Skip to main content

ഇബ്‌നുല്‍ ഖയ്യിം

ഇബ്‌നു തൈമിയ്യയുടെ ശിഷ്യനായിരുന്ന ഹാഫിസ് ഇബ്‌നുല്‍ ഖയ്യിമിന്  ഇസ്‌ലാമിക ചിന്തകരുടെ ചരി്രതത്തില്‍ സമുന്നതമായ  സ്ഥാനമുണ്ട്. ശരിയായ പേര് മുഹമ്മദുബ്‌നു അബീബക്ര്‍. വിളിപ്പേര് അബൂഅബ്ദില്ല. അപരനാമം ശംസുദ്ദീന്‍. പിതാവ് അല്‍ജൗസിയ്യ. പാഠശാലയിലെ പ്രധാനാധ്യാപകനായിരുന്നത് കൊണ്ട് ആദ്യകാലത്ത് ഇബ്‌നുഖയ്യിമില്‍ ജൗസിയ്യ എന്ന പേരില്‍ വിശ്രുതനായി.

 

ഹി. 691 ക്രി. 1292ല്‍ ദമസ്‌കസിലാണ് ജനനം. ആദ്യകാലത്ത് തഖിയ്യുദ്ദീന്‍ സുലൈമാന്‍, ഫാത്തിമ ബിന്‍തു ജൗഹര്‍, ഈസബ്‌നു മുത്വ്ഇം, അബൂബകരിബ്‌നു അബ്ദിദ്ദാഇം തുടങ്ങിയവരില്‍ നിന്ന് ഹദീസും ഹംബലീ കര്‍മശാസ്ത്രവും അഭ്യസിച്ചു. അനന്തരം ഇമാം ഇബ്‌നുതൈമിയ്യയുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം മരണംവരെ അദ്ദേഹത്തെ വിട്ടുപിരിയുകയുണ്ടായില്ല. ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങളുടെ സംശോധനയും ക്രോഡീകരണവുമെല്ലാം അദ്ദേഹമാണ് നിര്‍വഹിച്ചത്. കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഹദീസ്, അറബി ഭാഷ, വ്യാകരണം തുടങ്ങിയ എല്ലാ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഇബ്‌നുല്‍ ഖയ്യിമിന് അവഗാഹമുണ്ടായിരുന്നു. 

ഹി.726 ക്രി. 1326ല്‍ ഇബ്‌നുതൈമിയ്യ അവസാന തവണ ദമസ്‌കസില്‍ കോട്ടയില്‍ തടവിലാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഇബ്‌നുല്‍ഖയ്യിമും ബന്ദിയാക്കപ്പെട്ടിരുന്നു. ഇബ്‌നു തൈമിയ്യയുടെ മരണശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്. ഇബ്‌നുല്‍ഖയ്യിം അന്ധമായ അനുകരണത്തെ ശക്തിയായി എതിര്‍ത്തിരുന്നുവെങ്കിലും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഏറിയ കൂറും ഹന്‍ബലീ മദ്ഹബിനോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. തത്വശാസ്ത്രം, മുഅ്തസിലീ ചിന്ത, വഹ്ദതുല്‍ വുജൂദ് തുടങ്ങിയവയെ ഇബ്‌നുതൈമിയ്യയെപ്പോലെ അദ്ദേഹവും ശക്തമായി എതിര്‍ത്തു. ദൈവശാസ്ത്രം, വിശ്വാസ കാര്യങ്ങള്‍, തസ്വവ്വുഫ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പൂര്‍വസൂരികളായ പണ്ഡിതന്‍മാരുടെ വീക്ഷണത്തെ അദ്ദേഹം പിന്തുണച്ചു. ജൂതന്‍മാരുടെയും ക്രിസ്ത്യാനികളുടെയും പിഴച്ച വിശ്വാസാചാരങ്ങളെയും അദ്ദേഹം വിമര്‍ശനത്തിരയാക്കി. 

