Skip to main content

ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി

ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ ജനകീയമാക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച പ്രബോധകന്‍, തികഞ്ഞ പണ്ഡിതന്‍, കവി, ശൈഖ് യൂസുഫുല്‍ ഖര്‍ദാവിയെപ്പോലുള്ള അനേകം പണ്ഡിതന്മാരുടെ ഗുരുനാഥന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് ശൈഖ് ശഅ്‌റാവി. അറബ് ലോകം വിവിധ ടി വി ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ മുസ്ലിം യുവതയുടെ ആവേശമായിരുന്നു. 

1911 ഏപ്രിലില്‍ ഈജിപ്തിലെ ദഖ്ഹലിയ്യ പ്രവിശ്യയില്‍ ദഖാദൂസ് ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ ശൈഖ് മുഹമ്മദ് മുതവല്ലി ശ്ശഅ്‌റാവി ജനിച്ചു. ജീവിതാന്ത്യംവരെ കര്‍ഷകന്റെ ലാളിത്യം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ മുജാഹിദ് തലഖ് തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ. 'ഞാന്‍ വീട്ടിനകത്ത് കയറിയിരുന്നു. അവിടം മുരീദുമാരെക്കൊണ്ട് നിറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശഅ്‌റാവി ഒരു കുട്ടയും താങ്ങിപ്പിടിച്ചുവരുന്നു. അവയില്‍ നിറയെ പഴങ്ങളായിരുന്നു. വ്യത്യസ്ത പഴങ്ങള്‍. ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തെ സഹായിക്കാന്‍ തുനിഞ്ഞു. ലാ... ലാ... അന്‍ത ദയ്ഫീ (പാടില്ല, പാടില്ല... താങ്കളെന്റെ അതിഥിയാണ്) അദ്ദേഹം പറഞ്ഞു.

നാട്ടിലെ പള്ളിക്കൂടത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1941ല്‍ ആലിമിയ്യ ബിരുദം നേടി. 1943ല്‍ അധ്യാപന സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പഠനാനന്തരം ത്വന്‍ത്വ, അലക്‌സാണ്ട്രിയ, സഖാസീഖ് എന്നിവിടങ്ങളില്‍ അധ്യാപന വൃത്തിയിലേര്‍പ്പെട്ടു. അക്കാലത്തെ ശിഷ്യനായിരുന്ന ഡോക്ടര്‍ യൂസുഫുല്‍ ഖര്‍ദാവി അനുഗൃഹീത ഗുരുവിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. 'ഞാനന്ന് ത്വന്‍ത്വാ മതപഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്കന്ററി ഘട്ടത്തിലാണ്. പ്രശസ്ത കവിയും അധ്യാപകനുമായ ശൈഖ് ശഅ്‌റാവി നമുക്ക് അധ്യാപകനായി വന്നിട്ടുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അതൊരു വാര്‍ത്തയായി.

താമസിയാതെ അദ്ദേഹം ക്ലാസിലെത്തി. അധ്യാപനം തുടങ്ങി. എന്തൊരാകര്‍ഷണീയമായ ക്ലാസ്. അറിവുകള്‍ ആത്മാര്‍ഥതയില്‍ ചാലിച്ചെടുത്ത് സമുചിതമായ ഹാവഭാവങ്ങളോടെ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അതിനെന്തു മാത്രം വശ്യത കൈവരുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. അദ്ദേഹം സ്വീകരിച്ച പ്രബോധനരീതി അത്യാകര്‍ഷകമായിരുന്നു. അത് വിദ്യാര്‍ഥികളുടെ ഹൃദയ തന്ത്രികളില്‍ അനുരണനമുണ്ടാക്കി'. അദ്ദേഹത്തിന്റെ കവിത ഹൃദയാന്തരങ്ങളില്‍ നിന്ന് സ്വമേധയാ ഒലിച്ചിറങ്ങുന്നതായിരുന്നു.

