Skip to main content

ഇമാം ജൗഹരി

അറബി ഭാഷാശാസ്ത്ര വ്യാകരണ പണ്ഡിതന്‍, നിഘണ്ടു രചയിതാവ്. ശരിയായ പേര് അബൂനസ്ര്‍ ഇസ്മാഈലുബ്‌നു ഹമ്മാദില്‍ ജൗഹരിയ്യുല്‍ ഫാറാബി. അസ്സ്വിഹാഹ് എന്നറിയപ്പെട്ട താജുല്ലുഗ വസ്സ്വിഹാഹുല്‍ അറബിയ്യ എന്ന ശബ്ദകോശത്തിന്റെ കര്‍ത്താവാണ്. തുര്‍ക്കിയിലെ ഫാറാബില്‍ ജനിച്ചതു കാരണം ആ സ്ഥലവുമായി ബന്ധപ്പെടുത്തി അബൂനസ്‌റില്‍ ഫാറാബി എന്നും വിളിക്കപ്പെടുന്നു. 

രത്‌നവ്യാപാരം തൊഴിലായി സ്വീകരിച്ചതിനാല്‍ 'അല്‍ജൗഹരി' എന്ന അപരനാമത്തിലാണ് കൂടുതലും അറിയപ്പെടുന്നത്. ജൗഹരിയുടെ ജനനവര്‍ഷം അജ്ഞാതമാണ്. ബാല്യം മുതല്‍ക്കേ വിജ്ഞാന സമ്പാദനത്തിനായി ധാരാളം യാത്രകള്‍ ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം ജന്‍മസ്ഥലമായ ഫാറാബില്‍, മാതുലന്‍ അബൂ ഇസ്ഹാഖില്‍ ഫാറാബി (മരണം.ഹി: 350)യില്‍ നിന്ന് കരസ്ഥമാക്കി. പിന്നീട് ഇറാഖിലേക്ക് പോയി. അബൂ അലിയ്യില്‍ ഫാരിസി (മരണം.ഹി: 377)യുടെ ശിക്ഷണത്തില്‍ ഭാഷാപാണ്ഡിത്യം നേടി. അതിനു ശേഷം ഹിജാസ്, ശാം തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റിസഞ്ചരിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ചെന്ന് റബീഅ്, മുദര്‍ അറബി ഗോത്രങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ ഗോത്ര ഭാഷ സ്വായത്തമാക്കി. ഖുറാസാന്‍, ദാമിഗാന്‍ എന്നിവിടങ്ങളിലെ ഹ്രസ്വവാസത്തിന് ശേഷം നൈസാബൂരില്‍ അധ്യാപനവും ഗ്രന്ഥരചയും മുസ്വ്ഹഫ് പകര്‍ത്തിയെഴുത്തുമായി കഴിഞ്ഞു. ജൗഹരി അറബി കൈയെഴുത്ത് കലയും (കാലിഗ്രാഫി) പഠിച്ചിരുന്നു. 

ജൗഹരി അറബി ഭാഷയിലും വ്യാകരണത്തിലും ഛന്ദശ്ശാസ്ത്രത്തിലുമായി ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ കുറച്ചു മാത്രമേ ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും പരിഗണിക്കുമ്പോള്‍ അവ ഒന്നുമല്ല. പ്രസ്തുത ഗ്രന്ഥങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത് ഇവയാണ്: അറൂദുല്‍ വറഖ എന്ന പേരില്‍ ഛന്ദശ്ശാസ്ത്രത്തില്‍ എഴുതിയ ഗ്രന്ഥം, അല്‍മുഖദ്ദിമതു ഫിന്നഹ്‌വ് എന്ന വ്യാകരണ ഗ്രന്ഥം. താജുല്ലുഗ വസ്വിഹാഹുല്‍ അറബിയ്യ അറബി നിഘണ്ടു. ഈ ഗ്രന്ഥത്തില്‍ ദ്വാദ് എന്ന അക്ഷരം വരെയാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ബാക്കി അക്ഷരങ്ങളുമായി ബന്ധപ്പെട്ട ഭാഗം കരടുരൂപത്തില്‍ അവശേഷിച്ചു. അദ്ദേഹത്തിന്റെ മരണേശഷം ശിഷ്യന്‍മാരില്‍ പ്രസിദ്ധനായ അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു സ്വാലിഹില്‍വര്‍റാഖ് പ്രസ്തുത ഭാഗം സംശോധന ചെയ്ത് ഗ്രന്ഥത്തിലേക്ക് ചേര്‍ക്കുകയാണുണ്ടായത്. 

