Skip to main content

അല്‍ വാഹിദ്, അല്‍ അഹദ്

അസ്തിത്വത്തിന്റെ പ്രത്യേകത കൊണ്ടും തുല്യപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടും സത്തയിലും ഗുണഗണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായവന്‍ അല്ലാഹു മാത്രമാണ്. ഏകന്‍ എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ അല്‍ അഹദ്, അല്‍ വാഹിദ് എന്നീ പ്രയോഗങ്ങള്‍ വന്നിട്ടുണ്ട്. അവന്‍ ആദിമനാണ്. അവന്നു മുമ്പ് യാതൊന്നുമില്ല. അവന്റെ സത്തയിലോ ഗുണത്തിലോ പ്രവര്‍ത്തനങ്ങളിലോ ഏതെങ്കിലും നിലക്ക് യാതൊന്നിനെയും പങ്കാളികളാക്കാനോ യാതൊന്നിനോടും സാദൃശ്യം സങ്കല്‍പ്പിക്കാനോ സാധ്യവുമല്ല. അതുകൊണ്ട് രക്ഷാകര്‍തൃത്വത്തിലും ആരാധനയിലും ഗുണനാമങ്ങളിലും അല്ലാഹു ഏകനാണ്.

അല്ലാഹുവിന്റെ 'അല്‍ വാഹിദ്' എന്ന നാമം വിശുദ്ധ ഖുര്‍ആനില്‍ 22 ആയത്തുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അല്‍-അഹദ് എന്ന ഗുണനാമം സൂറത്തുല്‍ ഇഖ്‌ലാസില്‍ വന്നിട്ടുണ്ട്. രണ്ടു നാമങ്ങളുടെയും പദനിഷ്പത്തി 'വഹദ'യില്‍ നിന്നാണ്. സത്തയിലോ, ഗുണനാമങ്ങളിലോ പങ്കുകാരില്ലെന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരെ സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലെന്നും അതുകൊണ്ട് ആരാധ്യന്‍ എന്ന നിലക്ക് ഏകന്‍ അവന്‍ മാത്രമാണെന്നും അല്‍ വാഹിദ് എന്ന പദം സൂചിപ്പിക്കുന്നു. അവന് തുല്യരായി ആരുമില്ല. അല്ലാഹു പറയുന്നു: 'ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവന്‍. നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന്നു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു'(42:11).

അല്ലാഹുവിന്റെ അസ്തിത്വത്തിലും ഗുണനാമങ്ങളിലുമുള്ള ഏകത്വത്തെ കൃത്യമായി പഠിപ്പിക്കുന്നതിലൂടെ അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന ഇസ്‌ലാമിന്റെ കറകളഞ്ഞ ആദര്‍ശം വ്യക്തമായി വിവരിക്കുന്ന അധ്യായമാണ് സൂറത്തുല്‍ ഇഖ്‌ലാസ്. 'നിഷ്‌കളങ്കത' എന്ന് അധ്യായത്തിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം ലളിതമായി ഇതില്‍ പ്രതിപാദിക്കുന്നു. 'നബിയേ പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല താനും' (112:1-4).

ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവാരാധനയെ ലളിതവും കൃത്യവുമായി പഠിപ്പിക്കുന്ന ഈ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്നാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

വാഹിദ് എന്ന പദപ്രയോഗം ഖുര്‍ആനില്‍ അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപ്പിക്കുവാന്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. 'അഹദ്' എന്നത് വാഹിദ് (ഏകന്‍) എന്നതിനേക്കാള്‍ സാഹിത്യപരമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രയോഗമാണ്. അതായത് സൃഷ്ടിപ്പ്, രക്ഷാകര്‍തൃത്വം, അന്നം നല്‍കല്‍, ജീവിപ്പിക്കല്‍, മരിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഏകനായവന്‍. അവന് യാതൊരു നിലക്കും അവന്റെ ഗുണങ്ങളിലും പ്രവൃത്തികളിലും തുല്യന്മാരോ പങ്കുകാരോ ഇല്ല. അതുകൊണ്ട് തന്നെ യാതൊന്നിനോടും അവനെ സാദൃശ്യപ്പെടുത്താനും സാധ്യമല്ല.
 

Feedback