അദ്ദേഹത്തിന്റെ വിശകലനപാടവത്തെക്കുറിച്ച് ശൈഖ് ഖര്‍ദാവി പറയുന്നു: 'നിസ്സംശയം പറയാം, അദ്ദേഹം വലിയ മുഫസ്സിറുകളില്‍ ഒരാളാണ്. ഖുര്‍ആന്‍ ഓതുന്നവരെല്ലാം ഖുര്‍ആന്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നവരെല്ലാം അതിന്റെ ആഴങ്ങളിലേക്കിറങ്ങി വിലപിടിച്ച മുത്തുകളും രത്‌നങ്ങളും വാരിയെടുക്കുന്നില്ല. വാരിയെടുക്കുന്നതില്‍ വിജയിച്ചവരെല്ലാം അത് സ്ഫുടം ചെയ്ത് ലളിതമായും ആകര്‍ഷകമായും അനുവാചകരിലേക്കെത്തിക്കുന്നതില്‍ വിജയിക്കുന്നില്ല. എന്നാല്‍ ശഅ്‌റാവി അവസാനം പറഞ്ഞ വിഭാഗത്തിലായിരുന്നു. ഖുര്‍ആനിക രഹസ്യങ്ങളും ആഴങ്ങളും മനസ്സിലാക്കുന്ന വിഷയത്തില്‍ മറ്റുള്ളവരെ അദ്ദേഹം കവച്ചുവെച്ചു. അദ്ദേഹം പുതിയ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. തന്റെ ചുറ്റുമുള്ള സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വിദ്യാസമ്പന്നരും നിരക്ഷരരും സാധാരണക്കാരും പ്രത്യേകക്കാരുമെല്ലാം തന്റെ സവിശേഷമായ മാസ്മരിക ശൈലിയില്‍ ലയിച്ചുചേര്‍ന്നു. അപൂര്‍വം പേര്‍ക്ക് മാത്രമേ അല്ലാഹുവിന്റെ ഈ അനുഗ്രഹം ലഭിക്കാറുള്ളൂ.


പണ്ഡിതന്മാരുടെ സദസ്സുകളിലും ദര്‍സുഗാഹുകളിലും പരിമിതമായിരുന്ന ഖുര്‍ആനിക പഠനം സമൂഹത്തിലേക്ക് മാറ്റിക്കൊണ്ടുവന്നുവെന്നതാണ് ശഅ്‌റാവി സ്വാധിച്ചെടുത്ത ഏറ്റവും വലിയ വിപ്ലവം. സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ അവരുടെ കൂടി പങ്കാളിത്തത്തിലും ഖുര്‍ആന്‍ വിശദീകരിച്ചത് അറബ് പത്രങ്ങളും ടി വി ചാനലുകളും മത്സരിച്ച് ജനങ്ങളുടെ അടുത്തെത്തിച്ചു. ഓഡിയോ-വീഡിയോകളിലായി അവ വ്യാപിച്ചു.

ധാരാളം വിമര്‍ശങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രസിദ്ധ നോവലിസ്റ്റ് യുസുഫ് ഇദ്‌രീസ് 'ചിന്തയുടെ ദാരിദ്ര്യം, ദാരിദ്ര്യത്തിന്റെ ചിന്ത' എന്ന കൃതിയില്‍ ശൈഖിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ നാടകകൃത്തായ തൗഫീഖുല്‍ഹകീമും തന്റെ ഗ്രന്ഥങ്ങളായ അത്തആദുലിയ്യ, ഹിവാറുല്‍ മഅല്ലാഹ് എന്നീ കൃതികളില്‍ ശഅ്‌റാവിയെ കടന്നാക്രമിക്കുന്നുണ്ട്.

