Skip to main content

അസ്സ്വമദ്

അല്ലാഹുവിന്റെ അസ്സ്വമദ് എന്ന ഗുണനാമത്തിന്റെ അര്‍ഥം സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന, ആരുടേയും ആശ്രയം വേണ്ടാത്ത യജമാനന്‍ എന്നാണ്. അസ്സ്വമദ് എന്ന വിശേണ നാമം പരിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഇഖ്‌ലാസിന്റെ രണ്ടാമത്തെ സൂക്തത്തില്‍ മാത്രമാണ് വന്നിട്ടുള്ളത്. നബിയേ പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (112:1,2) അസ്സ്വമദ് എന്ന ഗുണനാമത്തിന്റെ അര്‍ഥപരിധിയില്‍ അല്ലാഹു പരിപാലകന്‍(അര്‍റബ്ബ്), അധിപന്‍(അല്‍മാലിക്), നിയന്താവ്(അല്‍മുദബ്ബിര്‍), യജമാനന്‍(അസ്സയ്യിദ്) എന്നീ വിശേഷണങ്ങളൊക്കെ ഉള്‍ചേര്‍ന്നിരിക്കുന്നു. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന് മറ്റാരുടെയും പരിപാലനം ആവശ്യമില്ല. സര്‍വ്വവസ്തുക്കളുടെയും മേല്‍ ആധിപത്യമുള്ളവനായ അല്ലാഹു മറ്റാരുടെയും ആധിപത്യത്തിലോ, നിയന്ത്രണത്തിലോ കഴിയുന്ന അവസ്ഥയുമില്ല. അന്നദാതാവായ അല്ലാഹുവിന് അന്നം നല്‍കേണ്ട ആവശ്യമില്ല. സൃഷ്ടികളൊക്കെ അവനിലേക്ക് ആവശ്യക്കാരാണ്. അവന്റെ ആശ്രയമോ സഹായമോ ആവശ്യമില്ലാത്ത ഒരു സൃഷ്ടിപോലും ലോകത്തില്ല. 

അല്ലാഹു പറയുന്നു: 'മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സുത്യര്‍ഹനുമാകുന്നു'(35:15).

സമൂഹജീവി എന്ന നിലക്ക് ഭൗതിക ജീവിതത്തില്‍ മനുഷ്യന് പരസ്പരാശ്രയത്വം അനിവാര്യമാണ്. അവന്റെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് മനുഷ്യര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുമ്പോള്‍  മാത്രമാണ്. ഭൗതിക ജീവിതത്തില്‍ മനുഷ്യരുടെ പരസ്പരാശ്രയത്വം അനിവാര്യമാണെങ്കിലും, മുഴുവന്‍ മനുഷ്യരും അത്യന്തികമായി ആശ്രയിക്കുന്നത് മനുഷ്യകഴിവുകള്‍ക്കതീതമായിട്ടുള്ള കഴിവിനുടമയായ സാക്ഷാല്‍ സ്രഷ്ടാവിനെയാണ് എന്ന് ചുരുക്കം. സര്‍വ്വരുടെയും ആശ്രയമായിട്ടുള്ളവന്‍ (അസ്സ്വമദ്) എന്ന വിശേഷണത്തിന് പൂര്‍ണാര്‍ഥത്തില്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.

Feedback