Skip to main content

ഇബ്‌നു ജുറൈജ്

ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനും. പൂര്‍ണനാമം അബ്ദുല്‍ മലികിബുനു അബ്ദില്‍ അസീസിബ്‌നി ജുറൈജ്. അബുല്‍ വലീദ്, അബൂ ഖാലിദ് എന്നിങ്ങനെ വിളിപ്പേരുകളുണ്ട്. ഇബ്‌നു ജുറൈജ് എന്ന പേരിലും അറിയപ്പെടുന്നു. ഹി.80 ക്രി. 700ല്‍ മക്കയില്‍ ജനിച്ചു. പൂര്‍വികര്‍ റോമക്കാരായിരുന്നു. പിതാമഹന്‍ ജുറൈജ് അടിമയായിരുന്നു. അടിമകളെ ഉടമകളുടെ കുലത്തോട് ചേര്‍ത്തുപറയുന്ന ഖുറൈശി സമ്പ്രദായമനുസരിച്ച് അബ്ദുല്‍ മലിക്, ഖുറൈശി കുലജാതനായി ഗണിക്കപ്പെട്ടുപോരുന്നു.

പിതാവ് അബ്ദുല്‍ അസീസ് അത്വാഉബ്‌നു അബീറബാഹ്, സൈദുബ്‌നു അസ്‌ലം, സുഹ്‌രി, അംറുബ്‌നു ദീനാര്‍, അബുസ്സുബൈര്‍, മുഹമ്മദുബ്‌നുല്‍ മുന്‍കദിര്‍, അയ്യൂബുസ്സഖ്തിയാനി, ജഅഫറുസ്സ്വാദിഖ്, സുലൈമാനുല്‍ അഹ്‌വല്‍ തുടങ്ങിയ ധാരാളം പണ്ഡിതന്‍മാരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തു. പുത്രന്‍മാരായ അബ്ദുല്‍ അസീസ്, മുഹമ്മദ് എന്നിവര്‍ക്ക് പുറമേ ഔസാഈ, ലൈസ്, യഹ്‌യബ്‌നു സഈദ്, ഹമ്മാദുബ്‌നു സൈദ്, ഇബ്‌നുഉയൈന, ഇബ്‌നുല്‍മുബാറക്, വകീഅ് തുടങ്ങിയവര്‍ അബ്ദുല്‍ മലികില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തവരില്‍പ്പെടുന്നു. അത്വാഅ്, അംറുബ്‌നു ദീനാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ഹദീസ് നിവേദനത്തില്‍ വിശ്വാസയോഗ്യനായി പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പില്കാലക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

ഇമാം മാലികിന്റെ സമകാലികനാണ് ഇബ്‌നു ജുറൈജ്. ഇദ്ദേഹം മക്കയിലും ഇമാം മാലിക് മദീനയിലും ജീവിച്ചു. ഹറമിലെ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇബ്‌നുജുറൈജ് അബ്ബാസി ഖലീഫ മന്‍സൂറിന്റെ ഭരണകാലത്ത് ബഗ്ദാദിലേക്ക് താമസം മാറ്റി. ബസ്വറയില്‍ കുറേക്കാലം ഹദീസ് പഠിപ്പിച്ചു. ഹി.149/ക്രി. 767ല്‍ മക്കയില്‍ മരിച്ചു. 

 


 

References

 
ഇസ്‌ലാം വിജ്ഞാന കോശം

Feedback