Skip to main content

ഡോ.ആഇശ അബ്ദുര്‍റഹ്മാന്‍

'തീരത്തിന്റെ പുത്രി' എന്നര്‍ഥമുള്ള ബിന്‍തുശ്ശാത്വിഅ് എന്ന പേരില്‍ വിശ്വപ്രസിദ്ധയായ ആഇശ അബ്ദുര്‍റഹ്മാന്‍ 1913ല്‍ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ചു. കൈറോവിന് സമീപമുള്ള ദിംയാത്ത് പട്ടണത്തില്‍ നൈല്‍ നദിയുടെ തീരത്താണ് ആഇശ വളര്‍ന്നത്. ശിബ്‌റാഇഖും എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ശൈഖ് അബ്ദുര്‍റഹ്മാന്‍ നൈല്‍ തീരത്തേക്ക് സകുടുംബം താമസം മാറ്റുന്നത്. നൈലിന്റെ ഓളങ്ങളും കുളിര്‍കാറ്റടിക്കുന്ന തീരവും ബാലികയായ ആഇശയില്‍ കവിത വിടര്‍ത്തുമായിരുന്നുവത്രേ. ഒഴിവുകാലം ചെലവഴിക്കാന്‍ പിതാവിന്റെ ജന്മസ്ഥലമായ ശിബ്‌റയിലേക്ക് പോയാലും നൈല്‍തീരസ്മൃതികള്‍ തന്നില്‍ ഗൃഹാതുരത്വം സൃഷ്ടിച്ചതായി ആഇശ പറയുന്നു. പില്കാലത്ത് ഒരെഴുത്തുകാരിയായി വളര്‍ന്നപ്പോള്‍ സ്വീകിച്ച തൂലികാനാമം ബിന്‍തുശ്ശാത്വിഅ്(തീര പുത്രി) ഈ ബാല്യകാല സ്മൃതികള്‍ക്കുള്ള ഉപഹാരമായിരുന്നു.

പിതാവ് അല്‍ അസ്ഹര്‍ സ്ഥാപനങ്ങളിലൊന്നില്‍ അധ്യാപകനും പിതാമഹന്‍ അസ്ഹര്‍ പള്ളിയിലെ ഇമാമുമായിരുന്നു. ആഇശയെ മാതാവ് ഗര്‍ഭം ധരിച്ചിരിക്കെ കുടുംബത്തിന്റെ വൈജ്ഞാനിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ പ്രതിഭാശാലിയായ ഒരാണ്‍കുട്ടിയെ പ്രദാനംചെയ്യാന്‍ പ്രാര്‍ഥിച്ചിരുന്നുവത്രെ. അതിനാല്‍ ആഇശയുടെ പിറവി അദ്ദേഹത്തെ പ്രസന്നവദനനാക്കിയില്ല. എങ്കിലും ദൈവികമായ ഒരുള്‍വിളിപോലെ വിശുദ്ധ ഖുര്‍ആന് പ്രൗഢമായ ജീവിതവ്യാഖ്യാനം രചിച്ച പ്രവാചക പത്‌നി ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ)യുടെ പേര്‍ പുത്രിക്ക് നല്‍കി. സത്യവിശ്വാസികളുടെ എക്കാലത്തെയും മാതാവിന് ഒരനന്തരഗാമിയെ സമ്മാനിക്കാന്‍ കൊതിച്ച പിതാവ് ആഇശയെ വീട്ടില്‍ വെച്ചുതന്നെ ഇസ്്‌ലാമിക ബാലപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. അഞ്ചാം വയസ്സില്‍ ശൈഖ് മുര്‍സിയില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കി. ഖുര്‍ആന്‍ പഠനത്തിനു ശേഷം ഒഴിവു സമയങ്ങളില്‍ അറബിഭാഷയും ഇസ്്‌ലാമിക പാഠങ്ങളും പിതാവില്‍ നിന്ന് പഠിച്ചു.

