Skip to main content

അല്‍ ബദീഅ്

അല്‍ ബദീഅ് (മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍) എന്നത് അല്ലാഹുവിന്റെ മറ്റൊരു ഗുണവിശേഷണമാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനില്‍ നടത്തിയ പ്രയോഗം ഇപ്രകാരമാണ്.

“ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും! അവനൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്''(6:101).

“അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (6:102).

“ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ, ഉടനെ അതുണ്ടാകുന്നു” (2:117).

ഏഴ് ആകാശങ്ങള്‍, വിശാലമായഭൂമി, സൂര്യചന്ദ്ര നക്ഷത്രാദികള്‍, ഗാലക്‌സികള്‍, ഭൂമിയിലെ സസ്യ ജന്തുജാലങ്ങള്‍, മനുഷ്യര്‍, പക്ഷികള്‍, വായു, വെള്ളം, തീ, സമുദ്രം, തിരമാലകള്‍, പര്‍വതങ്ങള്‍ എന്നിങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന, സചേതനവും അചേതനവുമായ ഈ സൃഷ്ടികളെയെല്ലാം മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവന്‍ അല്ലാഹുവാണ്. അല്‍ ബദീഅ് (മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവന്‍) എന്ന വിശേഷണം അല്ലാഹുവിന് മാത്രം യോജിച്ചതാണ്. കാരണം മനുഷ്യരുടെ ഏത് നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകയെ അവലംബിച്ചുകൊണ്ട് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാതൃകകളില്‍ നിന്ന് മനുഷ്യന്‍ ചിലത് രൂപകല്‍പന ചെയ്‌തെടുക്കുക മാത്രമാണ് ചെയ്യുന്നത്. അവന്റെ കഴിവിന്റെ പരിമിതിയെയാണ് അത് സൂചിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അതിലുള്ളവയെയും സൃഷ്ടിക്കുന്നത് മുന്‍ മാതൃകകളൊന്നും അലവംബിക്കാതെയാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പ് കുറ്റമറ്റതും പോരായ്മകളൊന്നും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തവിധം പൂര്‍ണ്ണതയുള്ളതുമാണ്. സൃഷ്ടിപ്പിലൂടൈ അല്ലാഹുവിന്റെ മഹത്വമുള്‍ക്കൊണ്ട് അവന് മാത്രം ആരാധനകളര്‍പ്പിക്കാനാണ് അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നത്. (6:102) മനുഷ്യന്‍ നിര്‍മിച്ചതില്‍ പാകപ്പിഴവുകള്‍ കാണാന്‍ കഴിയും, അതില്‍ അപാകതകള്‍ സംഭവിക്കും. അവന്റെ സൃഷ്ടിപ്പില്‍ അപൂര്‍ണതകള്‍ ധാരാളമുള്ളതുകൊണ്ട് അതിനൊരു സ്ഥായീഭാവമുണ്ടാവില്ല. ആ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ നാശ നഷ്ടങ്ങള്‍ക്ക് വിധേയമാവും. എന്നാല്‍, അല്ലാഹു സൃഷ്ടിച്ചതില്‍ യാതൊരു ന്യൂനതയും ആര്‍ക്കും ദര്‍ശിക്കാന്‍ സാധ്യമേയല്ല. അല്ലാഹു പറയുന്നു: “അവര്‍ക്ക് മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ, എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല” (50:6). 

“ഭൂമിയാകട്ടെ, നാമതിനെ വികസിപ്പിക്കുകയും അതില്‍, ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു” (50:7).

“സത്യത്തിലേക്ക് മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കാനും അനുസ്മരിക്കാനും വേണ്ടി” (50:8).

ഈ രൂപത്തില്‍, മുന്‍മാതൃകകളില്ലാതെ കുറ്റമറ്റ രൂപത്തില്‍ ഈ പ്രപഞ്ചത്തേയും അതിലെ സര്‍വതിനെയും സൃഷ്ടിച്ചത് ഏകനായ അല്ലാഹുവാണ്. സകലമാന ആരാധനകള്‍ക്കും അര്‍ഹനായവന്‍. അതുകൊണ്ട് അല്ലാഹുവിന്റെ അല്‍ ബദീഅ് എന്ന നാമ വിശേഷണത്തിന്റെ അര്‍ഥതലം ഉള്‍ക്കൊണ്ട് ആരാധന അല്ലാഹുവിന് മാത്രം സമര്‍പ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.
 

Feedback