സെമിറ്റിക് വിരോധം വളര്‍ത്തുന്നുവെന്ന് ആരോപിച്ചുകൊണ്ട് സയണിസ്റ്റ് കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്റെ ആഴ്ചയിലെ പ്രഭാഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഈജിപ്ത് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി. സര്‍ക്കാര്‍ താല്ക്കാലിക വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അവ സ്ഥിരമായിക്കിട്ടുന്നതിനായിരുന്നു പിന്നീടുള്ള സമ്മര്‍ദം. എല്ലാ സമ്മര്‍ദങ്ങളും തന്റെ ഇച്ഛാശക്തികൊണ്ട് ശഅ്‌റാവിക്ക് അതിജീവിക്കാന്‍ കഴിഞ്ഞു.

സംഘടനാബന്ധങ്ങളൊന്നുമില്ലാതിരുന്ന ശഅ്‌റാവി സംഘടനകള്‍ നോക്കാതെ എല്ലാ വിഭാഗം പണ്ഡിതന്മാരോടും നേതാക്കളോടും സ്‌നേഹബന്ധം പുലര്‍ത്തി. പൊതുപ്രശ്‌നങ്ങളില്‍ അവരോടൊത്ത് പ്രവര്‍ത്തിച്ചു. ജമാല്‍ അബ്ദുന്നാസിറിന്റെ ശൈലിയില്‍ മനം മടുത്ത ശഅ്‌റാവി വിപ്ലവാനന്തരം ഈജിപ്ത് വിട്ടു.

അന്‍വര്‍ സാദത്തിന്റെ കാലത്ത് ഇസ്‌ലാമിക കാര്യവകുപ്പു മന്ത്രിയായി ചാര്‍ജെടുത്തപ്പോള്‍ സാധാരണക്കാര്‍ അദ്ദേഹത്തിനെതിരെ ക്ഷുഭിതരായി. പക്ഷേ ശഅ്‌റാവിയുടെ ന്യായം ഇങ്ങനെയായിരുന്നു. കെടുകാര്യസ്ഥത നിറഞ്ഞുനില്ക്കുന്ന ഒരുവകുപ്പ് നന്നാക്കിയെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് നിരസിക്കാതിരിക്കലല്ലേ ബുദ്ധി. അങ്ങനെയെങ്കില്‍ മാത്രമല്ലേ നമുക്ക് ശ്രമിച്ചുനോക്കാന്‍ പറ്റൂ. പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. ഉടന്‍ തന്നെ അദ്ദേഹം പദവികള്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു.

അദീസ് അബാബയില്‍ നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഈജിപ്തിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഹുസ്‌നി മുബാറകിനെ അദ്ദേഹം സന്ദര്‍ശിച്ചത് വലിയ വിവാദത്തിനു തിരികൊളുത്തി. മുബാറകിന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബഹുമാന്യനായ പ്രസിഡന്റ്, ആയുസ്സ് അസ്തമയത്തോട് അടുക്കുകയാണ്. ഇതൊരുപക്ഷേ നമ്മുടെ ഒടുവിലത്തെ കൂടിക്കാഴ്ചയായിരിക്കും. ഞങ്ങളെ ഭരണീയരായി കിട്ടിയത് താങ്കളുടെ വിധിയാണെങ്കില്‍ അല്ലാഹു താങ്കളെ സഹായിക്കട്ടെ. താങ്കളെ ഭരണാധികാരിയായി കിട്ടിയത് ഞങ്ങളുടെ വിധിയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് നല്‍കട്ടെ.

വിവിധ രാഷ്ട്രങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയിട്ടുള്ള അദ്ദേഹത്തിന് ധാരാളം ശിഷ്യഗണങ്ങളുണ്ട്. ഇസ്‌ലാമിക ലോകത്ത് നിന്നു ഒരുപാട് അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുമുണ്ട്. 1988ല്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി നല്‍കി ഈജിപ്ത് അദ്ദേഹത്തെ ആദരിച്ചു. 1417-18ലെ ദുബൈ ഗവര്‍മെന്റിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡ് ശഅ്‌റാവിക്ക് ലഭിക്കുകയുണ്ടായി.

17.06.1998 ബുധനാഴ്ച അസ്ഹറിന്റെ ധീരനായ പുത്രന്‍ മൃതിയടഞ്ഞു.
 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446