Skip to main content

റഫീഉദ്ദറജാത്ത്

അല്ലാഹു പറയുന്നു: “അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു” (40:15).

പദവിയിലും മഹത്വത്തിലും അത്യുന്നതനായ അല്ലാഹുവിന്റെ വിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ 'പദവികള്‍ ഉയര്‍ന്നവന്‍' (റഫീഉ ദ്ദറജാത്ത്) എന്ന പ്രയോഗം വന്നിരിക്കുന്നു. 'കയറിപ്പോകുന്ന വഴികളുടെ അധിപന്‍' (ദുല്‍മആരിജ്) എന്ന പ്രയോഗവും അല്ലാഹുവിന്റെ അത്യുന്നത പദവിയെ ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിച്ചിട്ടുണ്ട്(70:3). 'കയറുന്ന വഴികള്‍' എന്ന അര്‍ത്ഥത്തിലുള്ള അധ്യായത്തിലാണിതുള്ളത്(70.

റഫീഉദ്ദറജാത്ത് (പദവികള്‍ ഉയര്‍ന്നവന്‍) എന്നതിനെ വിവിധ തലങ്ങളില്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
1. സിംഹാസനത്തിന്റെ ഉടമസ്ഥന്‍ (ദുല്‍അര്‍ശ്) എന്നത് തന്നെ അല്ലാഹുവിന്റെ പദവി അത്യുന്നതിയിലാണെന്നതിന് സൂചിപ്പിക്കുന്നു.
2. ഗുണനാമങ്ങളിലും കഴിവുകളിലും പ്രവര്‍ത്തനങ്ങളിലും അല്ലാഹു അത്യുന്നതിയില്‍ നില്‍ക്കുന്നവനും മഹത്വമേറിയവനും ആണ്. ആയതിനാല്‍ അവന്‍ മാത്രമാണ് സകലവിധ സ്തുതി കീര്‍ത്തനങ്ങള്‍ക്കും യഥാര്‍ഥ അര്‍ഹന്‍. അവന്റെ അത്യുന്നത പദവിയോട് മറ്റൊന്നിനെയും സാമ്യപ്പെടുത്തുക സാധ്യമേയല്ല.
3. അല്ലാഹു സദ്‌വൃത്തരായ അവന്റെ ദാസന്‍മാര്‍ക്ക് ഐഹിക ജീവിതത്തില്‍ സൗഭാഗ്യവും സംതൃപ്തിയും വിജയവും നല്‍കി അവരെ പദവികളായി ഉയര്‍ത്തുന്നു. പരലോകത്ത് വിശിഷ്ടമായ പദവികള്‍ സ്വര്‍ഗത്തില്‍ ഒരുക്കിയിട്ടുള്ളതും അല്ലാഹുവാണ്. പദവികള്‍ ഉയര്‍ത്തുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ റഫീഉ ദ്ദറജാത്ത് എന്ന നാമവിശേഷണം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്.

അല്ലാഹു പറയുന്നു 'നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പദവികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നു'(58:11).

വിജ്ഞാനവും വിശ്വാസവും കാരണമായി അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് ഇഹത്തിലും പരത്തിലും പദവികളും ഉയര്‍ച്ചകളും നല്‍കിക്കൊണ്ടിരിക്കുന്നു. 

ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ പരീക്ഷണം എന്ന നിലക്ക് അല്ലാഹു മനുഷ്യരെ ഭിന്നനിലവാരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. സമ്പത്ത്, സ്വാധീനം, ആരോഗ്യം, സന്താനങ്ങള്‍, മറ്റു ജീവിത വിഭവങ്ങള്‍ എന്നിവയിലെല്ലാം മനുഷ്യരില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്നു. ജീവിത നിലവാരത്തിലുള്ള ഭിന്നതക്ക് കാരണം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ വിഷയത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ മാത്രമാവാം. അത്തരത്തിലുള്ള ഉയര്‍ച്ച താഴ്ച്ചകളും ദൈവിക നിശ്ചയത്തിന്റെ ഭാഗമാണ്.
 
അല്ലാഹു പറയുന്നു:'അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്. നിങ്ങളില്‍ ചിലരെ ചിലരേക്കാള്‍ പല പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് വേഗത്തില്‍ ശിക്ഷാനടപടി എടുക്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു'(6:165).
 

Feedback