Skip to main content

അല്‍ ഹമീദ്

വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഹമീദ് (സ്തുത്യര്‍ഹന്‍) എന്ന വിശേഷണ നാമം 17 തവണ ആവര്‍ത്തിച്ച് വന്നിട്ടുണ്ട്. പ്രവാചകന്‍ (സ) പഠിപ്പിച്ചു തന്നിട്ടുള്ള സ്വലാത്തില്‍ അവസാന ഭാഗത്ത് അല്ലാഹുവിന്റെ ഈ വിശേഷണ നാമം എടുത്തു പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'സത്യ വിശ്വാസികളേ നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉത്പാദിപ്പിച്ചു തരുന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കാനായി കരുതി വെക്കരുത്. തീര്‍ച്ചയായും അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക'(2:267).

ആകാശഭൂമികളിലുള്ള സകല സൃഷ്ടികളും വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവിധ ഔദാര്യത്തിന്റെയും പൂര്‍ണതയുടെയും ഗുണങ്ങള്‍ സമ്മേളിച്ചവനായ അല്ലാഹു മാത്രമാണ് സ്തുതിക്കപ്പെടാനും വാഴ്ത്തപ്പെടാനും അര്‍ഹന്‍. ആ അര്‍ഥത്തില്‍ അല്‍ ഹമീദ് (സ്തുത്യര്‍ഹന്‍) എന്ന വിശേഷണത്തിന് അവന്‍ മാത്രമാണ് അര്‍ഹന്‍. വിശാലമായ കാരുണ്യത്തിന്റെയും അഗാധമായ ജ്ഞാനത്തിന്റെയും അത്യുദാരതയുടെയും ഉത്കൃഷ്ട ഗുണങ്ങള്‍ ഒത്തുചേര്‍ന്നവനായ അല്ലാഹുവിനെ ആരും സ്തുതിക്കുന്നില്ലെങ്കിലും അവന്റെ മഹത്വത്തിന് അതിന്റെ പേരില്‍ കോട്ടം സംഭവിക്കുകയോ, അവന്റെ ഔന്നിത്യത്തിന് കുറവ് സംഭവിക്കുകയോ ചെയ്യുന്നില്ല. കാരണം അവന്‍ ഐശ്വര്യവാനും ധന്യനുമാണ്. അല്ലാഹുവിനെ അവന്റെ അടിമകള്‍ സ്തുതിച്ചാല്‍ അതിന്റെ ഗുണം അവര്‍ക്ക് തന്നെയാണ്.

അബൂ മാലിക് അശ്അരി (റ) പറയുന്നു: റസൂല്‍ (സ) പറഞ്ഞു: ''ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ് അല്ലാഹുവിനുള്ള സ്തുതി കര്‍മങ്ങളുടെ തുലാസിനെ നിറയ്ക്കുന്നതാണ് (മുസ്‌ലിം). സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന് സര്‍വ സ്തുതിയും എന്ന് വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അധ്യായത്തിലെ പ്രാരംഭസൂക്തമാണ്. മുസ്‌ലിം നിര്‍ബന്ധമായും ദിനേന 17 തവണ സ്തുതിയുടെ വാക്യം ആവര്‍ത്തിക്കുന്നു. ഇവ കൂടാതെ അനേകം തവണ അല്ലാഹുവിനുള്ള സ്തുതികള്‍ അര്‍പ്പിച്ച് കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു:  'വിശ്വാസികളുടെ മനസ്സുകളിലുള്ള പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: 'ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല'(7:43).
 

Feedback