Skip to main content

ഇബ്‌നു ജിബ്‌രീന്‍

സഉൂദി അറേബ്യയിലെ പ്രമുഖ പണ്ഡിതന്‍. ശരിയായ പേര് അബ്ദുല്ലാഹിബ്‌നു അബ്ദിര്‍റഹ്മാനിബ്‌നി അബ്ദില്ലാഹിബ്‌നി ഇബ്‌റാഹീമബ്‌നി ജിബ്‌രീന്‍. ഹി.1349 ക്രി. 1930ല്‍ രിയാദിനടുത്ത ഖുവൈഇയ്യയില്‍ ജനിച്ചു. 17ാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിതാവ് അബ്ദുര്‍റഹ്മാനാണ് ആദ്യ ഗുരു. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയായ ശേഷം പ്രധാന ഗുരുവായ അബ്ദുല്‍ അസീസിശ്ശസ്‌രിയുടെ കീഴില്‍ ഇസ്‌ലാമിക ശരീഅത്തിലെ പ്രധാന ശാഖകളിലും അറബി ഭാഷയിലും പഠനം നടത്തി. 1382ല്‍ രിയാദിലെ മഅ്ഹദു ഇമാമിദ്ദഅ്‌വയില്‍ നിന്ന് ബിരുദം; 1390ല്‍ രിയാദിലെ അല്‍മഅ്ഹദുല്‍ ആലീ ലില്‍ ഖദാഅ് എന്ന സ്ഥാപനത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദം; ഹി.1407/ക്രി.1987ല്‍ അതേ സ്ഥാപനത്തില്‍ നിന്ന് ഡോക്ടറേറ്റ്. മഅ്ഹദു ഇമാമിദ്ദഅ്‌വ, കുല്ലിയ്യതുശ്ശരീഅ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. ഏതാനും മാസ്റ്റര്‍ തിസീസുകളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. 1402ല്‍ ദാറുല്‍ ഇഫ്തായിലേക്ക് മാറി. 14 വര്‍ഷത്തോളം മുഫ്തിയായി സേവനമനുഷ്ഠിച്ചു. ഹി. 1416 ക്രി. 1996ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു. ഹി.1430 റജബ് 20ന് (2009 ജൂലായ് 13) മരണപ്പെട്ടു.

കൃതികള്‍:

അഖ്ബാറുല്‍ ആഹാദി ഫില്‍ഹദീസിന്നബവി, അല്‍ഇര്‍ശാദ് (ലംഅതുല്‍ ഇഅ്തിഖാദ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം), അത്തദ്ഖീനു മാദ്ദതുഹു വ ഹുക്മുഹു ഫില്‍ ഇസ്‌ലാം, അര്‍റദ്ദുല്‍ ഫാഇഖു അലാമുബദ്ദിലില്‍ ഹഖാഇഖ്, അശ്ശഹാദതാനി മഅ്‌നാഹുമാ, നോമ്പിനെക്കുറിച്ച് നാലു ലഘു കൃതികള്‍, ഹജ്ജിനെക്കുറിച്ച് രണ്ട് ലഘു കൃതികള്‍. ഇവയ്ക്കുപുറമേ ഏഴു വാല്യമുള്ള ശര്‍ഹുസ്സര്‍കശി അലാ മുഖ്തസ്വരില്‍ ഖിറഖി എന്ന ഗ്രന്ഥം സംശോധന നടത്തി. 


 

 

References

 
ഇസ്‌ലാമിക വിജ്ഞാന കോശം

Feedback
  • Thursday Oct 16, 2025
  • Rabia ath-Thani 23 1447