത്താപത്തിലൂടെ ദൈവിക കാരുണ്യം അനുഭവിക്കാന്‍ പ്രേരിപ്പിക്കുന്ന ദൗത്യംകൂടി വിശുദ്ധ ഖുര്‍ആന്‍ നിര്‍വ്വഹിക്കുന്നു. അല്ലാഹു പറയുന്നു. “ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണെന്നും എന്റെ ശിക്ഷയാണ് വേദനയേറിയ ശിക്ഷയെന്നും എന്റെ ദാസന്മാരെ വിവരമറിയിക്കുക” (15:49,50).

അല്ലാഹു ആരോടും ഒട്ടും അനീതി കാണിക്കുന്നവനല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. “തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല” (4:40).

Feedback