Skip to main content

അല്‍ ഖുദ്ദൂസ്

അല്ലാഹുവിന്റെ അതിവിശിഷ്ട നാമങ്ങളില്‍ പ്രധാനപ്പെട്ടതാണ് അല്‍ ഖുദ്ദൂസ്. പരമപരിശുദ്ധന്‍ എന്ന് അതിന് ഭാഷാന്തരം ചെയ്യാം. അല്ലാഹു പറയുന്നു: ‘‘താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും. പരമാധികാരിയും മഹത്വമുള്ളവനുമാകുന്നു അവന്‍. അവര്‍ പങ്ക്‌ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍'’ (59:23).

അല്ലാഹു പറയുന്നു: രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന പ്രാര്‍ഥനകള്‍ നബി(സ്വ) റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് ധാരാളം വര്‍ധിപ്പിക്കാറുണ്ടായിരുന്നു എന്ന് ആഇശ(റ)യില്‍ നിന്ന് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിനക്ക് സ്‌തോത്രങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് നിന്നെ പരിശുദ്ധപ്പെടുത്തുന്നു, അല്ലാഹുവേ എനിക്ക് നീ പൊറുത്ത് തരണമേ’ എന്നാണ് നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്. വിത്ര്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ നബി(സ്വ)ശബ്ദമുയര്‍ത്തി മൂന്നു തവണ ‘രാജാവും പരമപരിശുദ്ധനുമായ അല്ലാഹുവെ വാഴ്ത്തുന്നു' എന്ന് പറയാറുണ്ടായിരുന്നു. (അഹ്മദ്, അബൂദാവൂദ്, നസാഈ).

പരമപരിശുദ്ധന്‍ (അല്‍ ഖുദ്ദൂസ്) എന്ന അല്ലാഹുവിന്റെ നാമത്തിന് വിവിധ അര്‍ഥതലങ്ങളുണ്ട്. അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും പൂര്‍ണതയ്ക്കും യോജിക്കാത്ത എല്ലാ വിശേഷണങ്ങളില്‍ നിന്നും പരിശുദ്ധനായവന്‍ ആണ്. ഇന്ദ്രിയങ്ങള്‍ കണ്ടെത്തുന്നതോ ഭാവന സങ്കല്‍പിക്കുന്നതോ മനസ്സ് മെനഞ്ഞെടുക്കുന്നതോ ചിന്ത വിധിക്കുന്നതോ ആയ സര്‍വവിധ വര്‍ണനകളില്‍ നിന്നും അതീതനായവനാണ് അല്‍ഖുദ്ദൂസ്. അല്ലാഹുവിനെ വര്‍ണിക്കാനും വാഴ്ത്താനും ഉദ്ദേശിക്കുമ്പോള്‍ അവന്‍ അംഗീകരിച്ച പൂര്‍ണതയുടെ വാക്കുകള്‍ ഉപയോഗിക്കുന്നപോലെത്തന്നെ അവന്‍ ന്യൂനതയായി കാണുന്ന ഗുണങ്ങള്‍ ഉപയോഗിക്കാനാവില്ല.
 

Feedback