Skip to main content

സവിശേഷ ഗുണങ്ങളും ഉത്കൃഷ്ട നാമങ്ങളും (76)

പ്രപഞ്ചസ്രഷ്ടാവായ ദൈവം എന്ന ആശയം കുറിക്കാന്‍ ഓരോ ഭാഷയിലും പ്രത്യേകം പദങ്ങളുണ്ട്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അല്ലാഹു എന്നത് കേവലം അറബി വാക്ക് എന്നതിലപ്പുറം അത് പ്രപഞ്ചനാഥന്റെ സംജ്ഞാനാമമാണ്. യഥാര്‍ഥ ആരാധ്യന്‍ എന്ന അര്‍ഥത്തിലുള്ള അല്‍ ഇലാഹ് എന്നതില്‍ നിന്ന് നിഷ്പന്നമായതാണ് അല്ലാഹു എന്ന വീക്ഷണമുണ്ട്. എന്നാല്‍ മറ്റൊന്നില്‍നിന്ന് നിഷ്പന്നമല്ലാത്ത മഹത്തായ നാമം (അല്‍ ഇസ്മുല്‍ അഅ്ദം) ആണ് അല്ലാഹു എന്നും അഭിപ്രായമുണ്ട്. ഇസ്മുല്‍ ജലാലത് (മഹത്വത്തിന്റെ നാമം) എന്നും പറയാവുന്നതാണ്.

‘‘അല്ലാഹു എന്ന അടിസ്ഥാന നാമത്തിനു പുറമെ വേറെയും ഉത്കൃഷ്ട നാമങ്ങള്‍ (അല്‍ അസ്മാഉല്‍ ഹുസ്‌നാ) അവന്നുണ്ട്. ആ നാമങ്ങള്‍ ചേര്‍ത്തുവിളിച്ചും പ്രാര്‍ഥിക്കാവുന്നതാണ്. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഉത്കൃഷ്ട നാമങ്ങള്‍" (17:110).  നബി(സ) ഇക്കാര്യം ഇങ്ങനെ വിശദീകരിച്ചു. ‘അല്ലാഹുവിന് തൊണ്ണൂറ്റി ഒന്‍പത് നാമങ്ങളുണ്ട്. അവ മനസ്സില്‍ സൂക്ഷിക്കുന്നയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല’ (ബുഖാരി).

തൊണ്ണൂറ്റി ഒന്‍പത് പേരുകള്‍ റസൂലുല്ലാഹി എണ്ണിപ്പഠിപ്പിച്ചിട്ടില്ല. ഖുര്‍ആനിലും ഹദീസിലും വന്ന ആശയങ്ങള്‍ ചേര്‍ത്ത് ആ പേരുകള്‍ നമുക്ക് മനസ്സിലാക്കാം. എണ്ണത്തില്‍ വലിയ പ്രാധാന്യമില്ല. മാത്രമല്ല, ആ പേരുകള്‍ മനപ്പാഠമാക്കുകയോ എഴുതിത്തൂക്കുകയോ ചെയ്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. നേരെമറിച്ച്, അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങളും അവയുടെ പൊരുളും അറിഞ്ഞ് അവയിലേതെങ്കിലും വിളിച്ചു പ്രാര്‍ഥിക്കുകയും അവയിലൂടെ അല്ലാഹുവിനെ അടുത്തറിയുകയും ചെയ്യുകയാണ് വിശ്വാസികളുടെ ബാധ്യത.

അല്ലാഹുവിന്റെ പേരുകള്‍ എന്നത് കേവലം അലങ്കാര നാമങ്ങളല്ല. സര്‍വശക്തനായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സവിശേഷനാമങ്ങളാണ്. ഈ ഗുണങ്ങളിലൂടെയും നാമങ്ങളിലൂടെയുമാണ് യഥാര്‍ഥത്തില്‍ അല്ലാഹുവിനെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രത്യേകത കൂടിയാണ്. അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കണം. അപ്പോഴേ പ്രാര്‍ഥനയ്ക്ക് ആത്മാര്‍ഥതയുണ്ടാവൂ. മറ്റു ചില സമൂഹങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കാനിടയായത് സ്രഷ്ടാവിനെ മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘‘അല്ലാഹുവിനെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്’’ (6: 91).

ചില മതങ്ങളില്‍ ദൈവം നിര്‍വികാരനും നിര്‍ഗുണനുമാണ്. ചിലര്‍ ദൈവത്തെ കണ്ടത് ക്രൂര സ്വഭാവക്കാരനായിട്ടാണ്. മറ്റുചിലര്‍ ദൈവികത പകര്‍ത്തിയത് രൗദ്ര ഭാവത്തിലാണ്. ഒട്ടും കാരുണ്യമില്ലാത്ത ഔന്നത്യത്തിലിരിക്കുന്ന ചക്രവര്‍ത്തി കണക്കേ ദൈവത്തെ മനസ്സിലാക്കിയവരുമുണ്ട്. എന്നാല്‍, ഇസ്ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണ്. സ്വന്തം അമ്മയേക്കാള്‍ നമ്മോട് വാത്സല്യം കാണിക്കുന്ന ദൈവത്തെപ്പറ്റിയുള്ള ഓര്‍മ മനുഷ്യനില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു. അത്തരം ഗുണവിശേഷങ്ങളുള്‍ക്കൊള്ളുന്ന സവിശേഷ നാമങ്ങളാണ് അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങള്‍. അല്ലാഹു എന്ന പേരുകഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ നാമം റഹ്മാന്‍, റഹീം എന്നിവയാണ്. കാരുണ്യാതിരേകത്തിന്റെ മകുടോദാഹരണങ്ങളാണ് ആ നാമങ്ങള്‍.