അസ്സ്വിഹാഹ്: രചനാ രംഗത്തെ വിപ്ലവം

ജൗഹരിയുടെ ഗ്രന്ഥങ്ങളില്‍ ഏറ്റവുംകൂടുതല്‍ പഠനവിധേയമാക്കപ്പെട്ടത് അസ്സ്വിഹാഹ് ആണ്. രചനാതലത്തില്‍ ഒരു വിജ്ഞാന വിപ്ലവം തന്നെ അത് സൃഷ്ടിച്ചു. പദങ്ങളുടെ ഒടുവിലത്തെ അക്ഷരങ്ങള്‍ ആസ്പദമാക്കിയാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്. ഓരോ പദത്തിന്റെയും അന്ത്യാക്ഷരത്തെ ബാബുകളായും ആദ്യാക്ഷരങ്ങളെ ഫസ്വ്‌ലുകളായും തിരിച്ചിരിക്കുന്നു. ഓരോ പദത്തിന്റെയും അക്ഷരങ്ങളെ കൃത്യമായി നിര്‍ണയിക്കുകയും അധികാക്ഷരങ്ങ(അല്‍ഹുറൂഫുസ്‌സാഇദ)ളില്‍ നിന്ന് മുക്തമാക്കുകയും ചെയ്തു. ഈ കൃതിയെക്കുറിച്ച് പന്ത്രണ്ടിലേറെ പഠന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മിക്കതും തര്‍തീബ് (ക്രമീകരണം), തഹ്ശിയത് (വ്യാഖ്യാനം), ഇഖ്തിസ്വാര്‍ (സംക്ഷേപം), തന്‍ഖീഹ് (സംശോധന) എന്നീ മേഖലകളില്‍ രചിക്കപ്പെട്ടതാണ്. അവയില്‍ചിലത് താഴെ:

1. തന്‍ഖീഹുല്‍ ജവാലീഖി (ഹി:540/ക്രി: 1145)
2. തന്‍ഖീഹുസ്‌സ്ന്‍ജാനി എന്ന പേരില്‍ മഹ്മൂദുബ്‌നു അഹ്മദബ്‌നി മഹ്മൂദിസ്‌സ്ന്‍ജാനി (ഹി:656/ക്രി: 1258) രചിച്ച കൃതി.
3. ജലാലുദ്ദീന്‍ സുയൂത്വിയുടെ (ഹി:911/ക്രി: 1505) ഫലഖുല്‍ ഇസ്വ്ബാഹ് ഫീ തഖ്‌രീജി അഹാദീസിസ്വിഹാഹ്.
4. സ്വലാഹുദ്ദീനിബ്‌നു ഐബകിസ്വഫദി (ഹി:764/ക്രി: 1363)യുടെ ഹുലിയ്യുന്നവാഹിദ് അലാ മാ ഫി സ്വിഹാഹ്.
5. ഹവാശി അബില്‍ ഖാസിമില്‍ ഫദ്‌ലിബ്‌നി മുഹമ്മദിബ്‌നി അലിയ്യില്‍ ഖസ്വ്ബാനി (ഹി:444/ക്രി: 1052).
6. അബുല്‍ഹസന്‍ അലിയ്യുബ്‌നു ജഅ്ഫറബ്‌നി മുഹമ്മദിസ്‌സഅ്ദി രചിച്ച ഹവാശി ഇബ്‌നില്‍ ഖത്വാഅ് (ഹി:515/ക്രി: 1121).
7. അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്‌നു ബര്‍രിബ്‌നി അബ്ദില്‍ ജബ്ബാരില്‍ മിസ്വ്‌രി (ഹി:582/ക്രി: 1186) രചിച്ച ഹവാശി ഇബ്‌നി ബര്‍രി എന്നറിയപ്പെട്ട അത്തന്‍ബീഹു വല്‍ഈദാഹു വക്വഅ ഫിസ്വിഹാഹ് (ഹി:582/ക്രി: 1186).
8. അബൂബക്‌രിര്‍റാസിയുടെ സ്വിഹ്‌റതുര്‍റാഹ് മിന്‍ മുഖ്താറിസ്വിഹാഹ് (ഹി:666/ക്രി: 1268).
9. അബുല്‍വിജാഹ അബ്ദുര്‍റഹ്ബാനിബ്‌നു മുര്‍ശിദില്‍ ഉമരിയുടെസ്വുഫ്‌റതുര്‍റാഹ് മിന്‍ മുഖ്താരിസ്വിഹാഹ് (ഹി:1037/ക്രി: 1628)
10. ദാവൂദുബ്‌നു മുഹമ്മദില്‍ ഖറിയുടെമുഖ്താറുമുഖ്താരിസ്വിഹാഹ് (ഹി:1160/ക്രി: 1747).

