Skip to main content

അബുല്‍ അഅ്‌ലാ മൗദൂദി

ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെറ സ്ഥാപക നേതാവ്. പണ്ഡിതന്‍, ചിന്തകന്‍, ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, മതപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 

പൂര്‍ണനാമം മൗലാന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ ഹൈദരാബാദിലെ ഔറന്‍ഗാബാദ് (ഇപ്പോള്‍ മഹാരാഷ്ട്ര) പട്ടണത്തില്‍ 1321 റജബ് 3 (1903 സെപ്തംബര്‍ 24)ന് ജനിച്ചു. പിതാവ് അഹ്മദ് ഹസന്‍ അഭിഭാഷകനായിരുന്നു. സാഹിത്യകാരനായിരുന്ന മീര്‍ ഖുര്‍ബാന്‍ അലിഖാന്റെ പുത്രി റുഖിയ്യ ബീഗമാണ് മാതാവ്. ഇവരുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയ ആളാണ് അദ്ദേഹം.

മൗദൂദിയുടെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ചായിരുന്നു.പിതാവിന്റെ കീഴില്‍ അറബി ഭാഷ, വ്യാകരണം, ഫിഖ്ഹിലെ പ്രാഥമിക കൃതികള്‍, ഹദീസ് തുടങ്ങിയവയെല്ലാം അഭ്യസിച്ചു. പിന്നീട് ഔറന്‍ഗാബാദിലെ മദ്‌റസ ഫൗഖാനിയ്യ ഹൈസ്‌കൂളില്‍ ചേര്‍ന്നു. ആധുനിക, പാശ്ചാത്യ വിദ്യാഭ്യാസവും പരമ്പരാഗത ഇസ്‌ലാമിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഇവിടെ പിന്തുടര്‍ന്നിരുന്നത്. 11ാം വയസില്‍ മൗലവി പരീക്ഷ പാസായി ഉപരിപഠനത്തിന് ഹൈദരാബാദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. 1914ല്‍ തന്നെ പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഖാസിം അമീന്‍ ബെയുടെ അല്‍മര്‍അതുല്‍ ജദീദ എന്ന അറബി ഗ്രന്ഥം അദ്ദേഹം ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. 11 വയസ്സുള്ളപ്പോഴായിരുന്നു അത്. 

നിരവധി പത്രങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ 'അല്‍മുസ്‌ലിം' പത്രത്തിന്റെ എഡിറ്ററായി. 1920 മുതല്‍ 28 വരെ മൗദൂദി നാല് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി. ഒന്ന് അറബിയില്‍ നിന്നും മൂന്നെണ്ണം ഇംഗ്ലീഷില്‍ നിന്നും. 1940ഓടുകൂടി ഒരു പ്രസ്ഥാനത്തെ കുറിച്ചുള്ള ചിന്തക്ക് അദ്ദേഹം രൂപം നല്‍കി. തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ ആ ആശയം മുന്നോട്ടുവെച്ചു. 1941 ആഗസ്ത് 26ന് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും അഭ്യസ്തവിദ്യരുമടങ്ങുന്ന 75 പേര്‍ ലാഹോറില്‍ ഒത്തുകൂടി. നാല് ദിവസത്തെ ചര്‍ച്ചക്ക് ശേഷം അവര്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്ക് രൂപം നല്‍കി. അബുല്‍ അഅ്‌ലാ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംകളുടെ പരമലക്ഷ്യം ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമാണ് (ഹുകൂമതെ ഇലാഹി) തുടങ്ങിയ വാദങ്ങള്‍ വഴി ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെ വികലമാക്കി എന്ന ആരോപണത്തോടെ ഇതില്‍ സ്ഥാപകാംഗങ്ങളായിരുന്ന അബുല്‍ ഹസന്‍ അലി നദ്‌വിയെ പോലുള്ള പല പ്രമുഖ പണ്ഡിതരും പിന്നീട് പ്രസ്ഥാനത്തില്‍ നിന്ന് പിന്മാറുകയുണ്ടായി.

1937ല്‍ അബുല്‍ അഅ്‌ലാ വിവാഹിതനായി. നസ്വീറുദ്ദീന്‍ ശംസിയുടെ മകള്‍ മഹ്മൂദ ബീഗമാണ് ഭാര്യ. ആറു പുത്രന്‍മാരും മൂന്ന് പുത്രിമാരും ഈ ബന്ധത്തിലുണ്ട്. 

1947ല്‍ ഇന്ത്യാ വിഭജനത്തോടെ അദ്ദേഹം പാകിസ്താനിലേക്ക് പോയി. ലാഹോറായിരുന്നു പുതിയ പ്രവര്‍ത്തനകേന്ദ്രം. സജീവ രാഷ്ട്രീയത്തിലുള്ള ജമാഅത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചില അഭിപ്രായ ഭിന്നതകളുയര്‍ന്നതിനെ തുടര്‍ന്ന് 1957ല്‍ അബുല്‍ അഅ്‌ല ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ സ്ഥാനം രാജിവെച്ചു. പിന്നീട് പലതവണ അദ്ദേഹം അമീറായി തെരഞ്ഞെടുക്കപ്പെട്ടു. 1972 നവംബര്‍ 4ന് അദ്ദേഹം രോഗപീഡയെ തുടര്‍ന്ന് അമീര്‍ സ്ഥാനം ഒഴിഞ്ഞു. 1979 മെയ് 26ന് ചികിത്സാര്‍ഥം അമേരിക്കയിലേക്ക് പോയ അബുല്‍അഅ്‌ലാ സെപ്തംബര്‍ 22ന് പെന്‍സില്‍വാനിയയിലെ ബഫലോ ആശുപത്രിയില്‍ മരണപ്പെട്ടു.

മൗദൂദിയുടെ കൃതികള്‍

തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദി ഇസ്വ്തിലാഹേന്‍ (ഖുര്‍ആനിലെ നാലു സാങ്കേതിക പദങ്ങള്‍), സുന്നത്ത് കീ ആയിനീ ഹൈസിയ്യത്, ഖുത്വ്ബാത്, മസ്അല ജബ്ര്‍ വഖദ്‌റ്, റസാഇല്‍ വ മസാഇല്‍, അല്‍ജിഹാദു ഫില്‍ ഇസ്‌ലാം, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി, ഇസ്‌ലാം ഓര്‍ ജാഹിലിയ്യത്, മസ്അല ഖൗമിയ്യത്, ഖിലാഫത് വൊ മുലൂകിയത്, ഇസ്‌ലാമീ രിയാസത്, തജ്‌വീദ് വൊ ഇഹ്‌യായെ ദീന്‍. മആശിയ്യാതെ ഇസ്‌ലാം, പര്‍ദ, ഇസ്‌ലാം ഓര്‍ ദ്വബ്‌ത്വെ വിലാദത് ഹുഖൂഖുസ്സൗജൈന്‍, സൂദ്, തഅ്‌ലീമാത്, ശഹാദതെ ഹഖ്ഖ്, തഫ്ഹീമാത്, സീറതെ സര്‍വറെ ആലം. 

Feedback