Skip to main content

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി

ആറു പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രബോധനരംഗത്ത് നിറഞ്ഞുനിന്ന അപൂര്‍വ വ്യക്തിത്വത്തിന്നുടമയാണ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.

1917 സപ്തംബര്‍ 22ന് ഈജിപ്തിലെ നൈല്‍ നദീതീരത്തുള്ള ബുഹൈറ ജില്ലയിലെ നുക്‌ല -അല്‍ഇനബ് ഗ്രാമത്തില്‍ ശൈഖ് ഗസ്സാലി ജനിച്ചു. ശൈഖ് സലീമുല്‍ബിശ്‌റി, ശൈഖ് മുഹമ്മദ് അബ്ദു, ശൈഖ് മഹമൂദ് ശല്‍ത്തൂത്, ശൈഖ് ഹസനുല്‍ബന്ന, ഡോ.മുഹമ്മദുല്‍ ബഹിയ്യ, ശൈഖ് മുഹമ്മദുല്‍ മദനി തുടങ്ങിയ അനേകം പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഗ്രാമമാണിത്. ഹുജ്ജതുല്‍ ഇസ്‌ലാം അബൂഹാമിദുല്‍ ഗസ്സാലിയോടുള്ള അതിരറ്റ സ്‌നേഹബഹുമാനങ്ങള്‍ കാരണമായാണ് പിതാവ് തന്റെ മകന് ഗസ്സാലി എന്ന പേര്‍ നല്‍കിയത്. ഏഴു മക്കളില്‍ മൂത്തവനായിരുന്നു മുഹമ്മദുല്‍ ഗസ്സാലി. ഗ്രാമത്തിലെ പാഠശാലയില്‍ നിന്ന് പ്രാഥമിക പാഠങ്ങള്‍ പഠിച്ച ഗസ്സാലി പത്താം  വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത അലക്‌സാണ്ട്രിയയിലെ ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1937ല്‍ കൈറോവിലെ ഉസൂലുദ്ദീന്‍ കോളെജില്‍ ചേര്‍ന്നു. 1941ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ഇസ്‌ലാമിക പ്രബോധനത്തില്‍ സ്‌പെഷ്യലൈസേഷനോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. അസ്ഹറിലെ ശൈഖ് അസ്സര്‍ഖാനി, ശൈഖ് മഹ്മൂദ് ശല്‍ത്തൂത് തുടങ്ങിയവരില്‍ നിന്ന് വിദ്യയഭ്യസിച്ചു. ഉസ്വൂലുദ്ദീന്‍ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം പള്ളിയിലെ ഇമാമും ഖതീബുമായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് അദ്ദേഹം വിവാഹിതനായത്. ഒമ്പത് സന്താനങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേര്‍ മരണമടഞ്ഞു. 1943ല്‍ പോസ്റ്റ് ഗ്രാജ്വേഷന് തുല്യമായ അധ്യാപക രംഗത്തുള്ള സ്‌പെഷ്യലൈസേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

പഠനകാലത്ത് തന്നെ സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ശൈഖ് ഗസ്സാലി വഫ്ദ് പാര്‍ട്ടിയില്‍ അംഗവും അതിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

ഇഖ്‌വാനുല്‍ മുസ്‌ലിമീനില്‍ ചേര്‍ന്ന ഗസ്സാലി അതിന്റെ മുഴുസമയ പ്രവര്‍ത്തകനായി മാറി. പഠനം പൂര്‍ത്തിയാക്കി അസ്ഹറില്‍ ജോലി ആരംഭിച്ചതോടെ കൈറോവിലെ ഇഖ്‌വാന്റെ കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. 

നാല്പതുകളില്‍ ഇഖ്‌വാന്റെ മുന്‍നിരയിലുണ്ടായിരുന്ന ശൈഖ് ഗസ്സാലി 49ല്‍ ഇഖ്‌വാന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് കൂട്ടത്തോടെ ജയിലില്‍ അടച്ചപ്പോള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. 

ഇഖ്‌വാന്‍ നേതൃത്വത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോള്‍ ശൈഖ് ഗസ്സാലി ഇഖ്‌വാനില്‍നിന്നും പുറത്താക്കപ്പെട്ടു. പക്ഷേ അതിനുശേഷവും ശൈഖ് സംഘടനയുമായി നല്ല ബന്ധം പുലര്‍ത്തി. ഇഖ്‌വാനുമായുള്ള വിയോജിപ്പ് അധികനാള്‍ നീണ്ടുനിന്നില്ല. വീണ്ടും നേതൃനിരയിലെത്തിയ ശൈഖിനെ അറസ്റ്റുചെയ്തു ത്വുര്‍ ജയിലിലടച്ചു. 

