Skip to main content

ദുല്‍ മആരിജ്

ദുല്‍മആരിജ് (കയറിപ്പോകുന്ന വഴികളുടെ അധിപന്‍) എന്നത് അല്ലാഹുവിന്റെ വിശിഷ്ട നാമമായി വിശുദ്ധ ഖുര്‍ആനിലെ അല്‍ മആരിജ് എന്ന അധ്യായത്തിലാണ് വന്നിരിക്കുന്നത്. 'സത്യനിഷേധികള്‍ക്ക് സംഭവിക്കാനിരിക്കുന്നതും തടുക്കുവാനാരും ഇല്ലാത്തതും, കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്നതുമായ ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടരിക്കുന്നു' (70:1-3).

ദുല്‍മആരിജ് (കയറിപ്പോകുന്ന വഴികളുടെ അധിപന്‍) എന്നത് അല്ലാഹുവിന്റെ മഹത്വത്തെയും ഔദാര്യത്തെയും കുറിക്കുന്ന വിശേഷണ നാമമാണെന്ന് തുടര്‍ വചനങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. അല്ലാഹു പറയുന്നു.

അമ്പതിനായിരം കൊല്ലത്തിന്റൈ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു (70:4).

ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍, പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമവചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു (35:10).

ഭൂമിയിലുള്ള മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിച്ച് അല്ലാഹുവിങ്കലേക്ക് എത്തിക്കുവാനായി അവന്റെ ദൂതന്മാരായ മലക്കുകളെ അല്ലാഹു ചുമതലപ്പെടുത്തുന്നതായി ഹദീഥ് പഠിപ്പിക്കുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ) പറഞ്ഞു. ഊഴമായി (ഭൂമിയിലെത്തുന്നു) ഒരു വിഭാഗം മലക്കുകള്‍ രാത്രിയിലും ഒരു വിഭാഗം പകലിലും. രണ്ടുവിഭാഗവും പ്രഭാത നമസ്‌കാരത്തിന്റെയും അസ്വര്‍ നമസ്‌കാരത്തിന്റെയും വേളയില്‍ സന്ധിക്കുന്നു. നിങ്ങള്‍ക്കിടയില്‍ രാത്രി കഴിച്ചുകൂട്ടിയ മലക്കുകള്‍ പിന്നീട് അല്ലാഹുവിന്റെ അടുത്തേക്ക് തിരിച്ചുപോകുന്നു. അവന്‍ അവരോട്് ചോദിക്കും. (അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍) നിങ്ങള്‍ എന്റെ ദാസന്‍മാരെ എങ്ങനെയാണ് വിട്ടേച്ചുപോയത്? മലക്കുകള്‍ മറുപടി പറയും; “ഞങ്ങള്‍ ചെന്നെത്തിയപ്പോള്‍ അവര്‍ നമസ്‌കരിക്കുകയായിരുന്നു. ഞങ്ങള്‍ തിരിച്ചു പോരുമ്പോഴും അവര്‍ നമസ്‌കരിക്കുകയാണ്” (ബുഖാരി, മുസ്ലിം, നസാഈ, അഹ്മദ്, മുവത്വ).

സര്‍വ്വ അനുഗ്രഹങ്ങളുടെയും ദാതാവായ അല്ലാഹുവിന്റെ ഔന്നത്യവും മഹത്വവും പദവിയിലുള്ള ഉന്നതസ്ഥാനീയതയും സൂചിപ്പിക്കുന്ന നിരവധി വിശിഷ്ടനാമങ്ങള്‍ അവനുണ്ട്. അല്‍മജീദ്, അല്‍കബീര്‍, അല്‍അലിയ്യ്, അല്‍അസീസ് തുടങ്ങിയവ ഉദാഹരണം. കയറിപ്പോകുന്ന വഴികളുടെ അധിപന്‍ എന്ന അര്‍ഥത്തിലുള്ള ദുല്‍മആരിജ് എന്ന വിശിഷ്ടനാമം അല്ലാഹുവിന്റെ അത്യുന്നത പദവിയെയും മഹത്വത്തെയും കുറിക്കുന്നു.
 

Feedback