Skip to main content

അല്‍ ഖബീര്‍

പ്രപഞ്ചത്തില്‍ നടക്കുന്ന അതിസൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചുപോലും വളരെ കൃത്യമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. സൂക്ഷ്മാണു ഇളകുന്നതും നിശ്ചലമാകുന്നതും മനസ്സുകള്‍ സ്വസ്ഥമാകുന്നതും അസ്വസ്ഥമാകുന്നതു പോലും അറിയാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്റെ ജ്ഞാനത്തിനും കേള്‍വിക്കും കാഴ്ച്ചക്കും പരിധിയില്ലാത്തതിനാല്‍, അവ സ്ഥലകാലങ്ങള്‍ക്കതീതമായതിനാല്‍ അല്‍ഖബീര്‍ (സൂക്ഷ്മജ്ഞന്‍) എന്ന വിശേഷണത്തിന് അര്‍ഹന്‍ അവന്‍ മാത്രമാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ അല്‍ഖബീര്‍ (സൂക്ഷ്മജ്ഞന്‍) എന്ന വിശേഷണം 45 സ്ഥലങ്ങളില്‍ തനിച്ചും മറ്റു വിശേഷണങ്ങളോട് ബന്ധപ്പെടുത്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘‘നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ച് കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്''(2:234).

ഖബീര്‍ എന്ന വാക്കിന്റെ നിഷ്പത്തി ഖബര്‍, ഖിബ്‌രിഅ് തുടങ്ങിയവയില്‍ നിന്നാണ്. പ്രത്യക്ഷവും പരോക്ഷവും ഭൗതികവും അഭൗതികവും ഐഹികവും പാരത്രികവുമായ സകല കാര്യങ്ങളെക്കുറിച്ചും സമഗ്രവും സമ്പൂര്‍ണവുമായി ജ്ഞാനമുള്ളവന്‍ എന്നാണ് അര്‍ഥമാക്കുന്നത്. ഓരോന്നിന്റെയും നിഗൂഢതലങ്ങളെക്കറിച്ച് അതിസൂക്ഷ്മ ജ്ഞാനമുള്ളവന്‍ എന്ന അര്‍ഥത്തില്‍ അല്‍ഖബീര്‍ അല്ലാഹു മാത്രമാണ്. അവന്ന് മറവിയോ അശ്രദ്ധയോ ഉറക്കമോ മയക്കമോ ബാധിക്കാത്തത് കൊണ്ട് അവന്റെ സൂക്ഷ്മജ്ഞാനം കൃത്യവും കണിശവുമാണ്. കണ്ണിന്റെ കട്ടുനോട്ടവും ഹൃദയത്തില്‍ ഒളിപ്പിച്ച് വെക്കുന്നതും കൃത്യമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യമനസ്സ് ശാസ്ത്രലോകത്തിന് ഇന്നും ഒരു സമസ്യയായി തുടരുന്ന ഒന്നാണ്. പഠനവും ഗവേഷണങ്ങളും ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും മനസ്സിനെ കൃത്യമായി നിര്‍വചിക്കുന്നിടത്ത് പോലും പൂര്‍ണമായി വിജയിക്കാന്‍ സാധിച്ചിട്ടില്ല. മനഷ്യമനസ്സിന്റെ അവസ്ഥകളെ പൂര്‍ണമായും സൂക്ഷ്മമായും അറിയാന്‍ കഴിയുന്നവന്‍ ആ മനസ്സിനെ സംവിധാനിച്ചവനായ അല്ലാഹു മാത്രമാണ്. മനഷ്യമനസ്സിലെ നിഗൂഢ കാര്യങ്ങളെപ്പോലും അറിയാനും അത് നിരീക്ഷിച്ച് അവന്റെ കര്‍മങ്ങളെ വിചാരണ ചെയ്യാനും സാധിക്കുന്നവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിന്റെ അപാരമായ കഴിവിനെ തിരിച്ചറിയുന്നതിലൂടെ കീഴൊതുക്കവും സൂക്ഷ്മതയുമുള്ളവനായി ജീവിക്കാന്‍ അല്ലാഹു മനുഷ്യനോട് കല്പിക്കുന്നു. മനസ്സിലുള്ളത് അതിസൂക്ഷ്മമായി അറിയുന്നവന്‍ (അല്‍ഖബീര്‍) എന്ന വിശേഷണത്തിന്റെ അര്‍ഥവ്യാപ്തി ബോധ്യപ്പെടുത്തിത്തരുന്നു: ‘‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു, അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുപ്പമുള്ളവനാകുന്നു’’ (50:16).

സകലമാന മനുഷ്യരുടെയും മനസ്സിലുള്ളത് കൃത്യമായും സൂക്ഷ്മമായും അറിയുന്നവന്‍ അല്ലാഹു മാത്രമായതിനാല്‍ മനുഷ്യന്റെ യഥാര്‍ഥ അവസ്ഥയും ജീവിത ചുറ്റുപാടും വെച്ച് കൊണ്ട് അവനെ വിചാരണ ചെയ്യുക അല്ലാഹുവിന് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അല്ലാഹു പറയുന്നു: ‘‘എന്നാല്‍ അവര്‍ അറിയുന്നില്ലേ, ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടുവരപ്പെടുകയും ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്താല്‍. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു’’(100: 9-11).

Feedback