Skip to main content

ഇമാം ഗസ്സാലി

ഇമാം ഗസ്സാലിയുടെ മുഴുവന്‍ പേര് അബൂ ഹാമിദ് മുഹമ്മദുല്‍ ഗസ്സാലി എന്നാണ്. മത പണ്ഡിതന്‍, ചിന്തകന്‍, ദാര്‍ശനികന്‍, സൂഫിവര്യന്‍, സാമൂഹിക വിമര്‍ശകന്‍ എന്നീ നിലക്കെല്ലാം ശോഭിച്ച ഇമാം ഗസ്സാലി ഒരു വിജ്ഞാനകോശമായി ഗണിക്കപ്പെടുന്നു. ഹി.450 (ക്രി.1058)ല്‍ ഖുറാസാനില്‍പെട്ട ഇന്നത്തെ ത്വൂസില്‍ ജനിച്ചു. പിതാവ് രോമവസ്തങ്ങ്രള്‍ നെയ്തു ജീവിക്കുന്ന ദരിദ്രനായിരുന്നു. കുടുംബത്തൊഴില്‍ ഇതായതുകൊണ്ടാണ് നൂല്‍നൂല്ക്കുക എന്ന അര്‍ഥത്തിനുപയോഗിക്കുന്ന ഗസ്സാല്‍ എന്ന വാക്ക് അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടതെന്നാണ് ഒരു ചരിത്ര നിഗമനം. അബൂഹാമിദ് താമസിച്ചിരുന്ന പ്രദേശത്തിന്റെ പേര് ഗസാല്‍ എന്നായിരുന്നുവെന്നും ജന്‍മനാട്ടിലേക്ക് ചേര്‍ത്തുകൊണ്ട് അദ്ദേഹത്തെ ഗസ്സാലി എന്നു വിളിച്ചുവെന്നുമാണ് മറ്റൊരു അഭിപ്രായം. 

ഹി.470ല്‍ ഗസ്സാലി നീസാബൂരിലെത്തി ഇമാമുല്‍ ഹറമൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം ജുവൈനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഫിഖ്ഹ്, തര്‍ക്കശാസ്ത്രം, ന്യായശാസ്ത്രം, ഫിലോസഫി തുടങ്ങിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കി. ഹി.488ല്‍ ബഗ്ദാദില്‍ നിന്നു സിറിയയിലേക്ക് യാത്രയായി. ഡമസ്‌കസ് പള്ളിയിലും മറ്റുമായി കുറച്ചുകാലം അവിടെ കഴിച്ചുകൂട്ടി. വിജ്ഞാനകുതുകിയായിരുന്നുവെങ്കിലും ഈ കാലഘട്ടത്തില്‍ അദ്ദേഹം മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിപ്പെട്ടിരുന്നുവെന്നാണ് ആത്മകഥാ രൂപത്തില്‍ അദ്ദേഹം എഴുതിയ  'അല്‍മുന്‍ഖിദുമിനദ്വലാല്‍' (മാര്‍ഗ്ഗഭ്രംശത്തില്‍ നിന്നുള്ള രക്ഷകന്‍) എന്ന ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഏകാന്ത ജീവിതം നയിച്ച അദ്ദേഹം യഥാര്‍ഥത്തില്‍ അവിടെ അലഞ്ഞുതിരിയുകയായിരുന്നു. ഈ കാലത്താണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ അദ്ദേഹം സ്വരൂപിക്കുന്നത്. ഹി.499ല്‍ നീസാബൂരില്‍ തിരിച്ചെത്തി വൈജ്ഞാനിക രംഗത്ത് കൂടുതല്‍ സജീവമായി. രണ്ടു വര്‍ഷത്തിനു ശേഷം ഫഖ്‌റുല്‍ മുല്‍കിന്റെ നിര്യാണത്തെ തുടര്‍ന്ന് ജന്‍മനാടായ ത്വൂസിലേക്കു തന്നെ തിരിച്ചുപോയി.ഹി.505 (ക്രി.111)ല്‍ ആണ് ഗസ്സാലി അന്ത്യയാത്രയായത്.