1920ല്‍ തന്റെ ഏഴാം വയസ്സില്‍ സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിച്ചുവെങ്കിലും ആഇശയുടെ മോഹം തിരസ്‌കരിക്കപ്പെട്ടു. മത പാശ്ചാത്തലമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ പാഠശാലയില്‍ പോയി പഠിക്കുന്നത് അപരാധമായിക്കണ്ട സമൂഹത്തിലെ അംഗമായിരുന്നു പിതാവ്. ഒടുവില്‍ പിതാമഹനെ സ്വാധീനിച്ച് സ്‌കൂള്‍ പ്രവേശനത്തിന് അനുമതി സമ്പാദിക്കുമ്പോഴേക്കും സ്‌കൂള്‍ പ്രായവും അധ്യയനവര്‍ഷവും അവസാനിക്കാറായിരുന്നു. വാര്‍ഷിക പരീക്ഷയുടെ തൊട്ടുമുമ്പ് സ്‌കൂളില്‍ ചേര്‍ന്ന ആഇശ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് അധ്യാപകരില്‍ വിസ്മയമുളവാക്കിയതായി അലല്‍ ജസ്ര്‍ എന്ന ആത്മകഥയില്‍ പറയുന്നു. പത്താം വയസ്സില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയതോടെ തുടര്‍പഠനത്തിനു പിതാവ് അനുവാദം നല്‍കിയില്ല. തുടയെല്ല് പൊട്ടിക്കിടപ്പിലായ പിതാമഹനെ ശുശ്രൂഷിക്കലായി പിന്നത്തെ ജോലി. ഈ സമയത്ത് വല്യുപ്പക്കുവേണ്ടി പത്രങ്ങള്‍ വായിച്ചു വിശദീകരിച്ചു കൊടുക്കുമായിരുന്നു ആഇശ. ചിലതെല്ലാം എഴുതി പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കും. അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്യും. അങ്ങനെയാണ് പത്രങ്ങളുമായുള്ള ബന്ധം തുടങ്ങുന്നത്.

പിതാമഹന്റെ മരണശേഷം അവര്‍ രഹസ്യമായി പഠനം തുടര്‍ന്നു. അധ്യാപക പരിശീലനത്തിനുള്ള തുല്യതാ കോഴ്‌സ് പൂര്‍ത്തീകരിച്ച അവര്‍ മന്‍സൂറയിലെ വനിതാ സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. ഇംഗ്ലീഷ-ഫ്രഞ്ച് ഭാഷ പഠിക്കുന്നത് ഈ സമയത്താണ്. മന്‍സൂറയില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു. അന്നഹ്ദതുന്നിസാഇയ്യ അവരുടെ ധാരാളം കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. താമസം കൈറോവിലേക്ക് മാറ്റിയപ്പോള്‍ പ്രസ്തുത പത്രത്തിന്റെ എഡിറ്റര്‍ ഹാജ: ലബീബ അഹ്മദുമായി ബന്ധപ്പെട്ടു. ആദ്യം പത്രത്തിലേക്ക് അയച്ചുകിട്ടുന്ന ലേഖനങ്ങളിലെ ഭാഷാ പരിശോധനയും തുടര്‍ന്ന് എഡിറ്റോറിയല്‍ എഴുതുവാനും ആഇശയെ ഏല്പിച്ചു. അവസാനം അന്നഹ്ദയുടെ എഡിറ്റര്‍ പദവിയും ഏല്‍ക്കേണ്ടിവന്നു. പ്രമുഖ എഴുത്തുകാരുടെ മാത്രം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അല്‍ഹിലാല്‍, അല്‍ബലാഗ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ബിന്‍തുശ്ശാത്വിഅ്് എന്ന പേരില്‍ എഴുതിത്തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. 1941ല്‍ മാസ്റ്റര്‍ ബിരുദം നേടി.

