Skip to main content

അല്‍ ബസ്വീര്‍

അല്ലാഹു എല്ലാം കാണുന്നു. ഭൂമിയുടെ അഗാധതയില്‍ കിടക്കുന്ന വസ്തുക്കള്‍ പോലും. അവന് കാണാന്‍ കണ്ണോ കൃഷ്ണമണിയോ ആവശ്യമില്ല. മനഷ്യന്റെ കാഴ്ചക്ക് പരിധിയും പരിമിതിയും ഉണ്ട്. അവന്‍ കാണുന്ന വസ്തുക്കളുടെ രൂപവും നിറവും മനസ്സില്‍ പതിയുന്നു. എന്നാല്‍ അല്ലാഹുവിന് അതിന്റെ ഒന്നും ആവശ്യമില്ല. അവന്റെ കാഴ്ച്ചശക്തി അതിനെല്ലാം അതീതമാണ്. കാണുന്ന വസ്തുവിനെക്കുറിച്ച് സമ്പൂര്‍ണമായ ജ്ഞാനം നേടിക്കൊടുക്കുന്ന ഒരു ഗുണമാണ് അല്ലാഹുവിന്റെ കാഴ്ച്ച. മനഷ്യന്റെ കാഴ്ച്ചകൊണ്ട് ദൃശ്യവസ്തുക്കളുടെ ബാഹ്യഭാഗങ്ങള്‍ മാത്രമേ കാണാനാകൂ. എന്നാല്‍ അതുകൊണ്ട് ലഭിക്കുന്നതിനേക്കാള്‍ മനുഷ്യസങ്കല്‍പ്പത്തിനതീതമാണ് ദിവ്യദൃഷ്ടികൊണ്ട് ലഭിക്കുക. ദുര്‍ബലമായ കാഴ്ച്ച കൊണ്ട് മനഷ്യന് സമീപത്തുള്ള വസ്തുവിന്റെ തന്നെ ആന്തരിക ഭാഗം കാണില്ല.

അല്ലാഹുവിന്റെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്ന സര്‍വദ്രഷ്ടാവ് എന്ന് അര്‍ത്ഥം ലഭിക്കുന്ന ‘അല്‍ ബസ്വീര്‍' വിശുദ്ധ ഖുര്‍ആനില്‍ 42 സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങള്‍ എവിടെ ആയിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്.

‘‘അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു’’ (57:4) അല്ലാഹുവിന്റെ ജ്ഞാനം സമഗ്രവും സമ്പൂര്‍ണവുമാകുന്നത് അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമായത്‌ കൊണ്ടാണ് ജനനം, മരണം, സൃഷ്ടിപ്പ്, ഉപജീവനം തുടങ്ങിയ ഓരോ അവസ്ഥകളെയും അതിസൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു അല്ലാഹു. അവന്റെ കാഴ്ച്ചയും ജ്ഞാനവും എത്താത്ത ഒരിടവും പ്രപഞ്ചത്തിലില്ല. അല്ലാഹു പറയുന്നു: ‘‘(നബിയേ) നീ വല്ല കാര്യത്തിലും ഏര്‍പ്പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍നിന്ന് വല്ലതും ഓതികേള്‍പ്പിക്കുകയോ നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടുപോവുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പ്പെടാത്തതായി ഇല്ല’’ (10:61). ഫിര്‍ഔനിന്റെ അരികിലേക്ക് പ്രബോധന ദൗത്യവുമായി പോകാന്‍ മൂസാ(അ) നോടും ഹാറൂന്‍ നബിയോടും അല്ലാഹു കല്പ്പിക്കുന്നു. ഫിര്‍ഔനിന്റെ പ്രതികരണവും പര്യവസാനവും എങ്ങനെയാകുമെന്ന് അല്ലാഹുവിന് നിശ്ചയമുണ്ട്. ആ രണ്ട് പ്രവാചകന്മാരോട് അല്ലാഹുവിന്റെ സമാശ്വാസവാക്കുകളായിട്ട് അല്ലാഹു കൂടെയുണ്ട് എന്ന് പറയുമ്പോള്‍ അവന്റെ അപാരമായ രണ്ട് കഴിവുകള്‍ (കേള്‍വിയും കാഴ്ച്യും) എടുത്ത് പറയുന്നു. ‘‘അല്ലാഹു (അവന്‍) പറഞ്ഞു നിങ്ങള്‍ ഭയപ്പെടേണ്ട, നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്’’ (20:46). 

നബി(സ) ജനങ്ങളെ അഭിമുഖീകരിക്കവെ ഒരിക്കല്‍ ജിബ്രീല്‍(അ) വന്ന് പ്രവാചകനോട് ചോദിച്ചു എന്താണ് ഇഹ്‌സാന്‍, നബി(സ) പറഞ്ഞു: ‘അല്ലാഹുവെ നീ നേരില്‍ കാണുന്നത്‌പോലെ ആരാധിക്കുക നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുകയാണ് ’(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം). 

അല്ലാഹു സര്‍വ കാര്യങ്ങളും നിരീക്ഷിച്ചറിയുന്നവനാകുന്നു എന്ന ബോധമാണ് വിശ്വാസിയെ ഭയഭക്തനും കര്‍മങ്ങളില്‍ സൂക്ഷ്മതയുള്ളവനാക്കി മാറ്റുന്നത്.

Feedback