Skip to main content

അല്‍ വദൂദ്

സര്‍വ സൃഷ്ടികള്‍ക്കും നന്മ ആഗ്രഹിക്കുകയും അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നവനാണ് അല്‍ വദൂദ്. അവനില്‍ നിന്ന് സൃഷ്ടികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത് തുല്യപ്പെടുത്താനാവാത്ത സ്‌നേഹവും ദയയും കൃപയുമൊക്കെയാണ്. അല്‍ വദൂദ് (സ്‌നേഹനിധി) എന്ന അര്‍ഥത്തില്‍ അല്ലാഹുവിന്റെ വിശേഷണ നാമമായി വിശുദ്ധ ഖുര്‍ആനില്‍ അത് പരിചയപ്പെടുത്തുന്നു: 'തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ചുണ്ടാക്കുന്നതും. അവന്‍ ഏറേ പൊറുക്കുന്നവനും സ്‌നേഹമുള്ളവനുമാകുന്നു.' (85:13,14).

ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചുവെന്നത് ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആന്‍ പറയുന്നിടത്ത് (30:21) മവദ്ദത്ത് (സ്‌നേഹം) എന്ന പദപ്രയോഗമാണ് നടത്തിയിട്ടുള്ളത്. "നിങ്ങള്‍ക്കും അവരില്‍നിന്ന് നിങ്ങള്‍ ശത്രുത പുലര്‍ത്തിയവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കും. അല്ലാഹു കഴിവുള്ളവനാണ് അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു"(60:7). സൃഷ്ടികളുടെ സങ്കല്‍പ്പത്തിനും നിര്‍വചനത്തിനും അതീതമായി സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയായി നിലകൊള്ളുന്നത് പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വുദ്ദ് (സ്‌നേഹം) ആണ്. അല്ലാഹുവിന്റെ സ്‌നേഹം സകല സൃഷ്ടികളിലേക്കും സദാ ലഭിച്ചുകൊണ്ടിരിക്കുന്നു. ഉപജീവനം നല്‍കുന്നതിന്റെ ഭാഗമായി അല്ലാഹു മഴ വര്‍ഷിപ്പിക്കുന്നത്, ഫലങ്ങളും കായ്കനികളും മുളപ്പിച്ചു തരുന്നത്, മനുഷ്യനെന്ന സൃഷ്ടിക്ക് നല്‍കിയ ആദരവ്, ആകാശഭൂമികളിലുള്ളത് മനുഷ്യന് വേണ്ടി അധീനപ്പെടുത്തിക്കൊടുത്തത് മുതലായവ അല്ലാഹുവിന് സൃഷ്ടികളോടുള്ള സ്‌നേഹത്തിന്റെ നിദര്‍ശനങ്ങളാണ്.

അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന്റെ കല്‍പ്പനകള്‍ മാനിച്ചും നിരോധങ്ങള്‍ വെടിഞ്ഞും സൂക്ഷ്മതയോടെ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവന്റെ അനുഗ്രഹങ്ങളും സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവിന് അവരോടുള്ള പ്രത്യേകമായ സ്‌നേഹത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അണിയായി നിന്ന് പോരാടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു(61:4). ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല (31:18). അല്ലാഹുവിനെ മറന്ന് അഹങ്കാരപൂര്‍വ്വം ജീവിക്കുന്നവര്‍ക്ക് അല്ലാഹു സ്‌നേഹം ചൊരിഞ്ഞു കൊടുക്കുന്നതല്ല. അല്ലാഹുവിനെ സ്മരിച്ച് സദാ ഭക്തിയും വിനയവും താഴ്മയും കാത്ത് സൂക്ഷിക്കുന്നവരോട് അല്ലാഹു പ്രത്യേകമായി സ്‌നേഹവും ഇഷ്ടവും പ്രകടിപ്പിക്കുകയും ചെയ്യും. പാപങ്ങളില്‍ മുങ്ങിക്കുളിച്ചവര്‍ക്കു പോലും പശ്ചാത്തപിക്കാനുള്ള അനവധി അവസരങ്ങള്‍ നല്‍കിയും തൗബയിലൂടെ മന:ശുദ്ധി നേടാനുള്ള സന്ദര്‍ഭങ്ങളൊരുക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന് അടിമകളുടെ കാര്യത്തിലുള്ള സ്‌നേഹമാണ് പ്രകടമാവുന്നത്. അല്‍ ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍), അല്‍ അഫുവ്വ് (മപ്പുനല്‍കുന്നവന്‍), അല്‍ തവ്വാബ് (പശ്ചാത്താപം സ്വീകരിക്കുന്നവന്‍), അല്‍ കരീം (അത്യുത്കൃഷ്ടന്‍), അര്‍ റഹ്മാന്‍ (പരമകാരുണികന്‍), അര്‍ റഹീം (കരുണാനിധി) തുടങ്ങിയ അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലെല്ലാം അല്ലാഹുവിന്റെ സ്‌നേഹവും ദയാവായ്പ്പും, കൃപയുമാകുന്നു ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

Feedback