Skip to main content

അല്‍ ജബ്ബാര്‍

അല്‍ ജബ്ബാര്‍ എന്ന അല്ലാഹുവിന്റെ ഗുണനാമം കൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ ഇഛ സകലരിലും നടപ്പാക്കുന്നവന്‍ എന്നതാണ്. എന്നാല്‍ അവനില്‍ മറ്റാരുടെയും ഇച്ഛ നടപ്പാവുകയില്ല. അവന്റെ നിയന്ത്രണത്തില്‍ നിന്ന് ആരും പുറത്താവുകയില്ല. അവന്റെ സഹായം എല്ലാവര്‍ക്കും അത്യാവശ്യമായി വേണ്ടിവരും. അതിനാല്‍ അല്‍ ജബ്ബാര്‍ അല്ലാഹു മാത്രമാണ്. അവന്‍ സകലതിനെയും അടക്കി ഭരിക്കുന്നു. അവനെ ഭരിക്കാന്‍ ആര്‍ക്കും കഴിയില്ല. സര്‍വ്വവിധ അധികാരത്തിന്റെയും ഉടമസ്ഥായ അല്ലാഹുവിന് മാത്രമേ അല്‍ ജബ്ബാര്‍ (അടക്കി ഭരിക്കുന്നവന്‍) എന്ന ഗുണനാമത്തിന് അര്‍ഹതയുള്ളൂ. 

ജബ്ബാര്‍ എന്ന നാമം വിശുദ്ധഖുര്‍ആനില്‍ മനുഷ്യനുമായി ബന്ധപ്പെടുത്തി പ്രയോഗിച്ചിട്ടുള്ളത് ആക്ഷേപാര്‍ഹമായ ദുര്‍ഗുണമായിട്ടാണ് ‘‘അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ടരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു’’(40:35). ‘‘അവര്‍ പറഞ്ഞു: 'ഓ മൂസാ  പരാക്രമശാലികളായ (ജബ്ബാരീന) ഒരു ജനതയാണ് അവിടെയുള്ളത്’’(5:22). ഈസാ(അ) പറഞ്ഞ വാക്കുകളായി അല്ലാഹു പറയുന്ന അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനും (ജബ്ബാറന്‍ അസ്വിയ്യ) ആക്കിയിട്ടില്ല (19:32). അധികാരവും, മഹത്വവും, ഒക്കെ മനുഷ്യനെ അഹങ്കാരിയും ദുരഭിമാനിയും പൊങ്ങച്ചക്കാരനും ആക്കി മാറ്റുന്ന ഭൂമിയില്‍ വഴിവിട്ട് ജീവിക്കാനും അക്രമം നടത്താനും മറ്റുള്ളവരോട് അവിഹിതമായ ഇടപെടലുകള്‍ നടത്താനും അനര്‍ഹമായ സ്വാധീനവും ഉപയോഗിക്കാനും അത് കാരണമാകുന്നു. അത്‌കൊണ്ട് തന്നെ സൃഷ്ടികളോട് ബന്ധപ്പെടുത്തി ഈ നാമം ആക്ഷേപാര്‍ഹമായ ദുര്‍ഗുണമായിട്ടാണ് ഉപയോഗിച്ചത്. സാക്ഷാല്‍ മഹത്വവും അന്തസ്സും അധികാരവും അല്ലാഹുവിനാണെന്നിരിക്കെ അവന് മാത്രമേ അതിന്റെ പേരില്‍ അഹങ്കാരം കാണിക്കാനും പ്രതാപം നടിക്കാനും അവകാശമുള്ളൂ. ആ അര്‍ഥതലമാണ് ‘അല്‍ ജബ്ബാര്‍' എന്ന അല്ലാഹുവിന്റെ ഗുണവിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Feedback