Skip to main content

അല്‍ വഹ്ഹാബ്

‘ഹിബത്'(ദാനം) എന്ന വാക്കില്‍ നിന്ന് നിഷ്പന്നമായതാണ് ‘വഹ്ഹാബ്' എന്ന പദം. പ്രത്യുപകാരം ആഗ്രഹിക്കാതെ സന്തോഷത്തോടെ നല്കുന്ന ദാനത്തിനാണ് ‘ഹിബത്' എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ദാനം ധാരാളമായി ചെയ്യുന്നവന് ‘വഹ്ഹാബ്' എന്ന്പറയും. ‘അത്യുദാരന്‍' എന്നര്‍ഥം. സ്വാര്‍ത്ഥ താല്‍പര്യം ലക്ഷ്യമാക്കിയാണ് മിക്കപ്പോഴും പലരും ദാനം നല്‍കുന്നത്. പ്രശംസ, സ്‌നേഹം എന്നിവ ആഗ്രഹിച്ചും ദാനം ചെയ്യാറുണ്ട്. ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയും ദാനം ചെയ്‌തെന്നു വരാം. എന്നാല്‍ ഇത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയൊന്നും പേരിലല്ലാതെ എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും പൂര്‍ത്തികരിച്ചുകൊടുക്കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. വഹ്ഹാബ്(അത്യുദാരന്‍) എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍ അല്ലാഹു മാത്രമാണ്. 

എണ്ണി തിട്ടപെടുത്താനാവാത്തവിധമുള്ള അനുഗ്രഹങ്ങളുടെ ദാതാവാണ് അല്ലാഹു. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിയും അല്ലാഹുവിന്റെ അത്യുദാരതയുടെ ഫലങ്ങള്‍ ദിനേന വിവിധ തരത്തിലുള്ള അനുഗ്രഹങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹു മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി നിയോഗിക്കുകയും അദ്ദേഹത്തിന് ദിവ്യ സന്ദേശം നല്‍കുകയും ചെയ്തത് സ്ഥാനമാമങ്ങളെപ്പറ്റിയുള്ള ബഹുദൈവ വിശ്വാസികളുടെ കാഴ്ചപ്പാടിന് വിപരീതമായിട്ടായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹന്‍ എന്നായിരുന്നു അവരുടെ അഭിപ്രായം. അത്യുദാരനായ അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണിതെല്ലാം എന്ന് അല്ലാഹു വ്യക്തമാക്കി: ‘‘അതല്ല പ്രതാപിയും അത്യുദാരനുമായ നിന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?'' (38:9). 

അനുപമമായ കാരുണ്യത്തിന്റെയും അതുല്യമായ സ്‌നേഹത്തിന്റെയും അനുഗ്രഹങ്ങളുടെയും കേദാരമായ അല്ലാഹുവിന് മാത്രമേ അത്യുദാരന്‍(അല്‍ വഹ്ഹാബ്) എന്ന നാമവിശേഷണം പൂര്‍ണാര്‍ഥത്തില്‍ യോജിക്കുകയുള്ളൂ. അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ)പറഞ്ഞു. ‘അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. നീ ധനം ചെലവഴിക്കുന്നു എങ്കില്‍ നിനക്ക് വേണ്ടി ഞാനും ധനം ചെലവഴിക്കും. അല്ലാഹുവിന്റെ കരങ്ങള്‍ നിറഞ്ഞതാണ്. രാപകലില്ലാതെ നല്‍കുന്നു എന്നത് അവന്റെ കൈയിലുള്ളതിന് യാതൊരു കുറവും വരുത്തുകയില്ല. ആകാശഭൂമികളുടെ സൃഷ്ടിപ്പ് മുതല്‍ അവന്‍ ചെലവഴിച്ചു കൊണ്ടേയിരുന്നത് എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നിട്ടും  അവന്റെ പക്കല്‍ കുറഞ്ഞുപോയിട്ടില്ല. ജലത്തിന്റെ മീതെയായിരുന്നു അവന്റെ സിംഹാസനം. അവന്റെ കൈയില്‍ തുലാസ് ഉണ്ടായിരുന്നു അത് അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നു’(ബുഖാരി, മുസ്‌ലിം, തിര്‍മിദി, ഇബ്‌നു മാജ, അഹ്മദ്). അല്ലാഹു ധന്യനാണ് അവനല്ലാത്തവയെല്ലാം അവനിലേക്ക് ധന്യത തേടുന്നവയും ആവശ്യക്കാരുമാണ്, അല്ലാഹു അത്യുദാരനാണ്. അവന് മറ്റൊരാളുടെ ഔദാര്യമോ ദാനമോ ആവശ്യമില്ല. കാരണം അവനെ ആശ്രയിച്ചാണ് സൃഷ്ടിലോകത്തിലുള്ള സര്‍വതും നിലനില്‍ക്കുന്നത്. ദാനവും ഉദാരതയും അവന്റെ ഖജനാവുകളില്‍ നിന്ന് യാതൊരു കുറവും ബാധിക്കാത്ത രൂപത്തില്‍ അത്യുദാരനാവാന്‍ കഴിയുന്നവന്‍ അവന്‍ മാത്രമാണ്. അതുകൊണ്ട് അല്‍ വഹ്ഹാബ് അല്ലാഹുവിന്റെ മാത്രം ഗുണവിശേഷണമാണ്.

Feedback