Skip to main content

ശൈഖ് നാസ്വിറുദ്ദീനില്‍ അല്‍ബാനി

ആധുനിക ലോകത്തെ പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീനില്‍ അല്‍ബാനി, ഹി. 1333 ക്രി.1914ല്‍ അല്‍ബേനിയയുടെ പഴയ തലസ്ഥാനമായ അശ്കദിറയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അല്‍ഹാജ് നൂഹ് പണ്ഡിതനും ദീനീ വിഷയങ്ങളില്‍ നാട്ടുകാരുടെ ആശ്രയവുമായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തോടും മൂല്യങ്ങളോടും നീതിപുലര്‍ത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. 

അല്‍ബേനിയന്‍ രാജാവ് അഹ്മദ് സാഗോതുര്‍ക്കിയില്‍ കമാല്‍പാഷയുടെ ചുവടൊപ്പിച്ച് മതകീയ വിരുദ്ധനിയമങ്ങള്‍ നിര്‍മിക്കുകയും ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉന്മൂലനം ചെയ്യുകയും ചെയ്തപ്പോള്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പലായനമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ 1924ല്‍ സിറിയയിലേക്ക് കുടിയേറിയ മുസ്‌ലിം കുടുംബങ്ങളില്‍ ആദ്യത്തേത് നൂഹിന്റെതായിരുന്നു. തന്റെ ജീവിതത്തിന്റെ ഗതിതിരിച്ചുവിട്ട പലായനത്തെക്കുറിച്ച് അല്‍ബാനി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. 'അല്ലാഹു എനിക്ക് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സിറിയയിലേക്കുള്ള കുടുംബത്തിന്റെ പലായനമാണ്. ഈ യാത്രയാണ് എനിക്ക് ഇസ്‌ലാമിക വിജ്ഞാനത്തിലേക്കുള്ള ചവിട്ടുപടിയായ അറബി ഭാഷ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കിത്തന്നത്. കൂടാതെ പഠനത്തിനും ഗവേഷണത്തിനും ധാരാളം സമയവും സന്ദര്‍ഭവും ലഭിച്ചു. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആദ്യകാലത്ത് വിചാരിച്ചിരുന്നതുപോലെ ഒരു മരപ്പണിക്കാരന്‍ ആയേനെ''

സിറിയയിലേക്ക് പലായനം ചെയ്യുമ്പോള്‍ അല്‍ബാനിക്ക് ഒമ്പത് വയസ്സായിരുന്നു പ്രായം. അറബി ഭാഷയിലെ അക്ഷരങ്ങള്‍പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ജംഇയ്യത്തുല്‍ ഇസ്ആഫില്‍ ഖൈരിയ്യ നടത്തിയ ഒരുപള്ളിക്കൂടത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. നാലുവര്‍ഷംകൊണ്ട് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സഹപാഠികളേക്കാള്‍ അറബിഭാഷയില്‍ മികവുപുലര്‍ത്താന്‍ ശൈഖിന് കഴിഞ്ഞിരുന്നുവെന്നു അല്‍ബാനി ഓര്‍ക്കുന്നുണ്ട്.

'സര്‍ക്കാര്‍ പാഠശാലകളില്‍ മതിപ്പില്ലാതിരുന്ന പിതാവ് എന്നെ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പിതാവില്‍ നിന്ന് ഹനഫീ ഫിഖ്ഹും തജ്‌വീദനുസരിച്ച് ഖുര്‍ആന്‍ പഠനവും പൂര്‍ത്തിയാക്കി. ശൈഖ് സഈദുല്‍ ബുര്‍ഹാനിയില്‍ നിന്ന് നഹ്‌വും ബലാഗയും ചില ആധുനികഗ്രന്ഥങ്ങളും പഠിച്ചു'. ഈ കാലയളവിലും അദ്ദേഹം മരപ്പണിക്കു സുഹൃത്തുക്കളോടൊപ്പം പോകാറുണ്ടായിരുന്നു. പിതാവില്‍നിന്ന് വാച്ച് നന്നാക്കുന്ന ജോലിയും പഠിച്ചിരുന്നു.

