Skip to main content

അല്‍ അവ്വല്‍, അല്‍ ആഖിര്‍

അവ്വല്‍ എന്നാല്‍ ആദ്യത്തേത് എന്നാണ് അര്‍ഥം. എന്നാല്‍ അല്ലാഹുവിന്റെ നാമമായി പറയുമ്പോള്‍ അനാദ്യന്‍ എന്നാണ് പറയുന്നത്. കാരണം ആദ്യമെന്നു പറയാനാവാത്തതിനാല്‍ എന്നെന്നും നിലനില്‍ക്കുന്നവന്‍ എന്നാണതിന്റെ ആശയം. മറ്റു വസ്തുക്കളെല്ലാം അസ്തിത്വം നേടിയത് അല്ലാഹുവില്‍ നിന്നാണ്. അവനാകട്ടെ സ്വയംഭൂവുമാണ്. അവന്‍ മറ്റാരില്‍ നിന്നും അസ്തിത്വം നേടിയതല്ല.


    
ഏതൊരു വസ്തുവിന്റെയും സൃഷ്ടിയുടേയും സത്തയെക്കുറിച്ച അന്വേഷണവും ജ്ഞാനവും മനുഷ്യബുദ്ധിയുടെ ചിന്തക്കോ ഭാവനക്കോ അപ്പുറമുള്ള പദാര്‍ത്ഥാതീതനായ അല്ലാഹുവിലേക്കാണ് ചെന്നെത്തുന്നത്. അവനെപ്പറ്റി അറിയുന്നതിന് മുമ്പ് നേടുന്ന സര്‍വ്വജ്ഞാനങ്ങളും അവനെക്കുറിച്ച ജ്ഞാനത്തിലേക്കുള്ള വഴിയാണ്. എല്ലാത്തിന്റേയും ആരംഭം അവനില്‍ നിന്നായത് പോലെ എല്ലാം ചെന്നെത്തുന്നതും സ്ഥലകാല പരിമിതികള്‍ക്കൊക്കെ അതീതനായ അല്ലാഹുവിലേക്കാണ്. എല്ലാ ചരാചരങ്ങള്‍ക്കും പ്രപഞ്ചത്തിനു തന്നെയും അന്ത്യമുണ്ട്. അല്ലാഹുവിന് അന്ത്യമില്ല. ഒരുനാളും അവസാനിക്കാതെ അവശേഷിക്കുന്ന അസ്തിത്വം എന്ന നിലയിലാണ് ആഖിര്‍ എന്ന് പറയുന്നത്. നബി(സ) നടത്തിയ പ്രാര്‍ത്ഥനയുടെ സാരംശം ഉള്‍ക്കൊള്ളുമ്പോള്‍ അല്ലാഹുവിന്റെ ഈ വിശിഷ്ട ഗുണം അതില്‍ എടുത്ത് പറയുന്നതായി കാണാന്‍ കഴിയും.

നബി(സ) പ്രാര്‍ത്ഥിച്ചു. നീയാണ് ആദിമന്‍, നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാ അന്തിമന്‍, നിനക്ക് ശേഷം യാതൊന്നുമില്ല. നീ പ്രത്യക്ഷനാണ്, നിനക്ക് മുകളിലായി യാതൊന്നുമില്ല. നീ പരോക്ഷനാണ്, നിനക്ക് താഴെയായി യാതൊന്നുമില്ല. ഞങ്ങളുടെ കടം നീ വീട്ടിത്തരേണമേ, ദാരിദ്ര്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ധന്യത നല്‍കുകയും വേണമേ (മുസ്‌ലിം).

അല്‍-ആഖിര്‍ (എന്നെന്നും അവശേഷിക്കുന്നവന്‍) എന്ന വിശേഷണം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതായി മറ്റ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും. അല്ലാഹു പറയുന്നു: “അവിടെ (ഭൂമുഖത്ത്) ഉള്ള എല്ലാവരും നശിച്ചുപോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്.'' (55:2627).

അല്ലാഹു പറയുന്നു: “അവന്‍ ആദിയും, അന്തിമനും, പ്രത്യക്ഷമായവനും, പരോക്ഷമായവനും ആണ്. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ് (57:3).
 

Feedback