Skip to main content

ഡോ. വി അബ്ദുറഹീം

പ്രമുഖ വിവര്‍ത്തകനും പണ്ഡിതനും മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ അച്ചടികേന്ദ്രം ഡയറക്ടറുമാണ് തമിഴ്‌നാട് സ്വദേശിയായ ഡോ. വി അബ്ദുറഹീം. മൂന്ന് പതിറ്റാണ്ടുകളായി വിവര്‍ത്തനമേഖലയില്‍ സേവനമനുഷ്ഠിച്ച ഡോ അബ്ദുറഹീം 77ലധികം ഭാഷകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനം പുറത്തിറക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

Dr v Abdur Raheem

1933ല്‍ തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ ജനിച്ചു. സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം മദ്രാസ് സര്‍വകലാശാലയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. അവിടെ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടി. 1973ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്‌റേറ്റ് നേടി. മദീന ഇസ്‌ലാമിക് സര്‍വകലാശാലയില്‍ അറബി ഭാഷ പഠിപ്പിക്കുന്ന വിഭാഗത്തില്‍ അധ്യാപകനായാണ് സുഊദിയിലെത്തിയത്. 30 വര്‍ഷത്തെ സേവനത്തിനിടയില്‍ സര്‍വകലാശാലയിലെ മിക്ക പാഠ്യപദ്ധതികളും അദ്ദേഹം വികസിപ്പിച്ചെടുത്തു. കുറച്ചുകാലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് അറബിക് ആസ് എ ഫോറിന്‍ ലാംഗ്വേജ് ഡയരക്ടറായും പ്രവര്‍ത്തിച്ചിരുന്നു. 1995ല്‍ ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ അച്ചടി കേന്ദ്രത്തിലെ പരിഭാഷാ വിഭാഗത്തില്‍ ഡയറക്ടറായി നിയമിതനായി. 

മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കു പുറമെ ഒംദുര്‍മാന്‍ സുഡാന്‍, കാര്‍ത്തൂം യൂണിവേഴ്‌സിറ്റി സുഡാന്‍, ജര്‍മ്മനി, വാഷിംഗ്ടണ്‍ ഡി.സി, ബ്രിട്ടീഷ് ഗയാന എന്നിവിടങ്ങളിലെ അറബിക് സ്ഥാപനങ്ങളിലും അറബിക് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

അറബിക് അധ്യാപനത്തില്‍ വിപ്ലവം സൃഷ്ടിച്ച നൂതന അധ്യാപന രീതികളും പെഡഗോഗിക്കല്‍ സമീപനങ്ങളുമാണ് ഡോ. റഹീമിന്റെ കരിയര്‍ അടയാളപ്പെടുത്തിയത്. 1969-ല്‍ അറബി ഭാഷാശാസ്ത്രം പഠിപ്പിക്കാന്‍ മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നപ്പോള്‍, അറബിയെ ഒരു വിദേശ ഭാഷയായി പഠിപ്പിക്കുന്ന പ്രോഗ്രാമുമായി അദ്ദേഹം ബന്ധപ്പെട്ടു. ഈ ആവശ്യത്തിനായി അദ്ദേഹം രൂപകല്പന ചെയ്ത കോഴ്‌സ് ഇപ്പോള്‍ അറിയപ്പെടുന്നത് دروسُ اللغةِ العربيةِ لـغير الناطقين بـها (Durûs al Lughah al'Arabiyah li Ghair al Nâtiqina Bihâ) എന്നാണ്.
 
തനിയെ അറബി പഠിക്കുമ്പോള്‍, അബ്ദുറഹീം അറബി ഭാഷ പഠിക്കാത്ത വിദ്യാര്‍ഥികളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ പഠിക്കുകയും അവ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തഖ്ദിമല്‍ ഉസൂല്‍ അലല്‍ഫുറൂ' എന്ന തത്ത്വം പ്രയോഗിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങളെല്ലാം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി.
 
പൗരസ്ത്യ അന്തര്‍ദേശീയ ഭാഷകള്‍ ഉള്‍പ്പടെ 14 ഭാഷകളില്‍ പ്രവീണ്യം നേടി. ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍, ഹിന്ദി, തമിഴ്, ഫ്രഞ്ച്, ജര്‍മന്‍, ഗ്രീക്ക്, ടര്‍ക്കിഷ്, ഹിബ്രു, അരാമിക്, സംസ്‌കൃതം, എസ്പറാന്റോ എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് വ്യുത്പത്തിയുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മദ്രാസ് സര്‍വ്വകലാശാലയിലെ അറബിക്, പേര്‍ഷ്യന്‍ & ഉറുദു വകുപ്പില്‍ നിന്ന് മികച്ച അറബി പണ്ഡിതനുള്ള 'മദ്ഹൂര്‍റസൂല്‍ സദഖത്തുള്ള അപ്പ' അവാര്‍ഡ് 2012ല്‍ ലഭിച്ചു. 1997ല്‍ ഇന്ത്യന്‍ രാഷ്ട്രപതി നല്‍കിയ 'മികച്ച അറബി പണ്ഡിതനുള്ള' ദേശീയ അവാര്‍ഡ് ലഭിച്ചു. ഡോ ശങ്കര്‍ദയാല്‍ ശര്‍മയില്‍ നിന്നാണ് ഈ അവാര്‍ഡ് സ്വീകരിച്ചത്.

2023 ഒക്ടോബര്‍ 19 ന് സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് 90ാം വയസ്സില്‍ മരണപ്പെട്ടു.

പ്രധാന ഗ്രന്ഥങ്ങള്‍:

  • Remembering the Hijrah
  • Three Stories From Our Glorious Past
  • I am Proud to be a Muslim
  • At the Well of Madyan
  • Suurat al-Israa – Focus on Major Islamic Duties
  • Iththaaqaltum – with student’s feedback
  • Arabic Philology – 2 Profound Specialised Dictionaries
  • Gulistan-e-Alfaz-wa-Maani (in Urdu)
  • إقسامُ الأَيْمَانِ في أقسامِ القرآن
  • سحر الألحاظ في شعر الألفاظ
Feedback