Skip to main content

മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍

ഇന്ത്യയുമായി അടുത്ത ബന്ധമുള്ള യൂറോപ്പിലെ പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതന്‍. ഖുര്‍ആനിന്റെ ഇംഗ്ലീഷ് വിവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയന്‍. ക്രിസ്തുമത വിശ്വാസിയായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. മുഴുവന്‍ പേര് മര്‍മദ്യൂക് വില്യം പിക്താള്‍. 

എഴുത്തുകാരന്‍ എന്ന നിലയില്‍ ഡി എച്ച് ലോറന്‍സ്, എച്ച് ജി വെല്‍സ്, ഇ എം ഫോസ്റ്റര്‍ തുടങ്ങിയ നോവലിസ്റ്റുകളുടെ സമകാലികന്‍. കൂടാതെ പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, മത-രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും പ്രശസ്തന്‍. നാടകീയമായിട്ടായിരുന്നു ഇസ്‌ലാം പ്രവേശം. 1917 നവംബര്‍ 29ന് പടിഞ്ഞാറന്‍ ലണ്ടനിലെ നോട്ടിംഗ് ഹില്ലില്‍ നടന്ന ഒരു ചടങ്ങില്‍ 'ഇസ്‌ലാമും വളര്‍ച്ചയും' എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം താന്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നതായി മുസ്‌ലിം സാഹിത്യസമൂഹത്തോട് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിക്താള്‍.

1875 ഏപ്രില്‍ ഏഴിന് ലണ്ടനിലെ കാംബ്രിഡ്ജ് ടെറേസിലാണ് പിക്താളിന്റെ ജനനം. പിതാവ് ചാള്‍സ് ഗ്രേസണ്‍സ് പിക്താള്‍. മാതാവ് മേരി ഹേല്‍ നീ ഒ ബ്രിയാന്‍. ചില്‍സ്‌ഫോര്‍ഡ് ഗ്രാമത്തിലെ ഒരു ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു പിതാവ് ചാള്‍സ് ഗ്രേസണ്‍സ്. യുദ്ധ പോരാളിയായിരുന്ന സര്‍ റോജര്‍ ദി പൊക്തുവിന്റെ പരമ്പരയില്‍പ്പെട്ടതാണ് പിക്താളിന്റെ കുടുംബം. റോജറിന്റെ വിളിപ്പേരാണ് വില്യം. ഇക്കാരണത്താലാണ് പിക്താളിന്റെ പേരിനൊപ്പവും വില്യം എന്ന് കൂട്ടിച്ചേര്‍ത്തത്. കുട്ടിക്കാലം പിതാവിന്റെ സഹോദരനൊപ്പം കഴിച്ചുകൂട്ടി. പിതാവിന്റെ മരണത്തിന് ശേഷം 1881ല്‍ കുടുംബം ലണ്ടനിലേക്ക് പോയി. ലണ്ടനിലെ ഹാരോ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആറു വര്‍ഷത്തിന് ശേഷം അവിടം വിട്ടു. ഹാരോ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പിക്താളിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. 

ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം തുര്‍ക്കി ഭരണത്തിന്റെ അടുത്ത അനുയായി ആയിരുന്നു. അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നോവലുകളും അദ്ദേഹം ഒരുപാട് വായിക്കുമായിരുന്നു. ഇതെല്ലാം അദ്ദേഹത്തെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. ഹൈദരാബാദ് നൈസാം ഭരിക്കുന്ന കാലഘട്ടത്തിലാണ് 'ദി മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍' എന്ന പേരില്‍ പിക്താള്‍ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷ അംഗീകരിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷകന്‍ എന്ന നിലയില്‍ പിക്താളിന്റെ സേവനം സ്തുത്യര്‍ഹമായ സാഹിത്യ സംഭാവനയാണെന്ന് ടൈംസ് ലിറ്റററി സപ്ലിമെന്റും പ്രഖ്യാപിച്ചു. 

