Skip to main content

അല്‍ ഹഖ്ഖ്

അല്ലാഹുവിന്റെ സത്തയൊഴികെ സകല വസ്തുക്കളും നശ്വരമാണ്. അവനല്ലാതെ ഒരു വസ്തുവിനും സ്വയം അസ്തിത്വം നേടാന്‍ കഴിയില്ല. അവനാണ് എല്ലാത്തിനും അസ്തിത്വം നല്‍കിയിരിക്കുന്നത്. സത്യവും യഥാര്‍ഥ അസ്തിത്വമുള്ളവനും അല്ലാഹു മാത്രമാണ്. അവനില്‍ നിന്നാണ് മറ്റേതൊരു സത്യവും അതിന്റെ അസ്തിത്വം നേടുന്നത്.

അല്‍ ഹഖ്ഖ് എന്നത് അല്ലാഹുവിന്റെ ഗുണവിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ പത്ത് സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. 'എന്നിട്ട് അവര്‍ അവരുടെ യഥാര്‍ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടും. അറിയുക അവന്നത്രേ തീരുമാനാധികാരം. അവര്‍ അതിവേഗം കണക്ക് നോക്കുന്നവനത്രേ'(6:62).

'നബിയേ, ചോദിക്കുക: ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ച്ചയും അധീനപ്പെടുത്തുത്തന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്?
അവര്‍ പറയും അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
അവനാണ് നിങ്ങളുടെ യഥാര്‍ഥ രക്ഷിതാവായ അല്ലാഹു എന്നിരിക്കെ യഥാര്‍ഥമായുള്ളതിനു പുറമെ വഴികേടല്ലാതെ എന്താണുള്ളത്?'(10:31,32).

സത്യമാകുന്ന ഏതൊന്നും വ്യക്തവും കൃത്യവുമായിരിക്കും. സംശയങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും പഴുതില്ലാത്ത വിധം അതുള്‍ക്കൊള്ളുന്നതോടെ മനസ്സ് സമാധാനമടയാന്‍ സാധിക്കണം. പരമസത്യമായ അല്ലാഹു അവനിലേക്ക് എത്തുന്നതും അവരില്‍ നിന്നുള്ളതുമായ മറ്റു സത്യങ്ങളുമെല്ലാം വ്യക്തമായി ഉള്‍ക്കൊള്ളൂന്നതും സംശയ രഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും സംഭവ്യമാവാന്‍ പോകുന്നതും ആയ കാര്യങ്ങളാണ്. അല്ലാഹുവിന്റെ ഗ്രന്ഥം സത്യമാണ്, പ്രവാചകന്‍ സത്യമാണ്, വിധിതീര്‍പ്പ് സത്യമാണ് സ്വര്‍ഗം സത്യമാണ്, നരകം സത്യമാണ്. നിത്യ സത്യങ്ങളായി നിലകൊള്ളൂന്ന ഈ സത്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതുമാണ്. യഥാര്‍ഥ അസ്തിത്വമുള്ളവനും നിരുപാധിക സത്യം എന്ന് അവകാശപ്പെടാന്‍ കഴിയുന്നവനുമായ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട ഗുണനാമമാണ് അല്‍ ഹഖ്ഖ്. 

Feedback