Skip to main content

നുഅ്മാന്‍ അലി ഖാന്‍

ലോക പ്രശസ്തനായ അമേരിക്കന്‍മുസ്‌ലിം പ്രസംഗകന്‍. അറബി, ഖുര്‍ആന്‍ പഠന ഗ്രൂപ്പായ 'ബയ്യിന'യുടെസ്ഥാപകന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ 1978 മെയ് നാലിന് ജനനം. അമേരിക്കയിലെ നസാഉ കമ്യൂണിറ്റി കോളെജില്‍ അറബിക് പ്രഫസറായിരിക്കെയാണ് നുഅ്മാന്‍ അലി ഖാന്‍ ബയ്യിന സ്ഥാപിക്കുന്നത്. ലോകത്ത് ഏറ്റവുംകൂടുതല്‍ സ്വാധീനം ചെലുത്തുന്ന 500 മുസ്‌ലിം പണ്ഡിതരില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്‌ലാമിക സ്ട്രാറ്റജി സ്റ്റഡി സെന്റര്‍ തെരഞ്ഞെടുത്തു. ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ലോകപ്രശ്‌സതമാണ്. ടെക്‌സാസിലെ ഡള്ളാസിലാണ് ഇപ്പോള്‍ താമസം.

സുഊദി തലസ്ഥാനമായ റിയാദില്‍വെച്ചാണ് അദ്ദേഹം അറബി ഭാഷ പഠിക്കുന്നത്. പിന്നീട് പാകിസ്താനിലെ ലാഹോറിലേക്കും ഇസ്‌ലാമാബാദിലേക്കും പോയി. അവിടെവെച്ച് ഉറുദു ഭാഷ സ്വായത്തമാക്കി. 1999ല്‍ അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം അറബിക് പരിശീലനം ആരംഭിച്ചു. ലോകവ്യാപകമായി 10,000ത്തോളം വിദ്യാര്‍ഥികളുണ്ട് അദ്ദേഹത്തിന് എന്നാണ് കണക്കുകള്‍. ഖുര്‍ആനെ മനസ്സിലാക്കാന്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതിന്റെ അടിസ്ഥാനഭാഷയായ അറബി പഠിക്കുകയാണെന്ന സമീപനമാണ് നുഅ്മാന്‍ അലിഖാന്റെ 'ബയ്യിന' മുന്നോട്ടുവയ്ക്കുന്നത്. 2005ല്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ആരംഭിച്ച പ്രസ്ഥാനം ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന സംവിധാനങ്ങളില്‍ ഒന്നാണ്.

Feedback