Skip to main content

അല്‍ ഖാഹിര്‍, അല്‍ ഖഹ്ഹാര്‍

അല്ലാഹു സര്‍വ്വരെയും അടക്കിവാഴുന്നവനാണ്. സകല സൃഷ്ടികളും അവന് വിധേയരുമാണ്. അവന്റെ ആധിപത്യത്തിലും അധികാരത്തിലും വരാത്ത ഒരു സൃഷ്ടിയും ലോകത്തില്ല. അല്‍ ഖാഹിര്‍, അല്‍ ഖഹ്ഹാര്‍ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ വിശേഷണനാമമായിട്ട് ഇത് വന്നിട്ടുണ്ട്. 'അവന്‍ തന്റെ ദാസന്മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍'(6:18).

അന്ത്യദിനത്തില്‍ അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസ്താവ്യമാണ്. “അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച യാതൊരു കാര്യവും അല്ലാഹുവിന് ഗോപ്യമായിരിക്കില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം?. ഏകനും (അല്‍വാഹിദ്) സര്‍വാധിപതിയുമായ (അല്‍ഖഹ്ഹാര്‍) അല്ലാഹുവിന്” (40:16).

അല്‍ഖഹ്ഹാര്‍ എന്ന വിശേഷണ നാമം ഗാഫിര്‍, അസ്സുമര്‍, സ്വാദ്, ഇബ്രാഹിം, അര്‍റഅ്ദ്, യൂസുഫ് തുടങ്ങിയ സൂറത്തുകളിലായി 6 സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. സര്‍വതിനെയും അടക്കി ഭരിക്കാനും സര്‍വകാര്യങ്ങളുടെയും മേല്‍ ആധിപത്യം ചെലുത്താനും അര്‍ഹതയും കഴിവുമുള്ളവന്‍ അല്ലാഹു മാത്രമായതിനാല്‍, അവന്‍ ഉദ്ദേശിക്കും വിധം അവന് പ്രവര്‍ത്തിക്കാനും, അവന് അവകാശമുണ്ട്. ഒരുപക്ഷേ മനുഷ്യനടക്കമുള്ള സൃഷ്ടികള്‍ക്ക് അവന്റെ പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അത്തരം കാര്യങ്ങള്‍ മനുഷ്യനെന്നും അജ്ഞാതവും നിഗൂഢവുമായ കാര്യമായി തുടരും. 

മനുഷ്യ ശരീരത്തിലുള്ള ആത്മാവിന്റെ കാര്യം തന്നെ ഉദാഹരണം. ഇന്നും സമസ്യയായി തുടരുന്ന ആത്മാവിന്റെ കാര്യം, അല്ലാഹുവിന്റെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു: “നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു, പറയുക. ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല''(17:85). ഇണകളായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഭിന്നസാഹചര്യത്തില്‍ ജീവിച്ച് തീര്‍ത്തും അപരിചിതരായ സ്ത്രീപുരുഷന്‍മാരെ വിവാഹത്തിലൂടെ ഒന്നിപ്പിക്കുമ്പോള്‍ അവരുടെ മനസ്സുകളെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യം കൊണ്ട് ചേര്‍ത്ത് വെക്കുന്നത് അല്ലാഹുവിന്റെ അതിമഹത്തായ ഒരു ദൃഷ്ടാന്തമാണ്. അവരുടെ മേല്‍ ആധിപത്യവും അധികാരവും അല്ലാഹുവിന് മാത്രമുള്ളതുകൊണ്ടാണ് ഇണകളുടെ മനസ്സുകളെ സ്‌നേഹത്തിന്റെ നൂലിഴകളില്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നത്. ആകാശഭൂമികളിലുള്ള സര്‍വസൃഷ്ടികളുടെ മേലും പടച്ചവന്റെ അപാരമായ ആധിപത്യവും അധികാരവും ചൂഴ്ന്ന് നില്‍ക്കുന്നതായി കാണാന്‍ കഴിയും.

Feedback