കരുണ(റഹ്മത്ത്) എന്ന ഗുണവും (സ്വിഫത്ത്) കാരുണ്യവാന്‍ (റഹീം) എന്ന സവിശേഷ നാമവും സ്രഷ്ടാവിന്റെ സ്ഥിതി മനസ്സിലാക്കിത്തരുന്നു. അല്ലാഹുവിന്റെ സത്തയെപ്പറ്റി പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ചിന്താശക്തികൊണ്ടോ മനസ്സിലാക്കാവതല്ല. പല സമൂഹങ്ങളും തങ്ങളിലെ കലാകാരന്മാരുടെ ഭാവനയ്ക്കനുസരിച്ച് ദൈവങ്ങളെ ചിത്രീകരിച്ചു. നിരവധി തലയും അനേകം കൈകളുമുള്ള രൂപം, മനുഷ്യനും മൃഗവും ചേര്‍ന്ന രൂപം, ആണും പെണ്ണുമല്ലാത്ത വികൃതരൂപം, കൈകാലുകളും ചിറകുകളുമുള്ള രൂപം എന്നിങ്ങനെ ചിത്രീകരിക്കുകയും രൂപങ്ങള്‍ കൊത്തിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊണ്ട് അവനിലേക്ക് മടങ്ങാന്‍ അവര്‍ക്കൊന്നും പ്രേരണ ലഭിച്ചില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചത് ഇങ്ങനെയാണ്. ‘‘പ്രപഞ്ച സ്രഷ്ടാവിന്റെ സത്തയും രൂപവും മനുഷ്യചിന്തയ്ക്ക് ഉള്‍ക്കൊള്ളാനാവില്ല. അതിനെപ്പറ്റി ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടു കാര്യമില്ല. എന്നാല്‍ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങള്‍ നിങ്ങളറിയുക. ആ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്കൃഷ്ട നാമങ്ങള്‍(അല്‍അസ്മാഉ വസ്സ്വിഫാത്ത്) അറിയുകയും അവ വിളിച്ചു തേടുകയും ചെയ്യുക’’. ഇങ്ങനെ അല്ലാഹുവിനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ വിശ്വാസം ഭക്തിയിലേക്കും വിനയത്തിലേക്കും തദ്വാരാ സമാധാനവും ആത്യന്തിക വിജയവുമുള്ള ജീവിതത്തിലേക്കും എത്തിച്ചേരുകയുള്ളൂ.

അല്ലാഹു ആരെന്ന് പരിചയപ്പെടുത്തുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ നോക്കാം. ‘‘നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന് പറയുക. എന്നെ വളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്'’ (2:186)

‘‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനും ആകുന്നു'' (50:16). അല്ലാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു’’ (2:207). 

അല്ലാഹുവിന്റെ നാമങ്ങള്‍ അവന്റെ വിശേഷണങ്ങളാണ്. പരമകാരുണികന്‍ (റഹ്മാന്‍), കരുണാവാരിധി (റഹീം), കൃപാലു (വദൂദ്, റഊഫ്), പാപങ്ങള്‍ പൊറുക്കുന്നവന്‍ (ഗഫൂര്‍, ഗാഫിര്‍), അന്നദാതാവ് (റസ്സാഖ്), ഉദാരതയുള്ളവന്‍ (കരീം), മഹത്വമുള്ളവന്‍ (മജീദ്), പ്രതാപി (അസീസ്), എല്ലാംകേള്‍ക്കുന്നവന്‍ (സമീഅ്), എല്ലാം കാണുന്നവന്‍ (ബസ്വീര്‍), എല്ലാം അറിയുന്നവന്‍ (അലീം), ദൃശ്യവും അദൃശ്യവും അറിയുന്നവന്‍ (ആലിമുല്‍ഗൈബി വശ്ശഹാദ), എല്ലാറ്റിനും കഴിവുള്ളവന്‍ (ഖാദിര്‍, ഖദീര്‍) അത്യുന്നതന്‍ (അഅ്‌ലാ).

ഇവ ഉദാഹരണങ്ങള്‍ മാത്രം. അല്ലാഹുവിന്റെ മഹത്വവും ഗുണവും മനുഷ്യരുമായുള്ള അടുപ്പവും മനസ്സിലാക്കി അവനോട് പ്രാര്‍ഥിക്കുക. അവന്റെ കല്പനകള്‍ക്ക് വിധേയനായി ജീവിക്കുക എന്നതാണ് മനുഷ്യധര്‍മം. അതുതന്നെയാണ് ഭൂമിയിലെ രക്ഷയ്ക്കും പരലോകത്ത് മോക്ഷത്തിനും നിദാനം.


 

Feedback