Skip to main content

അദ്ദ്വാഹിര്‍, അല്‍ബാത്വിന്‍

അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന അല്ലാഹുവിന്റെ നാമഗുണത്തിന്റെ വിശാല അര്‍ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്യുന്നതന്‍ എന്ന ഒരു അര്‍ഥം കല്‍പ്പിക്കാറുണ്ട്. അല്ലാഹു അവന്റെ ഗുണങ്ങളിലും കഴിവിലും ജ്ഞാനത്തിലും ആധിപത്യത്തിലും എല്ലാം ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്നവനാണ്. പ്രപഞ്ചത്തിലെ ഓരോ അണുവും ഗോളങ്ങളും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും സസ്യജന്തുജാലങ്ങളും എല്ലാം തന്നെ അല്ലാഹുവിന്റെ ഔന്നത്യവും കഴിവും വെളിപ്പെടുത്തുന്ന തെളിവുകളാണ്. പ്രപഞ്ചത്തിലെ സര്‍വ്വ വസ്തുക്കളും ദൈവാസ്തിക്യത്തെ കുറിക്കുന്നു. ദൈവത്തിന്റെ ഏകത്വത്തെ കുറിക്കുന്ന പ്രത്യക്ഷ നിദര്‍ശനങ്ങളാണ് അവയൊക്കെയും. അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) എന്ന നാമവിശേഷണത്തിന്റെ പ്രധാനപ്പെട്ട അര്‍ഥം ഇതാണ്.

അല്ലാഹു പരമസത്യമാണ്. അല്ലാഹുവിന്റെ ദീന്‍ സത്യസമ്പൂര്‍ണമാണ്. 'അദ്ദ്വാഹിര്‍' എന്ന പദത്തിന് അതിജയിക്കുന്നത്, മികച്ചതായി പ്രത്യക്ഷപ്പെടുന്നത് എന്ന അര്‍ഥം നല്‍കിക്കാണുന്നു. അല്ലാഹുവിന്റെ സത്യസമ്പൂര്‍ണമായ ദീനിനെ അല്ലാഹു തന്നെ സര്‍വ മതങ്ങളെക്കാളും ലോകത്ത് മികച്ചതായി പ്രത്യക്ഷപ്പെടുത്തിത്തരുന്നതാണ്. എല്ലാറ്റിനേക്കാളും അത് അതിജയിച്ച അവസ്ഥയില്‍ നിലനിര്‍ത്തുന്നവന്‍ അല്ലാഹുവാണ്. അവിശ്വാസികളുടെ കുതന്ത്രവും ധിക്കാരികളുടെ കുത്സിത നീക്കങ്ങളും വിട്ടുപോകാതെ അല്ലാഹു അത് പ്രത്യക്ഷപ്പെടുത്തികൊണ്ടിരിക്കുന്നു. അതിനാല്‍ അദ്ദ്വാഹിര്‍ (പ്രത്യക്ഷന്‍) ആണ്.

അല്ലാഹു പറയുന്നു: 'സന്മാര്‍ഗവും സത്യമതവും കൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ച് കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി (61:9) “എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.' (61:14).

അല്‍ബാത്വിന്‍ (പരോക്ഷന്‍) കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ മനുഷ്യന്റെ ശിക്ഷണമോ ഭാവനയോ അപര്യാപ്തമാണ്, അശക്തമാണ് എന്നിങ്ങനെയാണ്. അവന്റെ കണ്ണുകള്‍കൊണ്ട് അല്ലാഹുവിനെ കാണുക അസാധ്യമാണ്. എന്നാല്‍ അല്ലാഹു നമ്മെ കണ്ടുകൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തതും നിഗമനത്തിലോ തീരുമാനത്തിലോ എത്താന്‍ കഴിയാത്തതുമാണ് അല്ലാഹുവിന്റെ അസ്തിത്വം. ആ അര്‍ഥത്തില്‍ അല്‍ബാത്വിന്‍(പരോക്ഷന്‍) എന്ന നാമവിശേഷണത്തിന് അവന്‍ അര്‍ഹനാണ്. അല്ലാഹു പറയുന്നു. അവന്‍ ആദിയും അന്തിമനും പ്രത്യക്ഷനും പരോക്ഷമായവനുമാണ്. അവന്‍ സര്‍വ്വകര്യങ്ങളെ ക്കുറിച്ചും അറിവുള്ളവനുമാണ് (57:3).

മനുഷ്യനെ സംബന്ധിച്ചിടത്തോളം നിഗൂഢം, രഹസ്യം എന്നൊക്കെ കാര്യങ്ങളെ അവന്റെ ജ്ഞാനപരിധിയുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ സാധിക്കുമെങ്കില്‍ അഗാധജ്ഞനായ അല്ലാഹു, ഏതൊരു കാര്യത്തിന്റെയും, മനുഷ്യന് നിഗൂഢവും അജ്ഞാതവുമായി കിടക്കുന്ന വശങ്ങള്‍കൂടി അതിസൂക്ഷ്മമായി അറിയുന്നവനാണ്. അങ്ങനെ അറിയുന്നവന്‍ അവന്‍ മാത്രമാണ്. അല്ലാഹു പറയുന്നു: “നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍, തീര്‍ച്ചയായും അവന്‍(അല്ലാഹു) രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക)”(20:7).

അല്ലാഹുവിന്റെ സത്തയില്‍തന്നെ അവനെ മനസ്സിലാക്കുക എന്നത് മനുഷ്യകഴിവിന് അസാധ്യമായതിനാല്‍ അവന്റെ അസ്തിത്വത്തില്‍ പരോക്ഷന്‍ (അല്‍ബാത്വിന്‍) എന്ന വിശേഷണത്തിന് അവന്‍ അര്‍ഹനാവുന്നു. എന്നാല്‍, അദൃശ്യവും നിഗൂഢവുമായതും കൃത്യമായി അറിയുന്നവനായ അല്ലാഹുവിനെ, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെയും പ്രവാചക മൊഴികളിലൂടെയും ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുകയാണ് വേണ്ടത്.

Feedback