Skip to main content

അശ്ശഹീദ്

ദൃശ്യവും (ശഹാദത്ത്) അദൃശ്യവും (ഗൈബ്) അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഭൗതികമായ കാര്യങ്ങളിലും അഭൗതികമായ കാര്യങ്ങളിലും അവന്റെ സമ്പൂര്‍ണമായ അറിവ് യാതൊന്നിനോടും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. സൃഷ്ടികളില്‍ നിന്ന് താന്‍ കാണുകയും അറിയുകയും ചെയ്തതിനെക്കുറിച്ച് അല്ലാഹു അന്ത്യനാളില്‍ സാക്ഷ്യവിവരണം നല്‍കുമെന്ന അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന വിശേഷണനാമമാണ് അശ്ശഹീദ്. ഈ വിശേഷണ നാമം വിശുദ്ധ ഖുര്‍ആനില്‍ പതിനെട്ട് തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നു പോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു'(58:6).

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെ ദൃശ്യം, അദൃശ്യം, രഹസ്യം, പരസ്യം എന്നിങ്ങനെ വേര്‍ത്തിരിക്കുന്ന അവസ്ഥ വരുന്നില്ല. മനുഷ്യന്റെ ജ്ഞാന പരിധിയില്‍ നിന്നു കൊണ്ട് അദൃശ്യമെന്നും അഭൗതികമെന്നും പറയാവുന്ന കാര്യങ്ങളില്‍ കൂടി അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും കൃത്യവുമാണ്. സകല കാര്യങ്ങള്‍ക്കും അവന്‍ സാക്ഷിയുമാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തിലും അറിവിലും പെടാത്ത യാതൊന്നും ലോകത്തുണ്ടാവുന്നില്ല. അല്ലാഹു ഓര്‍മിപ്പിക്കുന്നു: ''നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക(52:48).

സകലമാന പ്രവര്‍ത്തനങ്ങളിലും അല്ലാഹു സൂക്ഷ്മ നിരീക്ഷണം നടത്തുകയും ഏതൊരു കര്‍മത്തിനും അല്ലാഹു സാക്ഷിയായിട്ട് ഉണ്ടായിട്ടല്ലാതെ ഭൂമിയിലോ ആകാശത്തോ യാതൊന്നും സംഭവിക്കില്ല എന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു.

“നബിയേ നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതിക്കേള്‍പ്പിക്കുകയോ നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടായിരിക്കുന്നതല്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ട്‌പോവുകയില്ല അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടുത്താത്തതായി ഇല്ല (10:61). 

അല്ലാഹു സദാ സകലതും നിരീക്ഷിക്കുന്നവനും സര്‍വ്വതിനും സാക്ഷ്യവിവരണം നല്‍കുന്നവനുമാണെന്ന ഗുണത്തെ കുറിക്കുന്ന (അശ്ശഹീദ്) എന്ന വിശേഷണ നാമം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. 
 

Feedback