Skip to main content

ജലാലുദ്ദീന്‍ ഉമരി

മതപണ്ഡിതന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍. സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വാര്‍ ഉമരി എന്ന് പൂര്‍ണനാമം. 1935ല്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോട്ട് പുട്ട ഗ്രാമത്തില്‍ ജനിച്ചു. പിതാവ് സയ്യിദ് ഹുസൈന്‍. മാതാവ് സൈനബ് ബി.

umeri

ജാമിഅ ദാറുസ്സലാം ഉമറാബാദ്, മ്രദാസ് യൂണിവേഴ്‌സിറ്റി, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ഫദീലത്, പേര്‍ഷ്യന്‍ ഭാഷയില്‍ മുന്‍ഷി ഫാദില്‍, ബി.എ. (ഇംഗ്ലീഷ്) എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ സഹായിയായി ദല്‍ഹിയില്‍ ഗ്രന്ഥരചനാ വകുപ്പില്‍ നിയമിതനായി. ഗവേഷണ പ്രസിദ്ധീകരണമായ 'സിന്ദഗി'യുടെയും തഹ്ഖീഖാതെ ഇസ്‌ലാമി ഗവേഷണ മാഗസിന്റെയും എഡിറ്ററുമായിരുന്നു. 2007ല്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടു.  2019 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 2011 മുതല്‍ 2019 വരെ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍  ലോ ബോര്‍ഡിന്റെ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.

ഖിദ്മതെ ഖല്‍ഖ് കി ഇസ്‌ലാമി തസ്വവ്വുര്‍, ബച്ചെ ഔര്‍ ഇസ്‌ലാം, ഇന്‍സാന്‍ ഔര്‍ ഉസ്‌കെ മസാഇല്‍, ഇസ്‌ലാമീ ദഅ്‌വത്, ഔറത് ഇസ്‌ലാമി മുആശറ മേം, ഖുദാ ഔര്‍ റസൂല്‍ കാ തസ്വവ്വുര്‍ ഇസ്‌ലാമി തഅ്‌ലീമാത് മേ, മഅ്‌റൂഫ് വ മുന്‍കര്‍, ഇസ്‌ലാം കി ദഅ്‌വത്, ഔറത്ത് ഔര്‍ ഇസ്‌ലാം, മുസല്‍മാന്‍ ഖവാതീന്‍ കി ദഅ്‌വതി ദിമ്മെദാരിയാം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. അവയില്‍ സ്വിഹ്ഹത് വ മറദ് കീ ഇസ്‌ലാമി തഅ്‌ലീമാത്, ഖിദ്മതെ ഖല്‍ഖ് കി ഇസ്‌ലാമി തസ്വവ്വുര്‍, ബച്ചെ ഔര്‍ ഇസ്‌ലാം എന്നിവ യഥാക്രമം രോഗവും ആരോഗ്യവും, ജനേസവനം, കുഞ്ഞുങ്ങളും ഇസ്‌ലാമും എന്നീ പേരുകളില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് 2022 ആഗസ്ത് 26 ന് മരണപ്പെട്ടു.

Feedback