അസ്സ്വിഹാഹ് പേര്‍ഷ്യ, തുര്‍ക്കി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. തര്‍ജമകളുടെ കൂട്ടത്തില്‍ പ്രസിദ്ധമായത് ഇമാദുദ്ദീന്‍ മുഹമ്മദ്ബ്‌നു ഉമറുബ്‌നി ഖാലിദില്‍ ഖുറശിയുടെ അസ്വിറാഹു മിനസ്സഹീഹ് എന്ന ഗ്രന്ഥമാണ് (ഹി:671/ക്രി: 1272). അറബി പദങ്ങള്‍ അറബി ലിപിയില്‍ തന്നെ നിലനിര്‍ത്തി പേര്‍ഷ്യന്‍ ഭാഷാ അര്‍ഥം നല്‍കുകയാണ് ഇതില്‍ ചെയ്തിരിക്കുന്നത്. മൗലാ മുഹമ്മദ്ബ്‌നു മുസ്ത്വഫാ അല്‍കൂറാതി ഇത് തുര്‍കി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു (ഹി:1000/ക്രി: 1952). കയ്‌റോയിലെ ബൂലാഖ് പ്രസ്സില്‍ ഹി:1282/ക്രി: 1865ല്‍ ഇതിന്റെ പതിപ്പിറങ്ങി. ഹി:1385/ക്രി: 1956ല്‍ അഹ്മദ് അബ്ദുല്‍ ഗഫൂര്‍ അത്വ്ത്വാര്‍ സംശോധന നിര്‍വഹിച്ച ഗ്രന്ഥത്തിന്റെ മറ്റൊരു പതിപ്പും ഇറങ്ങി. ഹി:1270/ക്രി: 1854ല്‍ കല്ലില്‍ കൊത്തിയെടുത്ത ഒരു പതിപ്പ് നേരത്തേ തിബ്‌രീസില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

അറബി ഭാഷയെ പോഷിപ്പിക്കുന്നതില്‍ ജൗഹരി അനുപമമായ പങ്കുവഹിച്ചു എന്ന് പണ്ഡിത ശ്രേഷ്ഠനായ ദഹബി (ഹി:784/ക്രി: 1374) പറയുന്നു. പാണ്ഡിത്യത്തിലും ബുദ്ധികൂര്‍മതയിലും ഒരു അത്ഭുത മനുഷ്യനായിരുന്നൂ ജൗഹരി എന്ന് യാഖൂതുല്‍ ഹമവി (ഹി:626/ക്രി: 1229) അഭിപ്രായപ്പെടുന്നു. അലിയ്യുബ്‌നുല്‍ ഹസനിബ്‌നില്‍ ബാഖര്‍സി. (ഹി:467/ക്രി: 1075) യും ജൗഹരിയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

ഇമാം ജൗഹരി: 400(ക്രി: 1010)ല്‍ നൈസാബൂരില്‍ മരിച്ചു.

 

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446