Skip to main content

ഇമാം മുസ്‌ലിം

സ്വഹീഹു മുസ്‌ലിം എന്ന വിഖ്യാത ഹദീസ് സമാഹാരത്തിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം എന്ന പേരില്‍ വിശ്രുതനായ ഹുജ്ജത്തുല്‍ ഇസ്‌ലാം അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് ഇബ്‌നി മുസ്‌ലിം ആണ്. ഹിജ്‌റ 202 ക്രിസ്താബ്ദം 817ലാണ് ഇമാം മുസ്‌ലിമിന്റെ ജനനം. മതനിഷ്ഠക്കും ദൈവഭക്തിക്കും പേരുകേട്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സ്വന്തം നാടായ നൈസാപൂര്‍ അന്നത്തെ പ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. വീട്ടിലും നാട്ടിലും നിറഞ്ഞുനിന്ന മതപരവും വൈജ്ഞാനികവുമായ അന്തരീക്ഷം ഇമാം മുസ്‌ലിമിന്റെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചു.
 

ഹദീസ് വിജ്ഞാനത്തിന് വമ്പിച്ച പ്രാധാന്യം കൈവന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൗമാരപ്രായത്തിലേ ഇമാം മുസ്‌ലിമിന്റെ ശ്രദ്ധ ഹദീസ് വിജ്ഞാനീയത്തിലേക്കു തിരിഞ്ഞു. 14-ാമത്തെ വയസ്സില്‍ ഹദീസ് പഠനത്തിന് അദ്ദേഹം ആരംഭം കുറിച്ചു. ജന്മനാട്ടിലുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാരില്‍ നിന്ന്  പഠനം പൂര്‍ത്തിയാക്കിയശേഷം ഹദീസുകള്‍ തേടി രാജ്യാന്തര സഞ്ചാരത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അറേബ്യ, ഈജിപ്ത്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി നിരവധി പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. അവരില്‍ നിന്ന് വിജ്ഞാനങ്ങള്‍ സ്വീകരിക്കുകയും ഹദീസുകള്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. ക്ലേശപൂര്‍ണമായ ഈ അധ്യയന യാത്ര വര്‍ഷങ്ങള്‍ കവര്‍ന്നെടുത്തു. ഒടുവില്‍ നൈസാപൂരില്‍ തിരിച്ചെത്തി അവിടെ സ്ഥിരതാമസമാക്കി ഗ്രന്ഥരചനയില്‍ വ്യാപൃതനായി.

ഇസ്‌ലാമിക ചരിത്രത്തില്‍ ഇമാം മുസ്‌ലിമിനെ അനശ്വരനാക്കിയത് അദ്ദേഹത്തിന്റെ ജാമിഉസ്സ്വഹീഹ് എന്ന ഹദീസ് സമാഹാരമാണ്. ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാരങ്ങളുടെ കൂട്ടത്തില്‍ രണ്ടാംസ്ഥാനത്തിന് അര്‍ഹമെന്ന് മുസ്‌ലിം ലോകം ഏകോപിച്ച് അംഗീകരിച്ച ഗ്രന്ഥമാണിത്. ഇതിന് പുറമെ അദ്ദേഹം രചിച്ച ഇതര ഗ്രന്ഥങ്ങളില്‍ ചിലത് അല്‍മുസ്‌നദുല്‍ കബീര്‍ അലര്‍രിജാല്‍, കിതാബു അസ്മാഇല്‍കുനാ, കിതാബുത്തംയീസ്, കിതാബുല്‍ ഇലല്‍, കിതാബുല്‍ വഹ്ദാന്‍, കിതാബുല്‍ അഫ്‌റാദ് തുടങ്ങിയവയാണ്.

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446