Skip to main content

മൗലാനാ റാബിഅ് ഹസന്‍ നദ്‌വി

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും അവരെ വിവേകത്തിന്റെ പാതയിലൂടെ നയിക്കുകയും ചെയ്ത ആധുനിക പണ്ഡിതരില്‍ പ്രമുഖനാണ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി. അധ്യാപകന്‍, ഗവേഷകന്‍, ഭാഷാപണ്ഡിതന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വൈദഗ്ധ്യമുള്ള ബഹുമുഖ വ്യക്തിത്വം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 500 മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെടുന്നു.  

maulana rabey hasani nadvi

1929 ഒക്ടോബര്‍ 29-ന് റായ്ബറേലിയിലാണ് ജനനം. റഷീദ് അഹ്മദ് ഹസനിയാണ് പിതാവ്. പ്രശസ്ത പണ്ഡിതന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അനന്തരവനും സഹോദരീ പുത്രനുമാണ്. റായ്ബറേലിയിലെ കുടുംബ മക്തബില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1948-ല്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍നിന്ന് ബിരുദമെടുത്തു. ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഒരു വര്‍ഷം പഠിച്ച ശേഷം ഉപരിപഠനത്തിനായി ഹിജാസിലെത്തി. അറബി ഭാഷയിലും സാഹിത്യത്തിലുമാണ് അദ്ദേഹത്തിന്റെ സവിശേഷ പഠനം. അമ്മാവന്‍ അബുല്‍ ഹസന്‍ അലി നദ്‌വിയോടൊപ്പം അബ്ദുള്‍ ഖാദിര്‍ റായ്പുരി, അബ്രറുല്‍ ഹഖ് ഹക്കി, ഹുസൈന്‍ അഹ്മദ് മദനി എന്നിവര്‍ അധ്യാപകരായിരുന്നു. 

1952-ല്‍ ദാറുല്‍ ഉലൂം ലഖ്‌നൗവില്‍  തിരിച്ചെത്തിയ ശേഷം ദീര്‍ഘകാലം അവിടെ അധ്യാപകനുമായിരുന്നു. അവിടെ അസിസ്റ്റന്റ് പ്രൊഫസറായും 1955-ല്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും 1970-ല്‍ അറബിക് ഫാക്കല്‍റ്റി ഡീനും ആയി. 

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റായും പ്രശസ്ത ഇസ്‌ലാമിക കലാലയമായ ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായുടെ ചാന്‍സലറായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യയുടെ പ്രസിഡന്റും രിയാദിലെ റാബിത്വ അദബ ഇസ്‌ലാമിയുടെ വൈസ് പ്രസിഡന്റും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) യുടെ സ്ഥാപകാംഗമായിരുന്നു.

ലഖ്‌നൗ ആസ്ഥാനമായുള്ള സ്ഥാപനങ്ങളായ മജ്‌ലിസി തഹ്ഖിഖാതൊ നശരിയത്ത് ഇസ്‌ലാം, മജ്‌ലിസി സഹാഫത്തൊ നശരിയത്ത് എന്നിവയുടെ പ്രസിഡന്റായും നദ്‌വി സേവനമനുഷ്ഠിച്ചു. 1993-ല്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെ പ്രിന്‍സിപ്പല്‍ (മൊഹ്തമിം) ആയി. 1999-ല്‍ അതിന്റെ മാനേജിംഗ് ബോഡിയായ നദ്‌വത്തുല്‍ ഉലമയുടെ ഡെപ്യൂട്ടി മാനേജരായി നിയമിതനായി. 2000-ല്‍ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം സെമിനാരിയുടെ ചാന്‍സലറായി. മരണം വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഇജ്‌തേബ നദ്‌വിയും സഫറുല്‍ ഇസ്‌ലാം ഖാനും ഉള്‍പ്പെടുന്നു.

അറബി ഭാഷാ രംഗത്തെ സംഭാവനകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഉത്തര്‍പ്രദേശ് അവാര്‍ഡ് നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ അറബി ഭാഷാ രംഗത്തെ സംഭാവനകള്‍ക്ക് രാഷ്ട്രപതി അവാര്‍ഡും ലഭിച്ചു. 