ആദ്യകാലങ്ങളില്‍ മസ്ജിദുല്‍ അംറിലെ അദ്ദേഹത്തിന്റെ ഖുതുബ പ്രസംഗം കേള്‍ക്കാന്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നുമെത്തുന്നവരുടെ എണ്ണം മുപ്പതിനായിരത്തിലധികമായിരുന്നുവത്രെ. പക്ഷേ ഏറെത്താമസിയാതെ ഗസ്സാലിയുടെ ഖുതുബയ്ക്ക് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

സുഊദി അറേബ്യയിലേക്ക് താമസം മാറ്റിയ ശൈഖ് ഏഴുവര്‍ഷക്കാലം കിംഗ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയിലും മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. സുഊദി അറേബ്യയില്‍ വിവിധ പ്രബോധന രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ദിനേനയുള്ള റേഡിയോ പ്രഭാഷണവും ആഴ്ചയില്‍ നിര്‍വഹിച്ചിരുന്ന ടിവി പരിപാടിയും ലോകശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഖത്തര്‍, അല്‍ജീരിയ, കുവൈത്ത് എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഖീദതുല്‍ മുസ്‌ലിം, ഖുലുഖുല്‍ മുസ്‌ലിം, മഅല്ലാഹ്, ദിറാസതുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്, മുശ്കിലാതുന്‍ ഫീ ത്വരീഖില്‍ ഹയാതില്‍ ഇസ്‌ലാമിയ്യ, ഫീ മൗകിബിദ്ദഅ്‌വ, ഹുമൂമുദ്ദാഇയ, ദുറുല്‍ വഹ്ദതിസ്സഖാഫിയ്യ ബൈനല്‍ മുസ്‌ലിമീന്‍, ജിഹാദുദ്ദഅ്‌വതി ബൈന അജദ്‌സിദ്ദാഖിര്‍ വകൈദില്‍ ഖാരിജ്, അല്‍ജാനിബുല്‍ ആത്വിഫിയ്യ മിനില്‍ ഇസ്‌ലാം, ഫിഖ്ഹുസ്സീറ തുടങ്ങി അമ്പതോളം അമൂല്യ ഗ്രന്ഥങ്ങളുടെ ഉടമയാണദ്ദേഹം. 

ഇസ്്‌ലാമിക പാരമ്പര്യ ചിന്താഗതിയില്‍നിന്ന് പലപ്പോഴും മാറിചിന്തിക്കാറുള്ള അദ്ദേഹത്തിന്റെ രചനാരീതി പലപ്പോഴും പണ്ഡിതവൃത്തത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 'അസ്സുന്നതുന്നബവിയ്യ ബൈന അഹ്‌ലില്‍ ഫിഖ്ഹി വ അഹ്‌ലില്‍ ഹദീസ്' എന്ന കൃതി അതിന്റെ മികച്ച ഉദാഹരണമാണ്. ബുദ്ധിക്കു നിരക്കാത്തതും ഖുര്‍ആനിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നു തോന്നുന്നതുമായ ഹദീസുകളെ അദ്ദേഹം ചോദ്യം ചെയ്തതും, സ്ത്രീ നിഖാബ്(മുഖംമൂടി) ധരിക്കണമെന്നതിന് ശറഇല്‍ അടിസ്ഥാനമില്ലെന്നും സ്ത്രീകള്‍ക്ക് കൈകാര്യാധികാരമാവാമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അറബ്-ഇസ്‌ലാമിക ലോകത്ത് നടക്കുന്ന വൈജ്ഞാനിക സാംസ്‌കാരിക സെമിനാറുകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം യൂറോപ്പ്- അമേരിക്ക തുടങ്ങിയ പാശ്ചാത്യ  രാഷ്ട്രങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനാണ്. അറബ്-മുസ്‌ലിം ലോകത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന മിക്ക പത്രമാസികകളിലും അദ്ദേഹം എഴുതാറുണ്ട്.

ഇസ്‌ലാമിക പഠനങ്ങള്‍ക്കുള്ള 1993ലെ കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് അടക്കം പല അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 

1996 മാര്‍ച്ച് 10ന് (ഹി. 1416 ശവ്വാല്‍ ഇരുപതിന്) സുഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സുഊദി നേഷണല്‍ ഗാര്‍ഡിന്റെ ദേശീയാഘോഷ പരിപാടിയില്‍ ഇസ്്‌ലാമും പടിഞ്ഞാറും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കാനെത്തിയ അദ്ദേഹം പരിപാടി നടന്നുകൊണ്ടിരിക്കെ രോഗബാധിതനാവുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമാണുണ്ടായത്. മരണത്തിനു മുമ്പുള്ള വസ്വിയ്യത്ത് അനുസരിച്ച് മദീനയിലെ ബഖീഇലാണ് അദ്ദേഹം ഖബറടക്കപ്പെട്ടത്.


 

Feedback