1915ല്‍ അര്‍മേനിയന്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയര്‍ന്നുവന്ന വിവാദത്തില്‍ തുര്‍ക്കിഭരണത്തിന് അനുകൂല നിലപാടായിരുന്നു പിക്താള്‍ സ്വീകരിച്ചിരുന്നത്. കൂട്ടക്കൊലയുടെ മുഴുവന്‍ ഉത്തരവാദിത്തം തുര്‍ക്കിയുടെ തലയില്‍ കെട്ടിവെക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. ഈ സമയം ലണ്ടനിലെ മുസ്‌ലിം സമൂഹം ബ്രിട്ടന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ സധൈര്യം അതിനെ വിമര്‍ശിക്കാനും പിക്താള്‍ ചങ്കൂറ്റം കാണിച്ചിരുന്നു. തുര്‍ക്കിക്കെതിരെ ബ്രിട്ടീഷ് പക്ഷത്താണോ അതോ മധ്യശക്തികള്‍ക്കൊപ്പമാണോ (തുര്‍ക്കി, ജര്‍മനി) എന്ന ലണ്ടന്‍ മുസ്‌ലിംകളുടെ ചോദ്യത്തിന് തന്റെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു പിക്താളിന്റെ മറുപടി. എന്നാല്‍ അദ്ദേഹം ദീര്‍ഘകാലം തുര്‍ക്കിക്കെതിരെ നിലകൊണ്ടില്ല. യുദ്ധത്തിന്റെ അവസാന കാലത്ത് അദ്ദേഹം ആശുപത്രി ചുമതലയിലേക്ക് മാറുകയായിരുന്നു ചെയ്തത്. 

'ബോംബെ ക്രോണിക്കിളി'ന്റെ പത്രാധിപരായിക്കൊണ്ട് 1920ലാണ് കുടുംബത്തോടൊപ്പം അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പിന്നീട് 1935ല്‍, മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ്, അദ്ദേഹം ലണ്ടനിലേക്ക് തിരികെ പോയത്. ഈ കാലഘട്ടത്തിലാണ് അദ്ദേഹം 'ദി മീനിംഗ് ഓഫ് ദി ഗ്ലോറിയസ് ഖുര്‍ആന്‍' എഴുതിത്തീര്‍ത്തത്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ ഉണര്‍ത്തുപാട്ടുമായി രംഗത്തു വന്ന കേരളമുസ്‌ലിം ഐക്യസംഘത്തിന്റെ നാലാം വാര്‍ഷിക സമ്മേളനം (1926) തലശ്ശേരിയിയില്‍ നടക്കുമ്പോള്‍ അധ്യക്ഷത വഹിച്ചത് മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍ ആയിരുന്നു.

1936ല്‍ 61ാമത്തെ വയസില്‍ അദ്ദേഹം അന്തരിച്ചു. ബ്രൂക്ക്‌വുണ്ടിലെ സെമിത്തേരിയില്‍ ഇസ്‌ലാമിക രീതിയിലാണ് അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കിയത്. 

പ്രധാനകൃതികള്‍ (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ്):

1. All Fools- being the Story of Some Very Young Men and a Girl (1900). 
2. Said the Fisherman (1903)
3. Enid (1904). 
4. Brondle (1905). 
5. The House of Islam (1906).
6. The Myopes (1907).
7.Children of the Nile (1908).
8. The Valley of the King (1909). 
9. Pot an Feu (1911). 
10. Larkmeadow (1912). 
11. The House at War (1913). 
12. With the Turk in Wartime (1914). 
13. Tales from Five Chimneys (1915). 
14. Velled Women (1916). 
15. Knights of Araby (1917)

ഇസ്‌ലാം സ്വീകരിച്ച ശേഷം

1. Oriental Encounters palestine and Syria (1918). 
2. Sir Limpidus (1919).
3. The Early Hours (1921). 
4. As others See us (1922). 
5. The Meaning of the Glorious Koran: An Explanatory Translation (1930). 

ബോംബെ ക്രോണിക്കിളിന്റെ പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയ കൃതിയാണ് --------Folklore of the Holy Land Muslim, Christian, and Jewish (1907) (EH Hanauer).

Feedback