Skip to main content

അസ്സലാം

സത്തയും ഗുണങ്ങളും പ്രവൃത്തിയും സകലവിധ ന്യൂനതയില്‍ നിന്നും മുക്തനായവന്‍ എന്ന അര്‍ഥമാണ് അസ്സലാം. അത് അല്ലാഹുമാത്രമാണ്. ലോകത്തെങ്ങുമുള്ള ഏതൊരു രക്ഷയും അവനില്‍ നിന്നാണ്. ദോഷം വരുത്തിവയ്ക്കാനായി മാത്രം അല്ലാഹു ഒരു പ്രവൃത്തിയും ചെയ്യുകയില്ല. പ്രത്യക്ഷത്തില്‍ ദോഷമെന്ന് തോന്നുന്ന അവന്റെ പ്രവൃത്തിക്ക് പിന്നില്‍ ഏതെങ്കിലും വലിയ ഗുണം ഒളിഞ്ഞിട്ടുണ്ടായിരിക്കും നമസ്‌കാരാന്തരം നബി(സ്വ) ചൊല്ലിയിരുന്ന പ്രാര്‍ഥനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

‘‘അല്ലാഹുവേ നീയാണ് രക്ഷ, നിന്നില്‍ നിന്നാണ് രക്ഷ, മഹത്വത്തിന്റെയും ആദരവിന്റെയും ഉടമസ്ഥനായവനേ, നീ അനുഗ്രഹപൂര്‍ണനായിരുക്കുന്നു".

മരണം, മയക്കം, ഉറക്കം എന്നിങ്ങനെയുള്ള എല്ലാ നിസ്സഹായവസ്ഥകളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും സുരക്ഷിതനായവന്‍ അവന്‍ മാത്രമാണ്.

‘‘അല്ലാഹു, അവനൊഴികെ ആരാധ്യരായി മറ്റാരുമില്ല, അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും സര്‍വനിയന്താവായുള്ളവനുമാകുന്നു. അവന് ഉറക്കമോ മയക്കമോ പിടിപെടുകയില്ല"(2:255).

ആകാശഭൂമികളുടെയും അവക്കിടയിലുള്ള സര്‍വ്വതിന്റെയും സൃഷ്ടിപ്പില്‍ അല്ലാഹുവിന് ക്ഷീണമോ പ്രയാസമോ അശക്തതയോ നേരിട്ടില്ല. അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായും സുരക്ഷിതനായവന്‍ അല്ലാഹുമാത്രമാണ്. അല്ലാഹു പറയുന്നു: ‘‘ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടില്ല” (50:38). സംശയം, അവ്യക്തത, അജ്ഞത തുടങ്ങിയ ന്യൂനതകളില്‍ നിന്നെല്ലാം അല്ലാഹുവിന്റെ ജ്ഞാനം സുരക്ഷിതമാണ്, ആ അര്‍ഥത്തില്‍ അല്ലാഹു അന്യൂനന്‍, സുരക്ഷിതന്‍(അസ്സലാം) ആണ്. അസത്യം, അക്രമം എന്നീ ന്യൂനതകളില്‍ നിന്ന് പൂര്‍ണമായും സുരക്ഷിതമായതാണ് അല്ലാഹുവിന്റെ വചനങ്ങള്‍. അത് കൊണ്ട് അസ്തിത്വത്തിലും പരമാധികാരത്തിലും പങ്കുകാരില്ല. സഹായികളില്‍ നിന്നും പങ്കാളികളില്‍ നിന്നും പൂര്‍ണമായി മുക്തനായ അല്ലാഹു അന്യൂനന്‍(അസ്സലാം) ആണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ന്യൂനതകള്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. അവന്‍ ക്ലിപ്തപ്പെടുത്തിയതിലും അവന്റേതായ ചില തീരുമാനങ്ങളുണ്ട്, തത്വങ്ങളുണ്ട്. മൊത്തത്തില്‍ അവന്‍ സര്‍വര്‍ക്കും രക്ഷയും സമാധാനവും നല്‍കുന്നവനാണ്. സകലമാന ന്യൂനതകളില്‍ നിന്നും സുരക്ഷിതനായവന്‍ അല്ലാഹു മാത്രമാണ്.

Feedback