ഇമാം ഗസ്സാലി 228 ഗ്രന്ഥങ്ങള്‍ രചിച്ചതായി കണക്കാക്കപ്പെടുന്നു. അവയില്‍ അധ്യാത്മ ജ്ഞാനം, ഫിഖ്ഹ്, നിയമം, വിശ്വാസം, തര്‍ക്ക ശാസ്ത്രം, ഫിലോസഫി എന്നീ വിഷയങ്ങളിലായി 45 ഗ്രന്ഥങ്ങളാണ് അച്ചടിച്ചുപുറത്തുവന്നിട്ടുള്ളത്. ഏറ്റവും ഒടുവിലായി രചിച്ച ഗ്രന്ഥമാണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന 2 വാള്യങ്ങളുള്ള ബൃഹത്തായ കൃതി. ഈ ഗ്രന്ഥത്തില്‍ ഇസ്‌ലാമിന്റെ വിശ്വാസാരാധാനകള്‍, മനുഷ്യന്റെ ദുര്‍ഗുണങ്ങള്‍, ദൈവസാമീപ്യം നേടി സായൂജ്യമടയാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. ഇഹ്‌യാ ഉലൂമിദ്ദീന്‍ രചിച്ച ഗസ്സാലി മോറല്‍ ഫിലോസഫിയില്‍ ലോകത്ത് പ്രത്യക്ഷപ്പെട്ട പ്രഗത്ഭന്‍മാരില്‍ ഉന്നതനായി ഗണിക്കപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഈ കൃതി വായിക്കുന്നവര്‍ക്ക് ഭൗതിക സുഖാഡംബരങ്ങളോട് അതിരുവിട്ട വിരക്തി തോന്നുമെന്ന കുറ്റം ചൂണ്ടിക്കാണിക്കാറുണ്ട്. 

ഫിലോസഫിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമാണ് 'തഹാഫുതുല്‍ ഫലാസിഫ'. ആ കാലഘട്ടത്തിലെ ഫിലോസഫര്‍മാര്‍ക്ക് മൂന്ന് കാര്യങ്ങളില്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ചിട്ടുണ്ടെന്ന് ഗസ്സാലി ഈ ഗ്രന്ഥത്തിലൂടെ സമര്‍ഥിക്കുന്നു. ഗ്രീക്ക് ഫിലോസഫിയുടെ മുതുക് ഒടിച്ച ഈ വിപ്ലവ ഗ്രന്ഥത്തിന് വര്‍ഷങ്ങള്‍ക്കു ശേഷം രംഗത്തുവന്ന ഇബ്‌നു റുശ്ദ്, 'തഹാഫുതുത്തഹാഫുത്' എന്ന പേരില്‍ ഒരു മറുപടി ഗ്രന്ഥം എഴുതുകയുണ്ടായി.       'അല്‍മുന്‍ഖിദു മിനദ്വലാല്‍', 'ഫൈസലുത്തരീഖ് അല്‍ മുസ്തസ് ഫാ' എന്നിവ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന കൃതികളാണ്. ഗസ്സാലി എഴുതിയ ഗ്രന്ഥങ്ങളുടെ പേജുകള്‍ അദ്ദേഹം ജീവിച്ച നാളുകളുമായി ഭാഗിച്ചാല്‍ ദിവസവും എണ്‍പതു പേജു വീതം എഴുതിയതായി കണക്കാക്കാമെന്നു 'മആലിമുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ' എന്ന ഗ്രന്ഥം പറയുന്നു.

ഇസ്‌ലാമിക ചിന്തക്കു ഇമാം ഗസ്സാലി സമര്‍പ്പിച്ച വിജ്ഞാന സമ്പത്ത് മനുഷ്യരാശിക്ക് എന്നും വെളിച്ചമേകുന്നവയാണ്. ഗസ്സാലിയുടെ അന്ത്യ രംഗം ഇബ്‌നുല്‍ ജൗസി സഹോദരനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ വിവരിക്കുന്നു. 'തിങ്കളാഴ്ച സുബ്ഹിന്റെ സമയം. എന്റെ സഹോദരന്‍ വുദു ചെയ്തു നമസ്‌കരിച്ചു. പിന്നെ കഫന്‍ പുടവ കൊണ്ടുവരാന്‍ കല്‍പിച്ചു. അതെടുത്ത് ചംബിച്ചു കണ്ണിനുമുകളില്‍ വെച്ചു. പിന്നെ മലക്കിനു സ്വാഗതം പറഞ്ഞു. രണ്ടുകാലും നീട്ടി ഖിബ്‌ലക്കു അഭിമുഖമായി കിടന്നു. ദൈവപ്രീതി നേടാന്‍ യാത്രയായി.''


 


 

References

ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട്
പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി

Feedback