Skip to main content

ഡോ.സിയാഉര്‍റഹ്മാന്‍ ആസ്മി

 മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്മാന്‍ ആസ്മി.
 
1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്മണ ഹിന്ദു കുടുംബത്തിലാണ് പ്രൊഫസര്‍ ആസ്മി ജനിച്ചത്. ബങ്കെ ലാല്‍ എന്നായിരുന്നു പേര്.  പിതാവ് സുഖ്‌ദേവ് സമ്പന്നനായ ഒരു വ്യവസായിയായിരുന്നു. ആഡംബര ജീവിതം നയിച്ചായിരുന്നു ബങ്കേ ലാല്‍ വളര്‍ന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാള്‍ട്ടാരി സ്‌കൂളിലും തുടര്‍ന്ന് അസംഗഢിലെ ഷിബ്ലി കോളേജിലും പഠനം പൂര്‍ത്തിയാക്കി.  

ff

1959 ല്‍ അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച 'യഥാര്‍ഥ മതം' എന്ന പുസ്തകം അദ്ദേഹം വായിക്കാനിടയായി. ബങ്കെലാലിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു ആ പുസ്തകം. വിശുദ്ധ ഖുര്‍ആനിന്റെ ഹിന്ദി പരിഭാഷ വായിക്കുകയും ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ അംഗമാവുകയും ചെയ്തു. കൂടുതല്‍ വായിക്കുന്തോറും ഇസ്‌ലാമിന്റെ സത്യസന്ധതയും അതിന്റെ സാര്‍വത്രികത അദ്ദേഹം മനസ്സിലാക്കി. അങ്ങനെ 18ാം വയസ്സില്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

പിന്നീട് പരീക്ഷണങ്ങളുടെ കാലമായിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പ്രേരണകളാല്‍ താന്‍ ഉപേക്ഷിച്ച മതത്തിലേക്ക് തിരിച്ചു പോവേണ്ട നിര്‍ബ്ബന്ധിത സാഹചര്യം വരെയുണ്ടായി. എന്നാല്‍ എല്ലാ വിപത്തുകളെയും പ്രതിസന്ധികളെയും നേരിടാനുള്ള ധൈര്യവും സ്ഥൈര്യവും സഹായവും സര്‍വശക്തന്‍ അദ്ദേഹത്തിനു നല്കി. 

ബദായൂണ്‍ ജില്ലയിലെ കക്രാല പട്ടണത്തിലേക്ക് അദ്ദേഹം താമസം മാറി. അവിടെ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. അവിടെ അധ്യാപനത്തിലേര്‍പ്പെട്ടു. എന്നാല്‍ വിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ താത്പര്യം മനസ്സിലാക്കിയ ജാമിഅ ദാറുസ്സലാം, അദ്ദേഹത്തെ ഉമറാബാദിലേക്ക് അയച്ചു. എട്ടു വര്‍ഷത്തെ കോഴ്‌സ് ആറു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ഫാദില ബിരുദം ഡിസ്റ്റിങ്ഷനോട് കൂടി വിജയിച്ചു. മൗലാനാ അബ്ദുല്‍ വാജിദ് റഹ്മാനി, മൗലാനാ അബു സുബ്ഹാന്‍ ആസ്മി, മൗലാനാ സയ്യിദ് അബ്ദുല്‍ കബീര്‍ ഉമരി, മൗലാനാ സഹീറുദ്ദീന്‍ അസീര്‍ തുടങ്ങിയ പണ്ഡിതന്‍മാരില്‍ നിന്ന് പഠിക്കാനുള്ള അവസരം ലഭിച്ചു.

ബിരുദമെടുത്ത ശേഷം ആദ്യമായി ജന്‍മനാടായ ഗഞ്ചിലെത്തിയപ്പോള്‍ നഗരം മുഴുവന്‍ ഈ മഹാപണ്ഡിതനെ വരവേറ്റു. വിജ്ഞാനത്തോടുള്ള അഭിനിവേശം പിന്നീട് ആസ്മിയെ മദീനയിലെത്തിച്ചു. ലോകപ്രശസ്തമായ മദീന സര്‍വകലാശാലയില്‍ ചേര്‍ന്നു. ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്, അല്ലാമാ നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയ പ്രമുഖരുടെ കാലഘട്ടമായിരുന്നു അന്ന്. നാല് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ (ഉമ്മുല്‍ ഖുറാ) നിന്ന് എം.എ ബിരുദമെടുത്തു. 'അബൂഹുറയ്‌റ തന്റെ വിവരണങ്ങളുടെ വെളിച്ചത്തില്‍' എന്നതായിരുന്നു തിസീസ്. തുടര്‍ന്ന് ഡോക്ടറേറ്റ് നേടുന്നതിന്നായി ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകാലാശാലയില്‍ പോയി. 'അഖ്ദിയത്ത് റസൂലുല്ലാഹ്' എന്ന പുസ്തകത്തിലെ നൂതന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 

1979 ല്‍ മദീന യൂണിവേഴ്‌സിറ്റിയില്‍ ഹദീസ് വിഭാഗത്തിന്റെ ഫാക്കല്‍റ്റിയില്‍ പ്രൊഫസറായി നിയമിതനായി. താമസിയാതെ ഡീനായി സ്ഥാനക്കയറ്റം ലഭിച്ചു.  അവിടെ നിന്ന് വിരമിച്ച ശേഷം 2013 ല്‍ മസ്ജിദുന്നബവിയില്‍ അധ്യാപകനായി. 