പ്രാഥമിക പഠനം പൂര്‍ത്തിയാക്കുമ്പോള്‍തന്നെ വായനാജ്വരം എന്നെ പിടികൂടിയിരുന്നു. ഇക്കാലത്ത് ധാരാളം ആധുനിക നോവലുകളും ഞാന്‍ വായിച്ചുതീര്‍ത്തു. അത് എന്റെ ഭാഷാകഴിവിനെ സ്വാധീനിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് ഞാന്‍ അറബിക്കഥകളിലേക്ക് തിരിഞ്ഞു. ആയിരത്തൊന്ന് രാവുകള്‍, ഖിസ്സ അന്‍തറബ്ബിന്‍ ശദ്ദാ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കഥ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങള്‍ ഈ കാലയളവില്‍ വായിച്ചുതീര്‍ത്തു.

എന്റെ പിതാവിന്റെ കടയുടെ സമീപത്ത് വെച്ച് പഴയ പുസ്തകങ്ങള്‍ വില്ക്കുന്ന ഒരാളുണ്ടായിരുന്നു. ഒഴിവുസമയത്ത് ഞാന്‍ അദ്ദേഹത്തിന്നരികെ പോയി ഇരുന്നു പുസ്തകങ്ങള്‍ മറിച്ചുനോക്കുക എന്റെ പതിവായിരുന്നു. എനിക്ക് താല്പര്യമുള്ള പുസ്തകങ്ങള്‍ ഞാനെടുക്കുകയും വായിച്ച് അദ്ദേഹത്തിന് തന്നെ തിരിച്ചുനല്കുകയും ചെയ്യും. ആയിടക്ക് അല്‍മനാറിന്റെ ചില പഴയ ലക്കങ്ങള്‍ അവിടെ നിന്ന് ലഭ്യമായി. ആര്‍ത്തിയോടെ വായന ആരംഭിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദീനിലെ ചില സൂഫി ചിന്തകളെയും ദുര്‍ബല ഹദീസുകളെയും വിമര്‍ശന ലേഖനം താല്പര്യപൂര്‍വം വായിച്ചു. ആ ലേഖനത്തില്‍ നിന്ന് സൈനുദ്ദീനുല്‍ ഇറാഖി ഇഹ്‌യായിലെ ഹദീസുകളുടെ ബലാ-ബലങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ട് അല്‍മുഗ്‌നി അന്‍ഹംലില്‍ അസ്ഫാര്‍ ഫില്‍ അസ്ഫാര്‍ ഫീ തഖ്‌രീജി മാഫില്‍ ഇഹ് യാഉമിനല്‍ അഖ്‌യാര്‍ എന്ന ഒരു ഗ്രന്ഥം രചിച്ചുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ആ പുസ്തകം അന്വേഷിച്ചുകൊണ്ട് എല്ലാ കടകളിലും കയറിയിറങ്ങി. അവാസനം പുസ്തകം കണ്ടെത്തിയപ്പോള്‍ നാലുവാള്യങ്ങളുള്ള ആ ഗ്രന്ഥം വാങ്ങാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെ കടയുടമയുടെ അനുവാദത്തോടെ ആ പുസ്തകം പകര്‍ത്താന്‍ ആരംഭച്ചു. അങ്ങനെ ഗ്രന്ഥം പകര്‍ത്തലും അടിക്കുറിപ്പ് നല്‍കലുമായി മുന്നോട്ടുപോയി. ഹദീസ് നിരൂപണ ശാസ്ത്ര രംഗത്തേക്കുള്ള തന്റെ തുടക്കം ഇതായിരുന്നുവെന്ന് അല്‍ബാനി ഓര്‍ക്കുന്നു.