ലഖ്‌നൗവില്‍ നിന്നിറങ്ങിയിരുന്ന അര്‍റാഇദ് അറബി പത്രത്തിന്റെ സ്ഥാപകനും കാരവാനെ അദബ് ഉര്‍ദു മാഗസിന്റെ എഡിറ്ററുമായിരുന്നു. 52 പുസ്തകങ്ങള്‍ ഉര്‍ദുവില്‍ രചിച്ചിട്ടുണ്ട്. അറബിയില്‍ 20 ലേറെ രചനകള്‍ നടത്തിയിട്ടുണ്ട്.

'ജസീറത്തുല്‍ അറബ്' ഉര്‍ദുവിലെ വ്യതിരിക്തതയുള്ള ഭൂമിശാസ്ത്ര ഗ്രന്ഥമാണ്. അല്‍ അദബുല്‍ അറബി ബൈനല്‍ അര്‍ദി വന്നഖ്ദ്, താരീഖുല്‍ അദബില്‍ അറബി എന്നിവയാണ് അറബി ഭാഷയും സാഹിത്യവും പ്രമേയമായ പ്രധാന കൃതികള്‍. ദീന്‍ വോ അദബ്, ഫിഖ്‌ഹെ ഇസ്‌ലാമി ഔര്‍ അസ്വ്‌റെ ജദീദ്, മുസ്‌ലിം സമാജ് സിമ്മെദാരിയാം ഔര്‍ തഖാദാ തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി കൃതികളുണ്ട്. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. 

2023 ഏപ്രില്‍ 13-ന് 93-ാം വയസ്സില്‍ ലഖ്‌നൗവില്‍ വച്ച് അന്തരിച്ചു. 


പ്രധാന കൃതികള്‍

അല്‍ ഉസ്വൂലുസ്സലാസ, അദ്‌വാഅ് അലല്‍ അദബില്‍ ഇസ്‌ലാമി, അല്‍ മുജ്തമിഉല്‍ ഇസ്‌ലാമി ഫീ ദൗഇ സൂറതുല്‍ ഹുജുറാത്, അല്‍ അദബുല്‍ അറബി വ സില്ലതുഹു ബില്‍ ഹയാത്, നദ്‌വതുല്‍ ഉലമാ ഫിക്‌റതഹാ-മിന്‍ഹാജുഹാ, ജസീറതില്‍ അറബി താരീഹിയ വ സഖാഫിയ വ ജഅ്‌റാഫിയ, അല്‍ അദബുല്‍ അറബി ബയ്‌ന അറദു വ നഖദ്, അദ്വ്‌വാഉ അലല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി വ മകാനതുല്‍ ഇജ്തിഹാദി മിന്‍ഹു, അദ്വ്‌വാഉ അലല്‍ അദബില്‍ ഇസ്‌ലാമി, താരീഹുല്‍ അദബില്‍ അറബി, അല്‍ ഹിദായതില്‍ ഖുര്‍ആനിയ സഫീനതു നജാതു ലില്‍ ഇന്‍സാനിയ, അല്‍ ആലിമുല്‍ ഇസ്‌ലാമില്‍ യൗം-ഖദ്വായ വ ഹലൗല്‍, റിസാലതുല്‍ മുനാസിബതുല്‍ ഇസ്‌ലാമി, റിസാഇലുല്‍ ഇഅ്‌ലാം ബയ്‌ന ശൈഹുന്നദ്‌വി വ ദആതില്‍ ഇസ്‌ലാം, ജുഹൂദുല്‍ ഇസ്വ്‌ലാഹില്‍ അഖീദ, ഫീ വത്വനില്‍ ഇമാമുല്‍ ബുഖാരി, ഫീ ദ്വലാല്‍ അസ്സീറതു അലാ സ്വാഹിബഹാ അസ്സലാതു വസ്സലാം, സിറാജന്‍ മുനീറ, മന്‍സൂറാതി മിന്‍ അദബില്‍ അറബി, മുഖാലാതു ഫീ തര്‍ബിയ വല്‍ മുജ്തമിഅ്, ഖീമതുല്‍ ഉമ്മതില്‍ ഇസ്‌ലാമി.  

Feedback