Skip to main content

അല്‍ ഖരീബ്


അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന അല്ലാഹുവിന്റെ നാമവിശേഷണം വിശുദ്ധ ഖുര്‍ആനില്‍ താഴെ പറയുന്ന സൂക്തങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു: ‘‘നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തുതന്നെയുള്ളവനും (പ്രാര്‍ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു ’’(11:61).

‘‘നീ പറയുക ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്ക് തന്നെയാണ് ഞാന്‍ നേര്‍മാര്‍ഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു’’(34:50).

അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന വിശേഷണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തുന്നത് അടിമകളുടെ പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിന് യാതൊരു മധ്യവര്‍ത്തിയുടെ ആവശ്യമില്ലാത്ത വിധം അടിമകളോട് അവന്‍ സമീപസ്ഥനാകുന്നു എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. അല്ലാഹുവിലേക്ക് ഇടയാളന്മാരില്ലാതെ പ്രാര്‍ഥിക്കാന്‍ സാധ്യമല്ലയെന്നും അതുകൊണ്ട് പുണ്യാത്മാക്കളെയും മഹാന്മാരെയും അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗമായി സ്വീകരിച്ച് അവരോട് പ്രാര്‍ഥന നടത്തുന്ന മഹാപാപമായ ശിര്‍ക്ക് സമൂഹത്തില്‍ എക്കാലത്തും വന്നുപെടാനുള്ള പ്രധാന കാരണം അല്‍ ഖരീബ് (സമീപസ്ഥന്‍) എന്ന വിശിഷ്ട നാമത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ പോയത് കൊണ്ടാണ്. അല്ലാഹു പറയുന്നു: ‘‘നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനായിരിക്കുന്നു എന്ന് പറയുക, പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവന്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയില്‍ ആകുവാന്‍ വേണ്ടിയാണത്’’ (2:186).

ഖേദപൂര്‍വ്വം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിലൂടെ വിശ്വാസിക്ക് അല്ലാഹുവോട് കൂടുതല്‍ സാമീപ്യം നേടാന്‍ സാധിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നു(11:61). അല്‍ ഖരീബ്, അഖ്‌റബ് എന്ന നാമവിശേഷണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനവുമായി ബന്ധപ്പെടുത്തിയും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ആകാശഭൂമുകളിലുള്ള യാതൊന്നും ഒരു നേരം പോലും അവന് നിഗൂഢമാകുന്നില്ല. അല്ലാഹുവിന്റെ നിരീക്ഷണം എത്താത്ത ഒരിടം പോലുമില്ല. അല്ലാഹു പറയുന്നു: ‘‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനും ആകുന്നു'' (50:16).

മരണനേരത്തുള്ള അവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘‘നിങ്ങള്‍ അന്നേരത്തെ നോക്കികൊണ്ടിരിക്കുമല്ലോ. നാമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളേക്കാളും അടുത്തവന്‍. പക്ഷേ, നിങ്ങള്‍ കണ്ടറിയുന്നില്ല''(56:84,85). ദൈവസ്മരണയും അല്ലാഹുവിന് ഇഷ്ടപ്പെട്ട പ്രാര്‍ഥനകളും ഒക്കെ അടിമക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളാണ്. കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും കാണുന്നതു പോലെ അവനെ ആരാധിക്കാന്‍ മാത്രം അല്ലാഹുവിന്റെ സാമീപ്യം ഒരടിമക്ക് അനുഭവിക്കാന്‍ കഴിയും.

Feedback