Skip to main content

അന്നൂര്‍

അല്ലാഹു പ്രത്യക്ഷനാണ്. പ്രപഞ്ചത്തിലെ സകലവസ്തുക്കളും പ്രത്യക്ഷപ്പെടുന്നത് അവന്‍മൂലമാണ്. സ്വയം പ്രത്യക്ഷപ്പെടുകയും മറ്റുള്ളവയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നതിനാണല്ലോ പ്രകാശം എന്ന് പറയുന്നത്. ഉണ്‍മയെ ഇല്ലായ്മയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉണ്‍മയായിരിക്കും പ്രത്യക്ഷത. ശൂന്യതയാണ് ഏറ്റവും വലിയ അന്ധകാരം. ശൂന്യതയില്‍ നിന്ന് അതീതനാകുകയും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ശൂന്യതയാകുന്ന അന്ധകാരത്തില്‍ നിന്ന് ഉണ്‍മയാകുന്ന പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നവന്‍ പ്രകാശമാണ് എന്നതില്‍ സംശയമില്ല. അതിനാലാണ് അല്ലാഹു ആകാശ ഭൂമികളുടെ പ്രകാശമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു. “അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാണ്. അവന്റെ പ്രകാശത്തിന്റെ ഉപമയിതാകുന്നു. ചുവരില്‍ വിളക്ക് വെക്കാനുള്ള ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന്(വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ, പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്  അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കില്‍ പോലും പ്രകാശിതമാകുന്നു. അങ്ങനെ (പ്രകാശത്തിന് മേല്‍ പ്രകാശം) അല്ലാഹുവിന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ” (24:35).

പ്രകാശം രണ്ടുവിധമുണ്ട് 1. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന ബാഹ്യപ്രകാശം. 2. ദൈവിക മാര്‍ഗ്ഗദര്‍ശനമാകുന്ന ആന്തരിക പ്രകാശം. ഹൃദയത്തിന് ലഭിക്കുന്ന പ്രകാശമാണ് ദൈവിക മാര്‍ഗ്ഗദര്‍ശത്തിന് വഴിയൊരുക്കുന്നത്. ദൈവിക മാര്‍ഗ്ഗദര്‍ശനമാകുന്ന ആ പ്രകാശം നല്‍കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു ചോദിക്കുന്നു: “അങ്ങനെ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവില്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്ത് പോയവനെപ്പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അവര്‍ വ്യക്തമായ ദുര്‍മാര്‍ഗ്ഗത്തിലത്രെ (39:22).

ഹിദായത്ത് (ദൈവിക മാര്‍ഗദര്‍ശനം) ആണ് ഒരാളുടെ ജീവിതത്തിന് ഉള്‍ക്കാഴ്ച്ച നല്‍കുന്ന പ്രകാശമായി പ്രോജ്വലിച്ച് നില്‍ക്കുന്നത്. നബി(സ) നടത്തിയ പ്രാര്‍ത്ഥനയില്‍ ഹൃദത്തിന് വെളിച്ചം ലഭിക്കുന്നതിലൂടെ വിജ്ഞാനത്തെയും അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ട ജീവിതത്തെയും അല്ലാഹുവോട് തേടുകയാണ്. അല്ലാഹുവേ എന്റെ ഹൃദയത്തില്‍ നീ പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ വലതു ഭാഗത്തും ഇടതു ഭാഗത്തും പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ മുകളിലും താഴെയും പ്രകാശമുണ്ടാക്കിത്തരേണമേ, എന്റെ മുന്നിലും പിന്നിലും പ്രകാശമുണ്ടാക്കിത്തരേണമേ, എനിക്ക് പ്രകാശത്തെ വലുതാക്കിത്തരേണമേ. (ബുഖാരി).

Feedback