Skip to main content

അല്‍ കരീം, അല്‍ അക്‌റം

ഉത്കൃഷ്ടതയുടെ സകലമാന ഗുണങ്ങളും സമ്മേളിച്ചവന്‍ അല്ലാഹു മാത്രമാണ്. മാന്യതയുടെയും ശ്രേഷ്ടതയുടെയും ഗുണങ്ങളായി നാം കണക്കാക്കിപ്പോരുന്ന കരാര്‍പാലനം, ഉദാരമനസ്‌കത, സര്‍വര്‍ക്കും അഭയം നല്‍കല്‍, സമീപസ്ഥന്‍ എന്നിവയെല്ലാം തുല്യപ്പെടുത്താനോ ഉപമിക്കാനോ കഴിയാത്ത വിധം ഉടമപ്പെടുത്തിയവന്‍ അല്ലാഹു മാത്രമാണ്. അത്യുത്കൃഷ്ടന്‍ എന്ന അര്‍ഥം ലഭിക്കുന്ന അല്‍ കരീം, അല്‍ അക്‌റം എന്നീ പ്രയോഗങ്ങള്‍ അല്ലാഹുവിന്റെ നാമവിശേഷണങ്ങളായി ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ‘‘വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്, വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയ മുക്തനും ഉത്കൃഷ്ടനുമാകുന്നു’’(27:40).

അല്ലാഹുവിന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള അവന്റെ സിംഹാസനം (അര്‍ശ്) അല്‍ കരീം എന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്. ‘‘എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രേ അവന്‍'’(23:116).

അല്‍ അക്‌റം (അത്യുത്കൃഷ്ടന്‍) എന്ന പദപ്രയോഗം ദിവ്യവെളിപാടിന്റെ പ്രാരംഭവാക്യമായി അവതീര്‍ണമായ സൂറത്തുല്‍ അലഖിലെ മൂന്നാമത്തെ സൂക്തത്തില്‍ കാണാന്‍ കഴിയും. ‘‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക, മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച ഏറ്റവും വലിയ ഔദാര്യവാനാകുന്നു’’(96:1-4)

ഉപരിസൂചിത ഖുര്‍ആന്‍ സൂക്തത്തില്‍ (96:3) അല്‍-അക്‌റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്യുദാരന്‍ എന്നാണ്. അഥവാ ഉത്കൃഷ്ടതയുടെ ഒരു ഗുണമായി ഔദാര്യത്തെയാണ് സൂചിപ്പിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിന്റെ അടുക്കലാണ് ആകാശഭൂമികളുടെയെല്ലാം ആധിപത്യവും ഉടമസ്ഥാവകാശവുമുള്ളത്. ഭാവനയില്‍ പോലും സങ്കല്പ്പിക്കാന്‍ കഴിയാത്ത വിധം അനന്തവും വിശാലവുമായിക്കിടക്കുന്ന അനുഗ്രഹങ്ങള്‍ അവന്‍ ഔദാര്യപൂര്‍വ്വം നല്‍കിക്കൊണ്ടിരിക്കുന്നു. 

അല്ലാഹുവിലേക്ക് സര്‍വരും ആവശ്യക്കാരും, ആശ്രിതരുമാണ്. അവന്റെയടുക്കല്‍ നിന്ന് സഹായവും അനുഗ്രഹവും ലഭിക്കാനായി ചോദിക്കുന്ന പ്രാര്‍ത്ഥന കൊണ്ട് അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കുന്നു. തേടിയവനോട് അല്ലാഹു പരിഗണന കാണിക്കുകയും ചെയ്യുന്നു. ക്ഷമാലുക്കള്‍, സ്വാലിഹുകള്‍, ഭയഭക്തര്‍, പശ്ചാത്താപം നടത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കിക്കൊണ്ടിരിക്കുന്നു. സുലൈമാന്‍(അ)യോട് അല്ലാഹു പറയുന്നത് ‘‘ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്ക് ചോദിക്കല്‍ ഉണ്ടാവില്ല’’(38:39). അല്ലാഹുവിന്റെ മഹത്വത്തിന്റെ പ്രധാന ഗുണമാണ് ഇവിടെ പറയപ്പെടുന്നത്. 

അല്‍ കരീം (അത്യുത്കൃഷ്ടന്‍) എന്നതിന്റെ അര്‍ഥകല്പനയില്‍ വരുന്ന മറ്റൊന്നാണ് വാഗ്ദാനം പാലിച്ചും വിട്ടുവീഴ്ച്ച ചെയ്തും അല്ലാഹു അവന്റെ മഹത്വം പ്രകടിപ്പിക്കുന്നു എന്നത്. ‘‘നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല’’ (3:9). പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും വൃഥാവിലാക്കുന്നില്ല. ചോദിക്കുന്നവന്റെ ആവശ്യങ്ങളെ അല്ലാഹു അവഗണിക്കുന്നില്ല. നബി(സ)യുടെ വചനങ്ങളില്‍ അല്ലാഹുവിനെ കരീം എന്ന് പരിചയപ്പെടുത്തിയത് പ്രാര്‍ഥിക്കുന്നവനോട് അല്ലാഹു കാണിക്കുന്ന പരിഗണന എന്ന ഗുണത്തിന്റെ പേരിലാണ്. നബി(സ) പറഞ്ഞു: ‘നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് എന്നെന്നും ജീവിച്ചിരിക്കുന്നവനും ഉത്കൃഷ്ടനുമാകുന്നു. അവന്റെ അടിമ അവനിലേക്ക് കൈകളുയര്‍ത്തിയാല്‍ വെറും കൈയോടെ അടിമയെ മടക്കുന്നത് അവന്‍ ലജ്ജിക്കുന്നു’ (അബൂദാവൂദ്, തിര്‍മിദി, നസാഈ). ‘‘തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു'’(49:13).

Feedback