ഹനഫീ മദ്ഹബ് പക്ഷപാതിയായിരുന്ന പിതാവ് ആദ്യകാലത്ത് ഹദീസ് പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്തു. മുന്‍കാല പണ്ഡിതന്മാര്‍ക്ക് അനുഭവിക്കേണ്ടിവന്ന പല പ്രയാസങ്ങളും അല്‍ബാനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. തങ്ങള്‍ പരിചയിച്ചുവന്ന ഏത് സമ്പ്രദായങ്ങളോടുള്ള ഏത് തര വിയോജിപ്പും അവര്‍ക്ക് അസഹ്യമായിരുന്നു. ഇത്തരം സംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതോ അറിയപ്പെടുന്ന പണ്ഡിതന്മാരും. അതുകൊണ്ടുതന്നെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച അല്‍ബാനിക്ക് സമൂഹത്തില്‍നിന്ന് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പള്ളികള്‍ വിലക്കപ്പെടുകയും നാട്ടിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്തു. ഉപജാപ സംഘങ്ങളുടെ പ്രേരണയാല്‍ അധികാരികള്‍ ശൈഖ് അല്‍ബാനിയെ 1967ല്‍ ഒരു മാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മറ്റൊരിക്കല്‍ ആറുമാസത്തെ തടവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.

സത്യം തുറന്നുപറയുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം മറ്റൊന്നും പരിഗണിച്ചിരുന്നില്ല. മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ വൈസ്ചാന്‍സലറും പണ്ഡിതവര്യനുമായിരുന്ന അല്ലാമാ മുഹമ്മദുബ്ന്‍ ഇബ്‌റാഹീം ആലുശൈഖ്, ശൈഖ് അല്‍ബാനിയെ ഹദീസ് ഡിപ്പോര്‍ട്ടുമെന്റ് മേധാവിയായി നിയമിച്ചു. അങ്ങനെ മദീന യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായിരിക്കെ ഹദീസ് നിവേദനപരമ്പരക്ക് പ്രത്യേകം ചില അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. പക്ഷേ ചില ഉപജാപകരുടെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് അടിയറവു പറയേണ്ടിവന്നു. അവസാനം അല്‍ബാനി യൂനിവേഴ്‌സിറ്റി വിട്ടു.

1977ല്‍ ദമസ്‌കസില്‍ നിന്ന് അമ്മാനിലെത്തിയ ശൈഖ് അല്‍ബാനി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലബനാന്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

മഹത്തായ ഇസ്്‌ലാമിക സേവനത്തിനുള്ള അംഗീകാരമായി ഹി. 1419ല്‍ ഫൈസല്‍ അവാര്‍ഡ് നല്‍കി സുഊദി ഗവര്‍മെന്റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ആധുനിക ലോകത്ത് ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ശൈഖ് അല്‍ബാനിയുടെ നാമം അജ്ഞാതമല്ല. ഹദീസിന്റെ സനദുകളെക്കുറിച്ചും മത്‌നുകളെക്കുറിച്ചും സൂക്ഷ്മപഠനം നടത്തിയ അദ്ദേഹം, ഒരു ഹദീസ് സ്വീകാര്യമാണോ ദുര്‍ബലമാണോ എന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതില്‍ പൂര്‍വിക മുഹദ്ദിസുകളോടൊപ്പം എണ്ണപ്പെടുന്നു. സഹ്ഹഹുല്‍ അല്‍ബാനി, ദഅ്അഫഹുല്‍ അല്‍ബാനി എന്നു രേഖപ്പെടുത്തുവോളം ഹദീസില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘടനയോടും പ്രതിബദ്ധത പുലര്‍ത്താത്ത അദ്ദേഹം എല്ലാവരുടെയും ഗുണകാംക്ഷിയായിരുന്നു.

നൂറിലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സില്‍സിലതുല്‍ അഹാദീസുസ്സഹീഹ, സില്‍സിലതുല്‍ അഹാദീസി ദ്ദഹീഫ എന്നിവ വളരെ പ്രശസ്തമാണ്.

മൂന്ന് ഭാര്യമാരിലായി അദ്ദേഹത്തിന് പതിമൂന്ന് സന്താനങ്ങളുണ്ട്. നാലാം ഭാര്യയില്‍ സന്താനങ്ങളില്ല.

ഹദീസ് വിജ്ഞാനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭാധനനായ മുഹദ്ദിസ് ശൈഖ് അല്‍ബാനി ഹി. 1420 ജുമാദന്‍ ആഖിറ 23ന് ശനിയാഴ്ച (1999 ഒക്ടോബര്‍ 2ന്) തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.
 

Feedback