Skip to main content

ശൈഖ് അഹ്മദ് യാസീന്‍

പ്രബോധനത്തിനും ധര്‍മസമരത്തിനും വേണ്ടി ജീവിക്കുകയും സയണിസ്റ്റ് അധിനിവേശത്തില്‍ നിന്ന് സ്വന്തം നാടിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മഹാനാണ് ശെയ്ഖ് അഹ്മദ് ഇസ്മാഈല്‍ യാസീന്‍. 'ഹമാസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹറകത്തുല്‍ മുഖാവമതില്‍ ഇസ്‌ലാമിയ്യ സ്ഥാപകനും ബുദ്ധി കേന്ദ്രവുമായിരുന്നു ശൈഖ് യാസീന്‍.

ഫലസ്തീനിലെ ഗസ്സയിലെ അല്‍ഈസ ഗ്രാമത്തില്‍ 1937ല്‍ ജനിച്ചു. സാമ്പത്തിക സുസ്ഥിതിയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അല്‍ജൗസയിലെ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെക്കന്ററി വിദ്യാഭ്യാസം കരസ്ഥമാക്കിയത് ഗസ്സയിലെ പ്രശസ്തമായ ഫലസ്തീന്‍ സ്‌കൂളില്‍ നിന്നാണ്.

1958ല്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നുപഠിക്കാന്‍ സാഹചര്യം ലഭിച്ചില്ല. എങ്കിലും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്തു. അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം ഗസ്സയിലെ വിവിധ പള്ളികളില്‍ ഖത്തീബായും സേവനമനുഷ്ഠിച്ചിരുന്നു. ഇസ്‌റാഈലിന്റെ അധിനിവേശത്തിന്നെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ശൈഖിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശസ്തനായ പ്രസംഗകനായി അറിയപ്പെടുകയും ചെയ്തു.

1960ലായിരുന്നു വിവാഹം. വധു ഹലീമാ ഹസ്സന്‍. കടല്‍ത്തീരത്തിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പിലെ ചെറിയൊരു വീട്ടിലായിരുന്നു വിവാഹാനന്തരം അദ്ദേഹം താമസിച്ചിരുന്നത്. ശൈഖ് യാസീന്‍ ഹലീമ ദമ്പതികള്‍ക്ക് ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണുള്ളത്. സുഊദി ഭരണകൂടം പ്രത്യേകാനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 1975ല്‍ അദ്ദേഹം ഹജ്ജ് കര്‍മം നിര്‍വഹിച്ചു. 

യുവാക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊണ്ടായിരുന്നു ശൈഖിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ആകര്‍ഷകമായ ക്ലാസുകള്‍ കേള്‍ക്കാന്‍ യുവാക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഒരു പള്ളി നിര്‍മിച്ചു. പിന്നീട് മസ്ജിദുശ്ശാമിലി എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു. ക്ലാസുകള്‍ സമീപ പ്രദേശത്തുള്ള പള്ളികളിലേക്കും വ്യാപിച്ചപ്പോള്‍ ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കുറെ ചെറുപ്പക്കാരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു. 1967ല്‍ ഇഖ്‌വാന്റെ അല്‍ഖാഇദുല്‍ ആം ആയി ശൈഖ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

ബൈത്ത്ഹാനൂനിലുണ്ടായ ഇസ്‌റാഈലി ആക്രമണത്തില്‍ പ്രതിഷേധിച്ച് 1987ലാണ് 'ഇന്‍തിഫാദ' എന്ന പുതിയ സമരമുറ പ്രത്യക്ഷപ്പെടുന്നത്. ഇന്‍തിഫാദ തുടരണമെങ്കില്‍ സംഘടിത ശക്തി അനിവാര്യമാണ്. ഇതിനൊരു പ്രതിവിധി കണ്ടെത്താന്‍ ശൈഖ് സഹപ്രവര്‍ത്തകരായ ഡോ. അബ്ദുല്‍ അസീസ് റന്‍തീസി, സ്വലാഹി ശഹാദ എന്നിവരുമായി കൂടിയാലോചിച്ചതിനെത്തുടര്‍ന്ന് ഹറകതുല്‍ മുഖാവമതുല്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക ചെറുത്തുനില്പ് പ്രസ്ഥാനം) എന്ന സംഘടനക്ക് രൂപം നല്‍കി. ഇത് പിന്നീട് ഹമാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടു.

1983ല്‍ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇസ്‌റാഈലി ഭരണകൂടം ശൈഖിനെ ജയിലിലടച്ചു. 11 മാസത്തെ ജയില്‍ ശിക്ഷയ്ക്കുശേഷമാണ് മോചിതനായത്. 1989ല്‍ വീണ്ടും ജയിലിലടച്ച് പല വിധ പീഡനങ്ങള്‍ക്ക് വിധേയനാക്കി. 1991ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവുവിധിച്ചു. 1997 സപ്തംബര്‍ 25ന് ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്നെതിരെ ജോര്‍ദാനില്‍വെച്ച് നടന്ന വിഫല വധശ്രമത്തില്‍ പിടിക്കപ്പെട്ട ഇസ്‌റാഈലി രഹസ്യാന്വേഷണ ഏജന്റുമാരെ കൈമാറുന്നതിന്റെ ഭാഗമായി 1997 ഒക്ടോബറില്‍ ശൈഖ് ജയില്‍ മോചിതനായി. ജയില്‍ പീഡനത്തിന്റെ ഭാഗമായി ശൈഖിന്റെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സ്ഥിരമായ നെഞ്ചുവേദന, ചെവിവേദന എന്നിവകൂടി അദ്ദേഹത്തെ ബാധിച്ചു. എന്നിട്ടും പോരാട്ടവീര്യത്തിനു യാതൊരു മാറ്റവും ഉണ്ടായില്ല. തുടര്‍ന്നു നിരവധി തവണ അദ്ദേഹത്തെ മിസൈല്‍ അയച്ചുവധിക്കുവാന്‍ ഇസ്‌റാഈല്‍ ശ്രമിക്കുകയുണ്ടായി. 

2004 മാര്‍ച്ച് 22ന് 1425 സ്വഫര്‍ ഒന്നിന് ഗസ്സയിലെ അല്‍സബ്ര പ്രദേശത്തെ അല്‍മുജമ്മഉല്‍ ഇസ്‌ലാമി പള്ളിയില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ചശേഷം വീല്‍ ചെയറില്‍ 200 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഇസ്‌റാഈലി ഭീകരതയുടെ മിസൈല്‍ പതിച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446