Skip to main content

അല്‍ ഹഫീദ്വ്

സകലസൃഷ്ടികളുടെയും സാക്ഷാല്‍ സംരക്ഷകന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന അല്ലാഹുവിന്റെ ഗുണനാമമാണ് അല്‍ ഹഫീദ്വ്. അല്ലാഹുവിന്റെ സംരക്ഷണത്തിന് പുറത്തുള്ള ഒരു സൃഷ്ടിയും ലോകത്തില്ല. അവന്റെ സംരക്ഷണം വേണ്ടാത്ത ഒരു സൃഷ്ടിയുമില്ല. അതുകൊണ്ടു തന്നെ ദൈവിക സംരക്ഷണത്തെ നാം ഭൗതികമായ യാതൊരു സംരക്ഷണത്തോടും തുലനപ്പെടുത്താന്‍ ഒരു നിലക്കും സാധ്യമല്ല.

അല്ലാഹു സൃഷ്ടികളെ സംരക്ഷിക്കുന്നത് രണ്ടു മാര്‍ഗത്തിലൂടെയാണ്. ഒന്ന്, സൃഷ്ടികളുടെ അസ്തിത്വം നിലനിര്‍ത്തിയും അവയെ തീരെ നശിപ്പിക്കാതെയും. ആകാശം, ഭൂമി, മലകള്‍, പോലുള്ള ദീര്‍ഘായുസ്സുള്ളവയെയും അല്ലാഹു സംരക്ഷിച്ചു പോരുന്നു. രണ്ട്, പരസ്പര വിരുദ്ധമായ ശക്തികളെ ഒന്നിനെ മറ്റേതില്‍ നിന്ന് സുരക്ഷിതമാക്കി നിര്‍ത്തുക എന്നതാണ്. ഉദാഹരണം: വെള്ളവും തീയും. വെള്ളം തീയെ കെടുത്തും അല്ലെങ്കില്‍ തീ വെള്ളത്തെ അതിജയിക്കും, അതിനെ നീരാവിയാക്കി മാറ്റും. ഭൂലോകത്തെ സകല ശരീരങ്ങളും ഇത്തരം പരസ്പര വ്യത്യാസ പഥാര്‍ത്ഥങ്ങളും ഗുണങ്ങളും കൊണ്ട് നിര്‍മിതമാണ്. രണ്ടും ചേര്‍ന്ന് ശരീരത്തിലെ ശീതോഷ്ണം നിലനിര്‍ത്തി അല്ലാഹു അതിന്റെ സംരക്ഷണം ഉറപ്പ് തരുന്നു. ഇത്തരം വിരുദ്ധ ശക്തികളും ഗുണങ്ങളും ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തില്‍ അല്ലാഹു ഒരുമിച്ചു കൂട്ടിയിട്ടുണ്ട്. അവയിലോരോന്നിനും അല്ലാഹുവിന്റെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ അവ തമ്മില്‍ വിയോജിക്കുകയും അകലുകയും അങ്ങനെ ആകെ തകരാറാകുകയും ചെയ്യുമായിരുന്നു. ആന്തരിക സുരക്ഷിതത്വം പോലെ തന്നെ ബാഹ്യസുരക്ഷിതത്വത്തിനുള്ള കഴിവും അല്ലാഹു ഓരോ സൃഷ്ടിയിലും സജ്ജീകരിച്ചിട്ടുണ്ട്. ശത്രുസാമീപ്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ കണ്ണും കാതും മനുഷ്യനുണ്ട്. അവയെ നേരിടാന്‍ കൈയും പ്രയോഗിക്കാന്‍ ആയുധങ്ങളുമുണ്ട്. ജീവികള്‍ക്ക് കാലും പക്ഷികള്‍ക്ക് ചിറകുകളുമുണ്ട്. ഇപ്രകാരം പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും അല്ലാഹുവിന്റെ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു.

അല്ലാഹുവിന്റെ നാമവിശേഷണമായി അല്‍ ഹഫീദ്വ്, അല്‍ ഹാഫിദ്വ് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘‘ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ച് തന്നിട്ടുണ്ട്. നിങ്ങളല്ലാത്ത ഒരു ജനതയെ എന്റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതാണ്. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല, തീര്‍ച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ചുപോരുന്നവനാകുന്നു’’ (11:57).

‘‘അദ്ദേഹം (യഅ്ഖൂബ്) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തു‌സൂക്ഷിക്കുന്നവന്‍ (ഹാഫിദ്വ്). അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കരുണയുള്ളവനാകുന്നു’’(12:64).

ഹാഫിദ്വ് എന്നതിന്റെ ബഹുവചനമായ ഹാഫിളൂന്‍ എന്ന പ്രയോഗവും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട് ‘‘തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത് തീര്‍ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്''(15:9).

ഹഫദ്വത്ത് എന്ന പദപ്രയോഗം മലക്കുകളെ ഉദ്ദേശിച്ച് ഖുര്‍ആനില്‍ വന്നിട്ടുണ്ട് ‘‘അവനത്രേ തന്റെ ദാസന്മാരുടെ മേല്‍ പരമാധികാരമുള്ളവന്‍. ‘‘നിങ്ങളുടെമേല്‍ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരെ പൂര്‍ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ച്ചയും വരുത്തുകയില്ല''(6:61). സകലസൃഷ്ടികളുടേയും ആന്തരികവും ബാഹ്യവുമായ സംരക്ഷണം ഉറപ്പ് വരുത്തുന്നവന്‍ അല്ലാഹുവാണ്. മനുഷ്യന്റെയും മലക്കുകളുടെയും ഒക്കെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവന്‍ അല്ലാഹു മാത്രമാണ്. സാക്ഷാല്‍ സംരക്ഷകന്‍(അല്‍ ഹഫീള്) അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട അവന്റെ ഗുണമാണത്.

Feedback