Skip to main content

അല്‍ ഹകീം, അല്‍ ഹകം, അല്‍ ഹാക്കിം

അല്‍ ഹകീം (യുക്തിമാന്‍) എന്ന അല്ലാഹുവിന്റെ വിശേഷണനാമം വിശുദ്ധ ഖുര്‍ആനില്‍ 94 സ്ഥലങ്ങളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹകീം എന്ന പദത്തിനര്‍ഥം ഹിക്മ ഉള്ളവന്‍ എന്നാണ്. ശ്രേഷ്ഠമായ കാര്യം ശ്രേഷ്ഠമായ വിജ്ഞാനത്തിലൂടെ അറിയുക എന്നതാണ് ഹിക്മ. ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവിനെ തിരിച്ചറിയുക എന്നതാണ്. അവന്റെ യാഥാര്‍ഥ്യത്തെയും രഹസ്യങ്ങളെയും അവനല്ലാതെ മറ്റാരും അറിയില്ല. അതിനാല്‍ അവന്‍ മാത്രമാണ് യഥാര്‍ഥ ഹകീം. അനാദിയും ശാശ്വതവും നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതും യാഥാര്‍ഥ്യത്തോട് പരിപൂര്‍ണമായി യോജിക്കുന്നതും അവ്യക്തതയോ സംശയമോ ഇല്ലാത്തതുമായ വിജ്ഞാനമാണ് ഏറ്റവും മഹത്തായ വിജ്ഞാനം. അത് അല്ലാഹുവിന് മാത്രമേ ഉള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഖബീര്‍, അല്‍ അസീസ്, അല്‍ അലീം എന്നീ അല്ലാഹുവിന്റെ ഗുണവിശേഷണനാമത്തോട് ചേര്‍ന്നുകൊണ്ട് പല സ്ഥലങ്ങളിലും അല്‍ ഹകീം എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഇബ്രാഹീം(അ) നടത്തിയ പ്രാര്‍ഥനയുടെ അവസാനഭാഗത്ത് ഈ വിശേഷണനാമം എടുത്ത് പറയുന്നുണ്ട്. ഞങ്ങളുടെ രക്ഷിതാവേ അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ച് കൊടുക്കുകയും വേദവും വിജ്ഞാനവും ആസ്വദിപ്പിക്കുകയും അവരെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു (2:129).

പ്രവൃത്തികളുടെ സൂക്ഷ്മ തലങ്ങള്‍ അറിയുകയും അവ നന്നായി പ്രയോഗിക്കുകയും ചെയ്യുന്നവരെക്കുറിച്ചും ഹകീം എന്ന് പറയും. ഇക്കാര്യത്തില്‍ സമ്പൂര്‍ണത അല്ലാഹുവിന് മാത്രമാണ്. വിധികര്‍ത്താവ് എന്ന അര്‍ഥത്തില്‍ അല്‍ ഹകം എന്ന് അല്ലാഹുവിന്റെ ഗുണനാമമായിട്ട് ഉപയോഗിച്ചിട്ടുണ്ട്.

അല്‍ ഹാകിം അല്‍ ഹാകിമീന്‍ എന്നൊക്കെ ഖുര്‍ആനില്‍ പ്രയോഗങ്ങളുണ്ട്. അല്‍ ഹാകിമീന്‍ എന്ന് ബഹുവചന രൂപത്തില്‍ 5 സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക അവനത്രേ തീര്‍പ്പ് കല്‍പ്പിക്കുന്നവരില്‍ ഉത്തമന്‍' (7:87).

യുക്തിജ്ഞനായ അല്ലാഹു മനുഷ്യന്റെ ഉത്തമമായ സൃഷ്ടിഘടനയെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. ഭാഷയുടെ വൈവിധ്യം, ആവിഷ്‌കാര രീതി, രാപകല്‍ സംവിധാനിച്ചതും ഉറക്കം എന്ന വിശ്രമവും, പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഉറ്റാലോചന നടത്തുന്നവര്‍ക്ക് അല്ലാഹുവിന്റെ അഗാധജ്ഞാനത്തിന്റെയും യുക്തിപരതയുടെയും അടയാളങ്ങള്‍ കാണാന്‍ കഴിയും. ഒരാളോടു പോലും അനീതി കാണിക്കാതെ വിധിപറയുന്നവന്‍ എന്ന അര്‍ഥത്തില്‍ അല്‍ ഹകം, അല്‍ ഹാക്കിം അഹ്കമുല്‍ ഹാക്കിമീന്‍ എന്ന വിശേഷണവും അല്ലാഹുവിന് മാത്രമേ യോജിക്കുകയുള്ളൂ.
 

Feedback