തുടര്‍ന്ന് എഴുത്തിലും ഗവേഷണത്തിലും മുഴുകി. ഹദീസ് വിജ്ഞാന ശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. സ്വഹീഹായ ഹദീസുകള്‍ ആവര്‍ത്തനങ്ങളില്ലാതെ ക്രോഡീകരിച്ച  'അല്‍ ജാമിഅ് അല്‍ കാമില്‍ ഫില്‍ ഹദീസ് അല്‍ സ്വഹീഹ് അല്‍ ശാമില്‍' ആസ്മിയുടെ പ്രശസ്തവും ആധികാരികവുമായ ഗ്രന്ഥമാണ്. 20 വാള്യങ്ങളിലായാണ് ഇത് പ്രസിദ്ധീകരിച്ചത്. ദുര്‍ബലമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കാന്‍ 200 ല്‍ അധികം ഗ്രന്ഥങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ജാമിഉല്‍ കാമില്‍ എന്നും ഇതറിയപ്പെടുന്നു. ഹദീസിനെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ ഗ്രന്ഥങ്ങളിലൊന്നാണിത്. മതവിശ്വാസങ്ങള്‍, വിധികള്‍, ആരാധനകള്‍, നബി(സ്വ)യുടെ ജീവചരിത്രം, നിയമശാസ്ത്രം, ഖുര്‍ആന്‍ വ്യഖ്യാനം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. 16,000 ത്തോളം ഹദീസുകള്‍ ഇതില്‍ ക്രോഡീകരിച്ചിട്ടുണ്ട്. 

kitha

'എന്‍സൈക്ലോപീഡിയ ഓഫ് ഗ്ലോറിയസ് ഖുര്‍ആന്‍' ഹിന്ദി ഭാഷയില്‍ പുറത്തിറക്കിയ ആസ്മിയുടെ മഹത്തായ മറ്റൊരു ഗ്രന്ഥമാണ്. 600 ലധികം വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. ഹിന്ദിയില്‍ രചിക്കപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ ഗ്രന്ഥമാണിത്. 'ഗംഗയില്‍ നിന്ന് സംസം വരെ' ഉറുദു ഭാഷയിലെ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. തന്റെ ജീവിത പോരാട്ടങ്ങളും ഇസ്‌ലാമിലേക്കുള്ള തന്റെ യാത്രയും വിശുദ്ധ നഗരമായ മദീനയിലെ തന്റെ ജീവിതവും ഇതില്‍ അദ്ദേഹം പ്രതിപാദിക്കുന്നു. 

മുസ്‌ലിം വേള്‍ഡ് ലീഗ് ഉള്‍പ്പടെ നിരവധി അക്കാദമിക, ഭരണപരമായ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തിന് അദ്ദേഹം നല്കിയ  സംഭാവനകളെ മാനിച്ച് സുഊദി അറേബ്യ പൗരത്വം നല്കി ആദരിച്ചു.

2020 ജൂലൈ 30 ന് അറഫാ ദിനത്തില്‍ മദീനയില്‍ മരണപ്പെട്ടു. 77 വയസ്സായിരുന്നു. ഭാര്യയും മൂന്ന് ആണ്‍ മക്കളും ഒരു മകളുമുണ്ട്.  

ഗ്രന്ഥങ്ങള്‍:

·    അല്‍ ജാമിഅ് അല്‍ കാമില്‍ ഫില്‍ ഹദീസ് അല്‍ സ്വഹീഹ് അല്‍ ശാമില്‍ (20 വാള്യങ്ങള്‍)
·    അബൂഹുറയ്‌റ ഫീ ദൗഅ് മര്‍വയാതിഹി
·    അഖ്ദ്വിയ റസൂലുള്ള ലി ഇബ്‌നി ത്വലാഅ്
·    ദിറാസാത്തുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍
·    അല്‍ മദ്ഹലു ഫീ സുനനില്‍ കുബ്‌റാ ലില്‍ ബൈഹഖി
·    മുഅ്ജമു മുസ്തലഹാതില്‍ ഹദീസ് വ ലതാഇഫല്‍ അസാനിദ്
·    ദിറാസാത്തുല്‍ യഹൂദിയ്യ വല്‍ മസീഹിയ്യ
·    അല്‍ മിന്നത്തുല്‍ കുബ്‌റാ ശര്‍ഹുന്‍ വ തഖ്‌രീജു സുനനിസ്സുഗ്‌റാ ലില്‍ ഹാഫിളില്‍ ബൈഹഖീ
·    ഫുസൂല്‍ ഫീ അദ്‌യാനില്‍ ഹിന്ദ്: അല്‍ ഹിന്ദൂയിസ വല്‍ ബുദ്ധിയ്യ വല്‍ ജൈനിയ്യ വല്‍ സിഖിയ്യ വ അലാഖതല്‍ തസവ്വുഫ് ബീഹാ
·    അത്തമുസ്സുക് ബിസ്സുന്ന ഫില്‍ അഖാഇദി വല്‍ അഹ്കാം
·    തുഹ്ഫതുല്‍ മുത്തഖീന്‍ ഫീമാ സ്വഹ്ഹ മിന്‍ അദ്കാര്‍ 
·    തഹിയ്യത്തുല്‍ മസ്ജിദ്
·    എന്‍സൈക്ലോപീഡിയ ഓഫ് ഗ്ലോറിയസ് ഖുര്‍ആന്‍ (ഹിന്ദി)
·    ഗംഗയില്‍ നിന്ന് സംസം വരെ (ഉറുദു)

Feedback