ഇബ്‌നുല്‍ ഖയ്യിം 60ാമത്തെ വയസ്സില്‍ ഹി.751 ക്രി. 1350ല്‍ ദമസ്‌കസില്‍ വച്ചാണ് അന്തരിച്ചത്. ബാബുസ്സ്വഗീറിലെ ശ്മശാനത്തില്‍ പിതാവിന്റെ ഖബ്‌റിനു സമീപം സംസ്‌കരിക്കുകയും ചെയ്തു.

പ്രധാന ഗ്രന്ഥങ്ങള്‍

നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. 'ഇഅ്‌ലാമുല്‍മുവഖ്ഖിഈനും' 'സാദുല്‍മആദു'മാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. 'സാദുല്‍മആദി'നെക്കുറിച്ച് പറയപ്പെടുന്നത് ഇമാം ഗസ്സാലിയുടെ ഇഹ്‌യാഉലൂമിനു ശേഷം ഇ്രതയും സമ്രഗമായ ഒരു ഗ്രന്ഥം ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ ഖുര്‍ആന്‍, സുന്നത്ത് എന്നിവയോടുള്ള പൊരുത്തം കണക്കിലെടുത്ത് ഇഹ്‌യാഉലൂമിനെക്കാള്‍ മുന്‍ഗണന അതിനു നല്‍കപ്പെട്ടിട്ടുണ്ട്. ഇബ്‌നുല്‍ ഇമാദില്‍ ഹന്‍ബലി തന്റെ ശദറാതുദ്ദഹബില്‍ 40ഓളം വരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഒരു പട്ടിക നല്‍കിയിട്ടുണ്ട്. എന്നാല്‍ ബ്രോക്കന്‍മാന്‍ തന്റെ അറബി സാഹിത്യ ചരിത്രത്തില്‍ ഇബ്‌നുല്‍ ഖയ്യിമിന്റെ 52 ഗ്രന്ഥങ്ങളെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറ്റുചില പ്രധാന ഗ്രന്ഥങ്ങള്‍ ഇവയാണ്: ഇജ്തിമാഉല്‍ ജുയൂശില്‍ ഇസ്‌ലാമിയ്യ, ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍, ഇഗാസതുല്ലഹ്ഫാന്‍ ഫീ ഹുക്മി ത്വലാഖില്‍ ഗദ്ബാന്‍, അത്തിബ്‌യാനു ഫീ അഖ്‌സാമില്‍ ഖുര്‍ആന്‍, തുഹ്ഫതുല്‍ വദൂദി ഫീ അഹ്കാമില്‍ മൗലൂദ്, ഹാദില്‍ അര്‍വാഹി ഇലാ ബിലാദില്‍ അഹ്‌റാഫ്, കിതാബുര്‍റൂഹ്, സാദുല്‍ മആദ്, ശിഫാഉല്‍ അലീല്‍ ഫില്‍ഖദാഇ വല്‍ഖദ്‌രിവല്‍ഹിക്മതി വത്തഅ്‌ലീല്‍,  അത്ത്വുറുഖുല്‍ഹികമിയ്യതു ഫിസ്സിയാസതിശ്ശര്‍ഇയ്യ, അല്‍കാഫിയാതു ഫില്‍ഫിര്‍ഖതിന്നാജിയ്യ, മദാരിജുസ്സാലികീന്‍, അര്‍രിസാലതുത്തബൂകിയ്യ, ഉദ്ദതുസ്സ്വാബിരീന്‍ വദഖീറതുശ്ശാകിരീന്‍, ബദാഇഉല്‍ ഫവാഇദ്, റൗദതുല്‍ മഹിബ്ബീന്‍ വ നുസ്ഹതുല്‍ മുശ്താഖീന്‍, അസ്സ്വവാഇഖുല്‍മുര്‍സലാതു അലല്‍ജഹ്മിയ്യ, അല്‍വാബിലുസ്സ്വയ്യിബ്, തഫ്‌സീറുല്‍ മുഅവ്വദതൈന്‍.

 

References

 
ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം (ഭാഗം രണ്ട്)

Feedback