Skip to main content

അല്‍ മജീദ്

സത്തയിലും പ്രവൃത്തിയിലും ഗുണവിശേഷണങ്ങളിലും മഹത്വമുള്ളവന്‍ എന്നാണ് അല്‍ മജീദ് എന്നപദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഈ വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അല്ലാഹുവിന്റെ അപാരമായ കഴിവും അനന്യമായ ജ്ഞാനവും അതുല്യമായ ഔദാര്യവും അവന്റെ മഹത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് അവന്റെ മഹത്വത്തെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. അല്ലാഹു തന്നെ മഹത്വത്തിന്റെ ഭാഗമായി അവന്റെ സിംഹാസനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അവന്‍ ഏറേ പൊറുക്കുന്നവനും ഏറേ സ്‌നേഹമുള്ളവനുമാകുന്നു സിംഹാസനത്തിന്റെ ഉടമയും മഹത്വമുള്ളവനുമാകുന്നു (85:14,15).

അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിനെയും മഹത്വമേറിയത് (മജീദ്) എന്ന് അവന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ''അല്ല അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു (85:21). സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത് (85:22). വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ മഹത്വത്തെപ്പറ്റി എടുത്തുപറയുന്നു. അവന്‍ മാത്രം ആരാധിക്കപ്പെടാന്‍ അര്‍ഹമാക്കുന്ന യോഗ്യതകളെ മഹത്വത്തിന്റെ അടയാളങ്ങളായി വിശദീകരിക്കുന്ന സൂറത്ത് അല്‍ ബഖറയില്‍ ആയതുല്‍ കുര്‍സിയ്യ് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തമാണ്. അല്ലാഹുവിന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും ഗുണവിശേഷണങ്ങളിലും അത്യുന്നതനാണെന്ന കാര്യം വളരെ ലളിതമായി പഠിപ്പിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസ് വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യായമായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്നിന് തുല്യമാണ് സൂറത്തുല്‍ ഇഖ്‌ലാസ് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. 

പ്രാര്‍ഥനയില്‍ അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങള്‍ എടുത്ത് പറയുന്ന രീതി നബി (സ) പഠിപ്പിച്ചിട്ടുണ്ട്. മഹത്വമേറിയവനായ അല്ലാഹുവിന്റെ ഗുണനാമം എടുത്തുപറഞ്ഞുകൊണ്ടാണ് നബി (സ)ക്ക് വേണ്ടിയുള്ള സ്വലാത്തിലും അല്ലാഹുവിനോട് തേടുന്നത്.
 

Feedback