ആധുനിക അറബി സാഹിത്യത്തിലെ കുലപതിയായ ത്വാഹാ ഹുസൈന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖയാണ് അവര്‍. അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം ടേിയ അവര്‍ ത്വാഹാ ഹുസൈന്റെ മാര്‍ഗദര്‍ശനത്തില്‍ അബുല്‍അലാഉുല്‍ മഅര്‍രിയുടെ രിസാലതുല്‍ ഗുഫ്‌റാന്‍ (പാപമുക്തിയുടെ സന്ദേശം) എന്ന ഗ്രന്ഥത്തെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിനാണ് 1944ല്‍ അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

കൈറോ യൂനിവേഴ്‌സിറ്റിയില്‍ തന്റെ അധ്യാപകനായിരുന്ന അമീനുല്‍ ഖൂലിയായിരുന്നു ആഇശയുടെ ഭര്‍ത്താവ്. 1944ലായിരുന്നു വിവാഹം. 1966ല്‍ മരണമടഞ്ഞ ഭര്‍ത്താവിനെക്കുറിച്ചുള്ള തപ്തസ്മരണകള്‍ അവരുടെ ആത്മകഥയില്‍ കാണാം.

ഐനുശ്ശംസ് യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യവിഭാഗം അധ്യാപിക, യൂനിവേഴ്‌സിറ്റികളുടെ ഉന്നതാധികാര സമിതിയില്‍ അറബിഭാഷാ സ്ഥിരം സമിതി അംഗം, കൈറോ ആസ്ഥാനമായുള്ള കലാ-സാഹിത്യ സംരക്ഷണസമിതി ഉന്നതാധികാര സമിതി അംഗം, അറബ് ലീഗിന്റെ കീഴിലുള്ള അറബ് പഠന-ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍, ഉമ്മുദര്‍മാന്‍, ഖാര്‍ത്തും, കൈറോ, ഖുറഫിയ്യീന്‍, അള്‍ജീരിയ എന്നീ യൂനിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

രാഷ്ട്രത്തെയും യൂനിവേഴ്‌സിറ്റികളെയും പ്രതിനിധീകരിച്ച് അവര്‍ വിവിധ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അറബ്-ഇസ്‌ലാമിക സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച് ബിന്‍തുശ്ശാത്വിഅ് നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ തെരഞ്ഞെടുത്ത അധ്യായങ്ങളുടെ വ്യാഖ്യാനമായ അത്തഫ്‌സീറുല്‍ ബയാനിലില്‍ ഖുര്‍ആനില്‍ കരീം എന്ന ഗ്രന്ഥം പരമ്പരാഗതമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നു ഭിന്നമായി ഖുര്‍ആനിക പദസംഘാതങ്ങളുടെ അമാനുഷികതയും അത്യാകര്‍ഷണീയതയും അനാവരണം ചെയ്യുന്നു.

ഖുര്‍ആന്‍ വ്യാഖ്യാനത്തിനു പുറമെ ഉപന്യാസങ്ങള്‍, കവിത, കഥ, നോവല്‍ എന്നീ മേഖലകളിലും ഡോ.ആഇശ മായാത്ത മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. പ്രവാചക കുടുംബത്തിലെ മഹിളകള്‍ (തറാജുമുസയ്യിദാതിബൈതി ന്നുബുവ്വ) എന്ന ബൃഹത്തായ ഗ്രന്ഥത്തില്‍ നബിയുടെ മാതാവ് ആമിന ബിന്‍ത് വഹബു മുതല്‍ കര്‍ബല രക്തസാക്ഷി ഹുസൈന്‍ പുത്രി സക്കീന വരെയുള്ളവരുടെ ജീവിതകഥ വിവരിക്കുന്നു.

1973ല്‍ അന്‍വര്‍ സാദാതില്‍ നിന്ന് അവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കുവൈത്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും അവാര്‍ഡുകള്‍ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്. 1978ല്‍ ഹുസ്‌നി മുബാറകില്‍നിന്നും അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 

1998 ഡിസംബര്‍ ഒന്നിന് കൈറോവില്‍ വെച്ച് അവര്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.


 

Feedback